05 June Monday

ഇത‌് കാടത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 25, 2018


ചെറിയൊരു ഇടവേളയ‌്ക്കുശേഷം ശബരിമലയിൽ വീണ്ടും സംഘർഷാന്തരീക്ഷം വളർത്തുകയാണ‌്.  ഈ തീർഥാടനകാലത്ത‌്  യുവതികൾ ശബരിമല പ്രവേശനത്തിന‌് എത്തിയതുമായി ബന്ധപ്പെട്ട‌് പ്രതിഷേധവും സംഘർഷവും രൂപപ്പെട്ടത‌് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ‌്‌. എന്നാൽ, ബിജെപിയും മറ്റ‌് തൽപ്പരകക്ഷികളും ചേർന്ന‌് ശബരിമലയിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയത‌് നിരവധിതവണയാണ‌്. ഈ ഘട്ടങ്ങളിലെല്ലാം  അവസരോചിതവും ബുദ്ധിപൂർവവുമായ ഇടപെടലിലൂടെ പൊലീസിന‌് സമാധാനഭംഗം ഒഴിവാക്കാനായി. ബിജെപി സംസ്ഥാന നേതൃത്വം സർക്കുലർ അയച്ച‌് ആളുകളെ വരുത്തിയാണ‌് ശബരിമലയിൽ സ‌്ത്രീകളെ തടഞ്ഞത‌്. ഒരു ദിവസം  നാമജപം തടഞ്ഞെന്ന‌് ആരോപിച്ചാണ‌് എറണാകുളത്തെ ആർഎസ‌്എസ‌് കാര്യവാഹകും സംഘവും പൊലീസിന‌് നേരെ കടന്നാക്രമണത്തിന‌് തയ്യാറായത‌്. ഹരിവരാസനം പാടി നട അടച്ചശേഷമായിരുന്നു ഈ പേക്കൂത്ത‌്. മറ്റൊരുദിവസം വൽസൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പതിനെട്ടാം പടിയിലായിരുന്നു താണ്ഡവം. ഇതൊന്നും യുവതികൾ വന്നതിന്റെ പേരിലായിരുന്നില്ല. പ്രായംചെന്ന സ‌്ത്രീകളെപോലും പ്രായപരിശോധനയ‌്ക്ക‌് വിധേയരാക്കുകയും തലയ‌്ക്ക‌് തേങ്ങയടിക്കുയും ചെയ‌്തു. മുൻകൂട്ടി ചുമതലനൽകി നിർത്തിയ ക്രിമിനലുകൾ എന്തെങ്കിലും കാരണമുണ്ടാക്കി ബഹളംവയ‌്ക്കുമ്പോൾ ചുറ്റുംകൂടുന്ന സാധാരണ തീർഥാടകരെക്കൂടി ചേർത്ത‌് ഭക്തരുടെ പ്രതിഷേധമെന്ന പ്രതീതി സൃഷ‌്ടിക്കുകയാണിവർ.

ഹൈക്കോടതിയുടെ നിർദേശപ്രകാരം ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം അട്ടിമറിക്കാൻപോലും ബിജെപി ഉന്നതനേതാക്കൾതന്നെ രംഗത്തിറങ്ങി. ഇതിനായി കേന്ദ്രമന്ത്രിമാർ നേരിട്ടെത്തി പൊലീസ‌് ഉദ്യോഗസ്ഥരുമായി കലഹിക്കുന്ന കാഴ‌്ചയും കേരളം കണ്ടു. തങ്ങളും മോശമാകരുതല്ലോ എന്നു കരുതി യുഡിഎഫ‌് നേതാക്കളും അറസ്റ്റ‌് വരിക്കാനെത്തി നാണംകെട്ടുമടങ്ങി.  ഒരു പ്രകോപനത്തിനും അടിപ്പെടാതെ,  തീർഥാടകർക്ക‌്  പ്രയാസമുണ്ടാക്കാതെയാണ‌് പൊലീസ‌് ഈ സന്നിഗ‌്ധഘട്ടങ്ങളെയെല്ലാം നേരിട്ടത‌്. ഇതിനിടയിൽ അയ്യപ്പദർശനത്തിനെത്തിയ ഏതാനും യുവതികൾക്ക‌് സംരക്ഷണം നൽകാൻ പൊലീസ‌് സന്നദ്ധമായെങ്കിലും അക്രമഭീഷണി കാരണം അവർക്ക‌് സന്നിധാനത്തിൽ എത്താനായില്ല. അക്രമാസക്തരാകുന്ന പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നേരിട്ട‌് ശബരിമലയിൽ ചോരവീഴ‌്ത്താൻ തയ്യാറല്ലെന്ന യുക്തിസഹമായ നിലപാടാണ‌് പൊലീസ‌് സ്വീകരിച്ചത‌്.

പ്രതിഷേധക്കാരുടെ ദുഷ്ടലാക്കും പൊലീസ‌് അധികൃതരുടെ ശരിയായ പ്രതിരോധവും ജനങ്ങൾക്ക‌് ബോധ്യപ്പെട്ട സാഹചര്യത്തിലാണ‌് ബിജെപിക്ക‌് ശബരിമലയിലെ സമരവേദി ഉപേക്ഷിച്ച‌് സെക്രട്ടറിയറ്റ‌് പടിക്കലേക്ക‌് ചേക്കേറേണ്ടി വന്നത‌്. സർക്കാരും പൊലീസും ശബരിമലയെ തകർക്കുന്നുവെന്നും നിരോധനാജ്ഞ തീർഥാടകർക്ക‌്  ബദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കാണിച്ച‌് നിരവധി ഹർജികൾ ഹൈക്കോടതിയിൽ നൽകിയിട്ടും സംഘപരിവാറിന‌് നിരാശയായിരുന്നു ഫലം

പ്രതിഷേധക്കാരുടെ ദുഷ്ടലാക്കും പൊലീസ‌് അധികൃതരുടെ ശരിയായ പ്രതിരോധവും ജനങ്ങൾക്ക‌് ബോധ്യപ്പെട്ട സാഹചര്യത്തിലാണ‌് ബിജെപിക്ക‌് ശബരിമലയിലെ സമരവേദി ഉപേക്ഷിച്ച‌് സെക്രട്ടറിയറ്റ‌് പടിക്കലേക്ക‌് ചേക്കേറേണ്ടി വന്നത‌്. സർക്കാരും പൊലീസും ശബരിമലയെ തകർക്കുന്നുവെന്നും നിരോധനാജ്ഞ തീർഥാടകർക്ക‌്  ബദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കാണിച്ച‌് നിരവധി ഹർജികൾ ഹൈക്കോടതിയിൽ നൽകിയിട്ടും സംഘപരിവാറിന‌് നിരാശയായിരുന്നു ഫലം. സർക്കാരിന്റെയും സ‌്പെഷ്യൽ കമീഷണറുടെയും വിശദീകരണങ്ങളിൽ തൃപ‌്തി രേഖപ്പെടുത്തിയ ഹൈക്കോടതി, അക്രമികളെ നേരിടാൻ  നിലവിലുള്ള സാഹചര്യത്തിൽ നിരോധനാജ്ഞ ആവശ്യമാണെന്നും വിലയിരുത്തി. ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ രണ്ട‌് ജസ്റ്റിസുമാരും മുതിർന്ന ഐപിഎസ‌് ഉദ്യോഗസ്ഥനും അടങ്ങുന്ന സമിതിയേയും നിയോഗിച്ചു. ഇതോടെ സമരക്കാർക്ക‌്  പിടിവള്ളി നഷ്ടമായി.

നിരീക്ഷകസമിതിയും ശബരിമലയിൽ എല്ലാം തൃപ‌്തികരമായി നടക്കുന്നതായി ഹൈക്കോടതിക്ക‌് റിപ്പോർട്ട‌് നൽകി. പൊലീസ‌് പിടികൂടിയ അക്രമികളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടും സുപ്രധാന നിരീക്ഷണങ്ങൾ ഹൈക്കോടതി നടത്തി.  സർക്കാരിന്റെയും പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും നടപടികൾ ശരിവയ‌്ക്കുന്നതായിരുന്നു  ഇവയെല്ലാം.

ശബരിമലയെ ദക്ഷിണേന്ത്യയിലെ അയോധ്യയാക്കാൻ കച്ചകെട്ടിയവർ  ജനങ്ങളിൽനിന്ന‌് ഒറ്റപ്പെട്ടത‌് മേൽപറഞ്ഞ സാഹചര്യത്തിലാണ‌്. തുടരെ ഹർത്തലും നാട്ടിലെങ്ങും അക്രമവും നടത്തി കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു  ലക്ഷ്യം

ശബരിമലയെ ദക്ഷിണേന്ത്യയിലെ അയോധ്യയാക്കാൻ കച്ചകെട്ടിയവർ  ജനങ്ങളിൽനിന്ന‌് ഒറ്റപ്പെട്ടത‌് മേൽപറഞ്ഞ സാഹചര്യത്തിലാണ‌്. തുടരെ ഹർത്തലും നാട്ടിലെങ്ങും അക്രമവും നടത്തി കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു  ലക്ഷ്യം.  ഭരണ സംവിധാനങ്ങളുടെ ക്ഷമാപുർവമായ നടപടികളും എൽഡിഎഫിന്റെ ജനകീയ റാലികളുമാണ‌് ഈ അന്തരീക്ഷത്തെ മാറ്റിയെടുത്തത‌്.  സംഘപരിവാർ സൃഷ‌്ടിച്ച ഭീതിയെത്തുടർന്ന‌് ആദ്യഘട്ടത്തിൽ പിൻവാങ്ങിനിന്ന തീർഥാടകർക്ക‌്  ആത്മവിശ്വാസം പകരാൻ സർക്കാരിനായി. അയ്യപ്പഭക്തരുടെ ഒഴുക്ക‌് ശക്തമായി പുനരാരംഭിച്ച ഘട്ടത്തിലാണ‌് സന്നിധാനത്തെ വീണ്ടും സംഘർഷഭൂമിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നത‌്.

തമിഴ‌്നാട്ടിൽനിന്നുള്ള ‘മനിതി’ സംഘടനയുടെ പ്രവർത്തകരായ 11 യുവതികൾ ശബരിമലയിൽ എത്തിയതോടെയാണ‌് മുതലെടുപ്പ‌് സമരത്തിന‌് വീണ്ടും അവസരമായത‌്. യുവതികൾക്ക‌് ശബരിമല ദർശനത്തിന‌്  സംരക്ഷണം ആവശ്യപ്പെട്ട‌്  ‘മനിതി’ സർക്കാരിനെയും പൊലീസിനെയും സമീപിച്ചിരുന്നു. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായും സംരക്ഷണം നൽകാമെന്ന മറുപടിയേ സർക്കാരിന‌് നൽകാനാവൂ. ശബരിമലയിൽ നിലവിലുള്ള സമാധാനാന്തരീക്ഷത്തിൽ താൽപ്പര്യമുള്ള യുവതികൾക്ക‌് ദർശനം നടത്താൻ തടസ്സമൊന്നുമില്ല. എന്നാൽ, തങ്ങളുടെ കാറ്റുപോയ സമരത്തിന‌് ജീവൻവയ‌്പ്പിക്കാനാണ‌് സംഘപരിവാർ ശ്രമിച്ചത‌്. ‘മനിതി’ സംഘത്തെ പല സ്ഥലങ്ങളിലും  കടന്നാക്രമിക്കാൻ ശ്രമം നടന്നു. പമ്പയിൽ മണിക്കൂറുകളോളം തടഞ്ഞുവച്ച യുവതികൾക്ക‌് പിന്നാലെ പേപ്പട്ടികളെപോലെ  പാഞ്ഞടുത്ത ക്രിമിനലുകളിൽനിന്ന‌്  രക്ഷനേടാൻ അവർ പൊലീസ‌് ക്യാമ്പിലേക്ക‌് ഓടിക്കയറി.

ബലപ്രയോഗം ക്ഷണിച്ചുവരുത്തി ശബരിമലയിൽ ബലിദാനിയെ സൃഷ‌്ടിക്കാനും കേരളമാകെ കലാപം പടർത്താനുമുള്ള പദ്ധതി പൊലീസിന്റെ സമചിത്തതമൂലം യാഥാർഥ്യമായില്ല. തിങ്കളാഴ‌്ച  രണ്ട‌് മലയാളി യുവതികൾ മലകയറാൻ എത്തിയപ്പോഴും ഫാസിസ്റ്റ‌് തേർവാഴ‌്ചയ‌്ക്ക‌്  കേരളം സാക്ഷ്യംവഹിച്ചു. ചന്ദ്രാനന്ദൻ റോഡിൽനിന്ന‌് പൊലീസ‌്  ഇവരെ  രക്ഷിച്ച‌് പുറത്തെത്തിച്ചു. ഇരുവരെയും പിന്തുടർന്ന‌് ആക്രമിച്ചു. കൊയിലാണ്ടിയിലും പെരിന്തൽമണ്ണയിലും ഇവരുടെ വീടുകൾക്ക‌് നേരെ ആക്രമണം  ഉണ്ടായി. ‘മനിതി’ സംഘത്തിലെ മൂന്നു യുവതികൾക്ക‌് നേരെ തിരുവനന്തപുരത്ത‌് നടന്ന അക്രമവും ആക്രോശവും തെറിവിളിയും പരിഷ‌്കൃതസമൂഹത്തെ ലജ്ജിപ്പിച്ചു. പ്രതിപക്ഷവും ചില മാധ്യമങ്ങളും മാത്രമാണ‌് തീക്കളിക്ക‌് ഇന്ധനം പകരുന്നത‌്. ഈ കാടത്തത്തെ തുറന്നെതിർക്കുന്നതാണ‌്  കേരളത്തിന്റെ പൊതുബോധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top