23 July Tuesday

വിജയം ഒരുമയുടെ കരുത്തിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


ഈ നൂറ്റാണ്ടിൽ കേരളം കണ്ട വലിയ പ്രളയക്കെടുതിയിൽപ്പെട്ട ഭൂരിപക്ഷം പേരെയും രക്ഷിച്ചു. മഴ കുറഞ്ഞത‌് രക്ഷാപ്രവർത്തനത്തി‌ന്  വേഗം വർധിപ്പിച്ചെന്നു മാത്രമല്ല വെള്ളക്കെട്ടിനും കുറവുണ്ടായി. ഡാമിൽനിന്ന‌് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവിനും കുറവുണ്ടായി. ഇതോടെ പലരും വീടുകളിലേക്ക‌് തിരിച്ചുപോകാനും തുടങ്ങി. 5645 ക്യാമ്പിലായി 7,24,649 പേർ ഇപ്പോഴും കഴിയുന്നുണ്ട‌്. റോഡ‌ുഗതാഗതം പുനഃസ്ഥാപിച്ചുവരുന്നു. റെയിൽഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. റെഡ‌്അലർട്ട‌് പിൻവലിച്ചു. വെള്ളം ഇറങ്ങിയതോടെയാണ‌് കെടുതിയുടെ ആഴം ബോധ്യപ്പെടുന്നത‌്. റോഡുകൾ പലതും തകർന്നു. വീടുകൾക്ക‌് പലതിനും ബലക്ഷയമുണ്ട‌്. രക്ഷാപ്രവർത്തനം പൂർണമാകുന്നതോടെ പുനരധിവാസ പ്രവർത്തനത്തിന‌് മുൻതൂക്കം നൽകുമെന്ന‌് മുഖ്യമന്ത്രിതന്നെ പറഞ്ഞു. മാലിന്യങ്ങൾ നീക്കുന്നതിനും പകർച്ചവ്യാധി തടയുന്നതിനും പഞ്ചായത്ത‌് അടിസ്ഥാനത്തിൽ സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ‌് നൽകി.

ഈ പ്രളയത്തിന്റെ ആകസ്മികതയ്ക്ക് വഴിതെളിച്ചത് നീണ്ടുനിന്ന മഴയാണ്. ഇത്തരമൊരു ദുരന്തം മറ്റൊരു പ്രദേശത്തേക്കാൾ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുക കേരളംപോലുള്ള സംസ്ഥാനത്താണ്. ഇതിന് പല കാരണമുണ്ട്. ദേശീയ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 382 ആണെങ്കിൽ കേരളത്തിലത് 860 ആണ്, 10 ശതമാനത്തോളം പ്രദേശം സമുദ്ര നിരപ്പിനു താഴെയാണ്. 41 നദി അറബിക്കടലിലേക്ക് ഒഴുകുകയാണ്. 80 ഡാമും പ്രത്യേകം പ്രത്യേകം നദീതടങ്ങളും കേരളത്തിലുണ്ട്. ഈ സവിശേഷതകൾ കണക്കിലെടുത്താണ‌്  പ്രളയക്കെടുതി നേരിടുന്നതിനുള്ള സംവിധാനം സംസ്ഥാന സർക്കാർ ഒരുക്കിയത്. ഏതെങ്കിലും ഒരു പ്രദേശത്തുമാത്രം ഒതുങ്ങിയ ഒരു ദുരന്തമായിരുന്നില്ല ഇത്. നദികളും തണ്ണീർത്തടങ്ങളും കരകവിഞ്ഞൊഴുകി. പുഴ വഴിമാറി ഒഴുകി. ഡാമുകൾ നിറഞ്ഞുകവിഞ്ഞു. റോഡും റെയിൽ സംവിധാനങ്ങളും തടയപ്പെട്ടതോടെ ഗതാഗത സംവിധാനങ്ങളും ഇല്ലാതായി. ജലമാർഗമാണെങ്കിൽ നദികളിലെ കുത്തൊഴുക്ക് കാരണം രക്ഷാപ്രവർത്തനം നടത്താൻ പ്രയാസം സൃഷ്ടിച്ചു. മോശം കാലാവസ്ഥ ഹെലികോപ്റ്ററുകളുടെ പ്രവർത്തനത്തിനും പ്രശ്നങ്ങൾ സൃഷ്ടിച്ചു.

തികച്ചും വെല്ലുവിളി ഉയർത്തുന്ന ഈ സാഹചര്യത്തെ നേരിട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് നീങ്ങിയത്. കിട്ടാവുന്ന എല്ലാ ഘടകങ്ങളെയും യോജിപ്പിച്ച് ഭരണയന്ത്രത്തിന്റെ കരുത്തിലും ജനങ്ങളുടെ ഉന്നതമായ മനുഷ്യസ്നേഹത്തിലും ഊന്നിയാണ‌് ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം സർക്കാരിന് ലഭിച്ചത‌്.ദുരന്തങ്ങൾ മുൻകൂട്ടികണ്ടുള്ള മുന്നറിയിപ്പുകളും സംസ്ഥാന സർക്കാർ നൽകി. വയനാട്, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിക്കൊണ്ട് സർക്കാർ ഇടപെട്ടു. ആഗസ‌്ത‌് ഒമ്പതിന‌ുതന്നെ സെക്രട്ടറിയറ്റിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണസെൽ ആരംഭിക്കുകയും ജില്ലകളിലും അതിനു സമാന്തരമായി സെല്ലുകൾ പ്രവർത്തിക്കുകയും ചെയ്തു.

നാശനഷ്ടം നമുക്കുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീർഘകാല പദ്ധതികൾക്കും സർക്കാർ നേതൃത്വം നൽകി. നഷ്ടപ്പെട്ടുപോയ രേഖകൾ തിരിച്ചുനൽകുന്നതിനുള്ള സംവിധാനംമാത്രമല്ല, സമയബന്ധിതമായ ദുരിതാശ്വാസത്തിന് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ ഉപസമിതിയെയും സർക്കാർ നിയോഗിച്ചു. മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കി. രക്ഷാപ്രവർത്തനത്തിന്റെ ആണിക്കല്ല‌് ഇവരായിരുന്നു. കേന്ദ്രസേനയുടെ സഹായവും ലഭിച്ചു.
 
കേരളം ഓണാഘോഷത്തെ വരവേൽക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന ഘട്ടമാണിത്. എല്ലാ മൊത്തവ്യാപാരികളും 30 ശതമാനത്തിലേറെ സ്റ്റോക്ക് ഇതിന്റെ ഭാഗമായി എടുത്തിട്ടുണ്ട്. അതുകൊണ്ട് ഭക്ഷ്യദൗർലഭ്യം ഉണ്ടാകും എന്നത് അസംബന്ധമാണ്. റോഡുഗതാഗതത്തിലുണ്ടായ തടസ്സമാണ് പ്രശ്നം. റോഡുഗതാഗതം സാധാരണ നിലയിലാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വ്യക്തമായ ഏകോപനം സംസ്ഥാനത്തുണ്ട്. ജില്ലയിലെ കലക്ടറാണ് ഇതിന്റെ പൊതുനിയന്ത്രണം. എന്നാൽ, രക്ഷാപ്രവർത്തനത്തിന്റെ ഉത്തരവാദിത്തം പൊലീസ് സംവിധാനത്തിനാണ്. മറ്റ‌് ദുരിതാശ്വാസപ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ജില്ലകളിൽ സ്പെഷ്യൽ ഓഫീസർമാരായി പ്രവർത്തിക്കുന്നുണ്ട്.നാടിനെ പരിചയമുള്ളവരുടെ സഹായത്തോടെ സൈന്യം ഒത്തുചേർന്നുകൊണ്ട് ജില്ലാ ഭരണസംവിധാനം ഒരുക്കുന്ന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുകയാണ് അവർ ചെയ്യുന്നത്. ഒരിക്കലും സൈന്യംമാത്രമായി ഒരു ഡിസാസ്റ്റർ മാനേജ്മെന്റ‌് ഓപ്പറേഷനും സാധ്യമല്ല. സംസ്ഥാന ഭരണസംവിധാനങ്ങൾ, സൈന്യത്തിനു പുറമെ എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ്, സിആർപിഎഫ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എന്നീ കേന്ദ്രസേനകളുടെയും ഫയർഫോഴ്സ്, പൊലീസ്, എസ്ഡിആർഎഫ്, റവന്യൂ, തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവർത്തനത്തിലൂടെമാത്രമേ ഇത് സാധിക്കുകയുള്ളൂ.

സംസ്ഥാനതലത്തിൽ കേന്ദ്രീകരിക്കപ്പെടുന്ന ജോയിന്റ‌് കമാൻഡ് ആൻഡ‌് കൺട്രോൾ സെന്ററാണ് ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇതുതന്നെയാണ് മുമ്പുള്ള എല്ലാ സാഹചര്യങ്ങളിലും രാജ്യത്ത് അനുവർത്തിച്ചുവരുന്നത്. അസമിലെയും ചെന്നൈയിലെയും ജമ്മു കശ്മീരിലെയും പ്രളയത്തിന്റെയും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഭൂകമ്പത്തിന്റെയും ഒക്കെ ഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ സൈന്യത്തിനെമാത്രം ഏൽപ്പിച്ചിരുന്നില്ല. ജമ്മു കശ്മീരിന്റെ സവിശേഷ സാഹചര്യത്തിൽപ്പോലും സംസ്ഥാന സർക്കാരും സൈന്യവും ഒന്നിച്ചാണ‌് പ്രവർത്തിച്ചത‌്.
നമ്മുടെ നാട്ടിലെ മഴക്കെടുതിയുടെ ആരംഭംമുതൽതന്നെ കേന്ദ്രസർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തിക്കൊണ്ടുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഇപ്പോഴുണ്ടായ ഏറ്റവും വലിയ കെടുതിയുടെ ഘട്ടത്തിലും ഒരു കുറവും വരാതെതന്നെയാണ് കേന്ദ്രസേനകൾ ഇടപെട്ടിരുന്നത്. പ്രധാനമന്ത്രിയോടും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരോടും നിരന്തരം ബന്ധപ്പെട്ട് ഈ സാഹചര്യം അവരുടെ ശ്രദ്ധയിൽകൊണ്ടുവരികയും ചെയ്തിരുന്നു. ഓഖി ദുരിതാശ്വാസത്തിലെന്നപോലെ ഈ പ്രവർത്തനത്തിലും കേന്ദ്ര‐ സംസ്ഥാന ഏജൻസികൾ യോജിച്ചുനിന്നാണ് പ്രവർത്തിക്കുന്നത്.

ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നൽകുകയും ചെയ്യുക എന്നത് രക്ഷാപ്രവർത്തനത്തിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ, അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതിനുള്ള പ്രചാരണങ്ങളും ഇടപെടലുകളും പ്രഖ്യാപനങ്ങളും ഇത്തരം പ്രവർത്തനത്തെ ദുർബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. നാമൊരു ദുരന്തത്തിന്റെ നടുവിലാണ്. അത് ഉയർത്തിയ പ്രശ്നങ്ങളെ ഒന്നായിനിന്ന് ഒരു മനസ്സോടെ നേരിടുന്ന ഘട്ടത്തിൽ ഇത്തരം അപസ്വരങ്ങൾ ഒഴിവാക്കേണ്ടതാണ്.

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നല്ല നിലയിലുള്ള സഹായമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും കേരളത്തിലെ
ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഈ ഒരുമയാണ് ഈ മഹാദുരന്തത്തെ ഉള്ളംകൈയിലെന്നപോലെ ഒതുക്കിയെടുക്കാൻ നമ്മുടെ സംസ്ഥാനത്തിന് സഹായകമായത്. ആ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാൽ ഏത് പ്രതിസന്ധിയെയും നമുക്ക് നേരിടാമെന്നും നാടിനെ വികസനത്തിന്റെ കുതിപ്പുകളിലേക്ക് നയിക്കാനാകുമെന്ന പാഠവുംകൂടിയാണ് ഇത് നമുക്ക് നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top