02 December Monday

സിപിഐ എമ്മിനോടുള്ള വിരോധം കേന്ദ്രം
കേരളത്തോട്‌ തീർക്കുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖകർUpdated: Sunday Oct 27, 2024

സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റി ഓഫീസ് ‘എ കെ ജി ഭവൻ' ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

കോഴിക്കോട്/കൊയിലാണ്ടി
സിപിഐ എമ്മിനോടുള്ള വിരോധത്തിന്റെ ഭാഗമായി നാടിനെയും ജനങ്ങളെയും തകർക്കുന്ന നിലപാടാണ്‌ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ  സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  ഇതിനെതിരെ കേരളം യോജിച്ചുനിൽക്കേണ്ട ഘട്ടമാണ്‌.  എന്നാൽ  ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ, ബിജെപിയെയുമടക്കം കൂട്ടി  കേരളത്തെ തകർക്കാനുള്ള നടപടികളാണ്‌  കോൺഗ്രസും യുഡിഎഫും സ്വീകരിക്കുന്നത്‌. ഇതിനായി കള്ളപ്രചാരണം അഴിച്ചുവിടുകയാണ്‌. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും നമ്മുടെ നാടിന്റെ മുന്നോട്ടുപോക്കിന്‌ സിപിഐ എമ്മിനെ കൂടുതൽ കരുത്തുറ്റതാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പുതിയങ്ങാടിയിൽ സിപിഐ എം നോർത്ത്‌ ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവനും സിപിഐ എം നടേരി ലോക്കൽ കമ്മിറ്റി ഓഫീസായ പി കെ ശങ്കരേട്ടൻ സ്‌മാരകമന്ദിരവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കേരളത്തിൽ യുഡിഎഫും ബിജെപിയും ചേർന്ന്‌ ചില കാര്യങ്ങളിൽ സഹകരിക്കാനും ഒന്നിച്ചുനിൽക്കാനും പലപ്പോഴും തയ്യാറാവുന്നു. ഇതിന്റെ ഭാഗമായാണ്‌ തൃശൂരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്‌. 2019 ൽ കിട്ടിയ വോട്ടിനേക്കാൾ 87,000 വോട്ടുകളാണ്‌ 2024ൽ കോൺഗ്രസിന്‌ കുറഞ്ഞത്‌. ആ കുറവ്‌ ബിജെപിയുടെ നേട്ടമായി. അപ്പോഴും എൽഡിഎഫിന്‌ 2019നെക്കാൾ 16,000 വോട്ട്‌ വർധിച്ചു. ബിജെപിക്ക്‌ ജയിച്ചുവരുന്നതിന്‌ സാഹചര്യമൊരുക്കാൻ കോൺഗ്രസിനും യുഡിഎഫിനും മടിയില്ല. ബിജെപി സർക്കാർ കേരളത്തെ അവഗണിക്കുകയാണ്‌. ദുരന്തങ്ങൾ ഏറ്റുവാങ്ങിയപ്പോൾ പോലും നൽകേണ്ട ന്യായമായ സഹായം നൽകിയില്ല. സാമ്പത്തികമായി ഞെരുക്കാനുള്ള നടപടിയെടുത്തപ്പോൾ യുഡിഎഫ്‌   ശബ്‌ദമുയർത്തിയിട്ടില്ലെന്നും പിണറായി പറഞ്ഞു. 
ഒരുഘട്ടത്തിലും കമ്യൂണിസ്‌റ്റ്‌ വിരുദ്ധർ വിശ്രമിച്ചിട്ടില്ല.  നേരായ രീതിയിൽ മാത്രമല്ല എല്ലാ നെറികേടുകളും സ്വീകരിക്കാൻ അവർ തയ്യാറായി. നമ്മുടെ പാർടി വലിയതോതിലുള്ള പ്രയാസങ്ങൾ കടന്നുവന്നതാണ്‌.  രാജ്യത്ത്‌ പ്രവർത്തനം ആരംഭിക്കുമ്പോൾ തന്നെ പാർടിക്കെതിരെ വലിയ നീക്കങ്ങൾ നടത്തി.  നേരത്തെ സാമ്രാജ്യത്വമായിരുന്നെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ്‌ ഗവൺമെന്റും പിന്നീട്‌ ബിജെപി ഗവൺമെന്റുമായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായിട്ടാണ്‌ ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്‌റ്റുകാരെയും ആർഎസ്‌എസും ബിജെപിയും കാണുന്നത്‌. 
57ൽ കമ്യൂണിസ്‌റ്റുകാരുടെ കൈയിൽ ഭരണമേൽപ്പിച്ചതുപോലെ തന്നെയാണ്‌ 2021ൽ ജനങ്ങൾ എൽഡിഎഫിനെ തുടർഭരണമേൽപ്പിച്ചത്‌.  കേരളത്തിലെ മാത്രമല്ല, രാജ്യത്തെയും വലതുപക്ഷ ശക്തികൾക്ക്‌ ഒരുതരത്തിലും പൊരുത്തപ്പെടാൻ പറ്റാത്ത കാര്യമായിരുന്നു ഇത്‌.  ഇപ്പോഴും അവർ അതിൽനിന്ന്‌ മുക്തരായിട്ടില്ല. അതിന്റെ ഭാഗമായി ശത്രുതാപരമായ നിലപാടാണ്‌ അവർ എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top