30 March Thursday

റഫേൽ: ജെപിസി അന്വേഷണം അനിവാര്യം

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021എത്ര മൂടിവയ്‌ക്കാൻ ശ്രമിച്ചാലും സത്യം ഒരു നാൾ പുറത്തുവരുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയുമായുള്ള റഫേൽ വിമാന ഇടപാടിൽ ഫ്രഞ്ച്‌ ഗവൺമെന്റ്‌ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്‌ ഈ വസ്‌തുതയ്‌ക്കാണ്‌ അടിവരയിടുന്നത്‌. ഔദ്യോഗികപദവി ദുരുപയോഗം, ക്രിമിനൽ ഗൂഢാലോചന എന്നീ വിഷയങ്ങൾ ജൂൺ 14ന്‌ ആരംഭിച്ച അന്വേഷണത്തിന്റെ പരിധിയിൽ വരും. കരാർ ഒപ്പിട്ട കാലത്തെ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വ ഒലന്ദ്‌, അന്നത്തെ ധനമന്ത്രിയും ഇപ്പോൾ പ്രസിഡന്റുമായ ഇമ്മാനുവൽ മാക്രോൺ എന്നിവരെല്ലാംതന്നെ സംശയത്തിന്റെ കരിനിഴലിലാണിപ്പോൾ. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ഷെർപയുടെ പരാതിയിലാണ്‌ ഫ്രഞ്ച്‌ ദേശീയ പ്രോസിക്യൂഷൻ ഏജൻസി ജുഡീഷ്യൽ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുള്ളത്‌. ഫ്രഞ്ച്‌ താൽപ്പര്യങ്ങളെയും സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുമെന്ന്‌ പറഞ്ഞ്‌ 2018ൽ, ഷെർപയുടെ പരാതിക്ക്‌ തടയിട്ട ദേശീയ പ്രോസിക്യൂഷൻ ഏജൻസി തന്നെയാണിപ്പോൾ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഇന്ത്യയിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ സുപ്രീംകോടതി തള്ളിയെങ്കിലും ഇനിയും അതിനുള്ള സാധ്യത മങ്ങിയിട്ടില്ലെന്ന്‌ ഫ്രാൻസിൽ ആരംഭിച്ച അന്വേഷണം വിരൽചൂണ്ടുന്നു. കോൺഗ്രസിന്‌ ബോഫോഴ്‌സ്‌ എന്നപോലെ ബിജെപിയെ റഫേൽ പ്രതിരോധ ഇടപാടും എന്നും വേട്ടയാടുമെന്നുറപ്പ്‌.

59,000 കോടി രൂപയുടെ കരാറിൽ ഇന്ത്യൻ മധ്യവർത്തികൾക്ക്‌ വൻതുക കൈക്കൂലി നൽകിയത്‌ ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ്‌ ഈ കരാറുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നിട്ടുള്ളത്‌. ഫ്രാൻസിലെ അന്വേഷണാത്മക പോർട്ടലായ ‘മീഡിയ പാർട്ടും’ അതിന്റെ ലേഖകനായ യാൻ ഫിലിപ്പുമാണ്‌ ഭൂരിപക്ഷം വിവരങ്ങളും പുറത്തുകൊണ്ടുവന്നത്‌. ഏറ്റവും പുതിയ ആരോപണം 2015 ഏപ്രിൽ പത്തിന്‌ പാരീസ്‌ സന്ദർശനവേളയിൽ പ്രധാനമന്ത്രി മോഡി കരാർ പ്രഖ്യാപിക്കുന്നതിന്‌ മുമ്പുതന്നെ ഫ്രഞ്ച്‌ ഏവിയേഷൻ കമ്പനി ദസോയും അനിൽ അംബാനിയുടെ റിലയൻസ്‌ ഡിഫൻസും തമ്മിൽ ധാരണപത്രം ഒപ്പിട്ടിരുന്നുവെന്നതാണ്‌. സർക്കാരുകൾ തമ്മിൽ ഒപ്പിടാൻ പോകുന്ന കരാറിനെ സംബന്ധിച്ച്‌ എങ്ങനെയാണ്‌ ഈ കമ്പനികൾക്ക്‌ മുൻകൂട്ടി വിവരം ലഭിച്ചതെന്ന ചോദ്യമാണ്‌ ഇതുയർത്തുന്നത്‌. ആരാണ്‌ ഇവർക്ക്‌ കരാർ വിവരങ്ങൾ ചോർത്തി നൽകിയത്‌ എന്ന വസ്‌തുതയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ദസോ എട്ടരക്കോടി രൂപ കോഴ നൽകിയെന്ന്‌ സംശയിക്കുന്ന മധ്യവർത്തി സുഷേൻ ഗുപ്‌ത തന്നെയാണ്‌ കരാർ വിവരങ്ങളും ചോർത്തിനൽകിയതെന്നാണ്‌ സംശയിക്കപ്പെടുന്നത്‌. കരാറുമായി ബന്ധപ്പെട്ട്‌ പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ രേഖകൾ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ സുഷേന്റെ പക്കലിൽനിന്ന്‌ പിടിച്ചെടുത്തിരുന്നു. എന്നാൽ, മോഡി സർക്കാരിന്‌ അന്വേഷണത്തിൽ താൽപ്പര്യമില്ലാത്തതിനാൽ നിർണായകമായ ഇത്തരം വിവരങ്ങൾ അവഗണിക്കപ്പെടുകയാണുണ്ടായത്‌. ഇരുകമ്പനിയും തമ്മിൽ ധാരണപത്രം ഒപ്പിടുന്നതിന്‌ ഒരു ദിവസംമുമ്പുപോലും ദസോ സിഇഒ എറിക്ക്‌ ട്രാപ്പിയർ ബംഗളൂരുവിൽ പറഞ്ഞത്‌ മുൻ കരാറനുസരിച്ച്‌ (യുപിഎ സർക്കാരിന്റെ കാലത്ത്‌ ഒപ്പുവച്ച) ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡുമായുള്ള പങ്കാളിത്തവുമായി മുന്നോട്ടുപോകുമെന്നായിരുന്നു. യുപിഎ ഭരണകാലത്ത്‌ ഒപ്പിട്ട കരാറനുസരിച്ച്‌ റഫേൽ കമ്പനി ആകെ 126 വിമാനത്തിൽ 18 എണ്ണം ഇന്ത്യക്ക്‌ നിർമിച്ചുനൽകും. ബാക്കിവരുന്ന 108 വിമാനം സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ എച്ച്‌എഎൽ നിർമിക്കുമെന്നായിരുന്നു.

എന്നാൽ, മോഡി സർക്കാർ വന്നതോടെ വിമാന നിർമാണത്തിൽ ഏറെക്കാലത്തെ പരിചയമുള്ള എച്ച്‌എഎൽ കരാറിൽനിന്ന്‌ പുറത്തായി. തട്ടിക്കൂട്ടിയുണ്ടാക്കിയ അനിൽ അംബാനിയുടെ റിലയൻസ്‌ ഡിഫൻസ്‌ ലിമിറ്റഡായി പങ്കാളി. വിമാനനിർമാണരംഗത്ത്‌ ഒരു മുൻപരിചയവുമില്ലാത്ത അനിൽഅംബാനിയുടെ കമ്പനിയെ പങ്കാളിയാക്കുന്നതിൽ ദസോ വിമുഖത പ്രകടിപ്പിച്ചെങ്കിലും ഇന്ത്യൻ അധികൃതർ സമ്മർദം ചെലുത്തിയെന്ന്‌ ഒലന്ദ്‌ തന്നെ വെളിപ്പെടുത്തുകയുമുണ്ടായി. 126 വിമാനം വാങ്ങുന്നതിന്‌ പകരം 36 വിമാനമായി ചുരുങ്ങി. എന്നാൽ, വിലയാകട്ടെ ഒരു വിമാനത്തിന്‌ 526 കോടിയിൽനിന്ന്‌ 1670 കോടിയായി ഉയരുകയും ചെയ്‌തു. മോഡിയുടെ ആത്മനിർഭർ ഭാരതിന്റെ യഥാർഥ പ്രതീകമായി ഈ കരാർ. ഇവിടെയും തീരുന്നില്ല കരാറിലെ അഴിമതികൾ. വിമാന നിർമാണത്തിനായി ദസോയും റിലയൻസ്‌ ഡിഫൻസും ചേർന്ന്‌ ദസോ റിലയൻസ്‌ എയ്‌റോസ്‌പേസ്‌ എന്ന സംയുക്ത സംരംഭത്തിന്‌ രൂപംകൊടുത്തപ്പോൾ 51 ശതമാനം മൂലധനവും റിലയൻസും 49 ശതമാനം ദസോയും വഹിക്കണമെന്നായിരുന്നു തീരുമാനം. 169 ദശലക്ഷം യൂറോ മൂലധനത്തിൽ 10 ലക്ഷം യൂറോ മാത്രമാണ്‌ റിലയൻസ്‌ നിക്ഷേപിച്ചത്‌. ഇതെന്തുകൊണ്ടെന്ന ചോദ്യവും ഉയരുകയാണ്‌. സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളിയെ കണ്ടെത്താനും അവരെ നിയമത്തിന്‌ മുമ്പിൽ കൊണ്ടുവരാനും കഴിയൂ. സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നതുപോലെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. പ്രധാനമന്ത്രി മോഡിയുടെ പങ്കും അന്വേഷണ വിധേയമാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top