26 September Tuesday

ബലികുടീരങ്ങളേ...

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


ചരിത്രത്തിന് വഴികാട്ടിയായ പുന്നപ്ര- --വയലാർ സമരത്തിന് 75 വയസ്സ്. ഇന്നത്തെ കേരളം രൂപമാകുന്നതിൽ ആ ധീര ദേശാഭിമാനികൾ വഹിച്ച പങ്ക് മനുഷ്യനുള്ള കാലത്തോളം സ്മരിക്കപ്പെടും. കാലം കഴിയുന്തോറും അവർ ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക് പ്രസക്തി ഏറുകയാണ്. സാർവലൗകികവും സാർവജനീനവുമാണ് അവ.

അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ട സമരം നാടിന്റെ സ്വാതന്ത്ര്യം, ജനാധിപത്യം, പ്രായപൂർത്തി വോട്ടവകാശം തുടങ്ങി ആധുനിക രാഷ്ട്രനിർമാണത്തിലേക്കുള്ള രണോത്സുക പോരാട്ടമായി മാറുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു മേൽ ദിവാന്‌ വാഴാൻ കഴിയുന്ന അമേരിക്കൻ മോഡലിനെ ചെറുത്തുതോൽപ്പിക്കാൻ ആ മുന്നേറ്റത്തിനു കഴിഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് പടി ചവിട്ടുമ്പോഴായിരുന്നു രാജാധികാരത്തിന്റെ വൈതാളികർ സ്വതന്ത്ര തിരുവിതാംകൂർ രാജ്യം സ്ഥാപിക്കാൻ നോക്കിയത്. നാട്ടുരാജ്യങ്ങൾക്ക് സ്വതന്ത്രമാകാനുള്ള സൗകര്യമൊരുക്കിയാണ് ബ്രിട്ടീഷുകാർ കെട്ടുകെട്ടാൻ ഒരുങ്ങിയത്. ഈ സാഹചര്യം മുതലെടുക്കാനാണ് ദിവാൻ സി പി രാമസ്വാമി അയ്യരും കൂട്ടരും ശ്രമിച്ചത്. പുന്നപ്ര-– വയലാറിലെ ദേശാഭിമാനികളുടെ രക്തസാക്ഷിത്വംകൊണ്ടാണ് ആ നീക്കം തകർന്നത്. അവരുടെ ആത്മത്യാഗം ഏറ്റെടുക്കാൻ രാജ്യം തയ്യാറായി. ഇന്ത്യയിലെ പല ഭാഗങ്ങളിലും സ്വതന്ത്ര നാട്ടുരാജ്യങ്ങൾക്കെതിരെ ഉയർന്ന പോരാട്ടം വിജയം കണ്ടു. ഇന്ത്യ ഛിന്നഭിന്നമാകാതെ കാത്തുസൂക്ഷിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ രാജവാഴ്ചയുടെയും സവർണ ജന്മിത്തത്തിന്റെയും കാൽക്കീഴിൽ ഞെരിഞ്ഞമർന്ന്‌ ജീവിക്കുകയായിരുന്നു ആലപ്പുഴയിലെ ഭൂരിഭാഗം ജനവിഭാഗങ്ങളും. ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, അയ്യൻകാളി, ഇ വി രാമസ്വാമി നായ്ക്കർ തുടങ്ങിയവരുടെ സ്വാധീനത്തിൽ നവോത്ഥാനത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ തുടങ്ങിയ സമൂഹം വർഗബോധത്തിലേക്ക് ചുവടുവയ്‌ക്കുന്ന കാലംകൂടിയായിരുന്നു അത്. ജീവിക്കാനുള്ള അവകാശത്തിനായി കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അവർ ഉയിർത്തെഴുന്നേറ്റു.

തൊഴിലാളികൾ ഉയർത്തിയ 27 ആവശ്യത്തിൽ ഒമ്പതെണ്ണം പൂർണമായും രാഷ്ട്രീയസ്വഭാവമുള്ളതായിരുന്നു. ദിവാൻ ഭരണം അവസാനിപ്പിക്കുക, ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയിലേക്ക് ജനപ്രതിനിധികളെ അയക്കുക, പ്രായപൂർത്തി വോട്ടവകാശത്തോടെ തെരഞ്ഞെടുപ്പ്‌ നടത്തി ഇടക്കാല സർക്കാർ രൂപീകരിക്കുക, കരിനിയമങ്ങളും പത്രമാരണനിയമങ്ങളും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ. സമരം രൂക്ഷമാകുന്നതുകണ്ട് മിക്ക സാമ്പത്തിക ആവശ്യങ്ങളും ദിവാൻ അംഗീകരിച്ചു. പകരം രാഷ്ട്രീയ ആവശ്യങ്ങൾ പിൻവലിക്കണമെന്നായിരുന്നു നിബന്ധന. ഇത്‌ തള്ളിയ തൊഴിലാളികൾ 1946 ഒക്ടോബർ 22ന് പൊതു പണിമുടക്കിലേക്ക്‌ നീങ്ങി. തുടർന്ന് പട്ടാളഭരണം പ്രഖ്യാപിച്ച് നൂറുകണക്കിനു സമരസേനാനികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. അവർ ചിന്തിയ ചോര വൃഥാവിലായില്ല. മാസങ്ങൾക്കകംതന്നെ ദിവാൻ ഭരണവും അമേരിക്കൻ മോഡലും പോരാളികൾ വിളിച്ച മുദ്രാവാക്യംപോലെ, അറബിക്കടലിൽ മുങ്ങി. ഐക്യകേരളപ്പിറവിക്കുശേഷം നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ 1957ൽ അവരുടെ പിന്മുറക്കാരെ ജനം ഭരണാധികാരം ഏൽപ്പിച്ചു.

ദിവാനും കൂട്ടരും രൂപീകരിക്കാൻ ശ്രമിച്ചത് ഇന്ത്യയിലെ ആദ്യത്തെ ഹിന്ദുരാജ്യംകൂടിയായിരുന്നു. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചപ്പോൾ ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് വി ഡി സവർക്കർ ദിവാന് അഭിനന്ദന സന്ദേശമയച്ചു. "തിരുവിതാംകൂർ എന്ന ഹിന്ദു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച, ദൂരക്കാഴ്ചയുള്ള, ധൈര്യംനിറഞ്ഞ പ്രഖ്യാപനത്തിന്’ പിന്തുണ അറിയിച്ചുകൊണ്ടുള്ള കമ്പി സന്ദേശം. തിരുവിതാംകൂറിൽ സവർണ ഹിന്ദുനിയമമായിരുന്നു. ഒരേ കുറ്റത്തിന് ജാതി അനുസരിച്ച് വ്യത്യസ്‌ത ശിക്ഷ നൽകുക തുടങ്ങിയ നിയമങ്ങൾ. അതിനെ ചെറുത്തുതോൽപ്പിച്ച രണധീരരുടെ പോരാട്ടം ഇന്നത്തെ രാഷ്ട്രീയത്തിന് വഴികാട്ടിയാണ്. ആ പോരാട്ടം നിലയ്‌ക്കുന്നില്ല. കേരളത്തിന്റെ സിരകളെ ചുവപ്പിച്ച ധീര പോരാളികൾക്ക്‌ ശോണാഭിവാദനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top