25 March Saturday

കലുഷിതമാകുന്ന താഴ‌്‌വര

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019


ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വ്യാഴാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണം ഞെട്ടിക്കുന്നതാണ്. വർഷങ്ങൾക്ക് ശേഷമാണ് ഭീകരവാദികൾ വാഹനത്തിൽ സ്ഫോടകവസ്‌തുക്കൾ നിറച്ചുള്ള ചാവേറാക്രമണം നടത്തുന്നത്. മലയാളിയായ വസന്തകുമാർ ഉൾപ്പെടെ 40ൽ അധികം സിആർപിഎഫ് ജവാന്മാർക്ക‌് ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. രാജ്യസുരക്ഷ പാലിക്കാനായി ഈ സൈനികർ നടത്തിയ ജീവത്യാഗത്തിനുമുമ്പിൽ ഞങ്ങൾ തലകുനിക്കുന്നു. നിരവധിപേർ ഗുരുതരമായി പരിക്കേറ്റ് ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ എത്രയുംപെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ‌്ഷെ മുഹമ്മദ് എന്ന ഭീകരവാദസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.  ഈ സംഘടനയ‌്ക്ക് പ്രവർത്തനസ്വാതന്ത്ര്യം നൽകുന്ന പാകിസ്ഥാൻ സർക്കാരിനെ ഇന്ത്യൻ വിദേശമന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുമുണ്ട്.  സംഭവത്തിൽ ഉൽക്കണ്ഠ രേഖപ്പെടുത്തിയ പാകിസ്ഥാനാകട്ടെ ഇന്ത്യയുടെ ആരോപണം നിഷേധിക്കുകയും ചെയ്‌തു. ലോകരാഷ്ട്രങ്ങളും ഇന്ത്യയ‌്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

2016 ലെ പത്താൻകോട് വ്യോമകേന്ദ്രത്തിനും ഉറി ആക്രമണത്തിനും ശേഷം നടക്കുന്ന ഏറ്റവുംവലിയ ഭീകരാക്രമണമാണ് പുൽവാമയിലേത്. ഉറി ആക്രമണത്തിനുശേഷം ഇന്ത്യ നിയന്ത്രണരേഖയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തുകയും ചെയ‌്തു. എന്നിട്ടും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒരു ശമനവുമില്ലെന്ന് മാത്രമല്ല കൂടുതൽ ശക്തിപ്പെടുകയും ചെയ്യുകയാണെന്ന് പുൽവാമ ആക്രമണം തെളിയിക്കുന്നു. തന്റെ ഭരണകാലത്ത് ഭീകരവാദ പ്രവർത്തനം കുറഞ്ഞുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. സൂരക്ഷാവീഴ്ചയുടെ പ്രത്യക്ഷ ഉദാഹരണമാണ് പുൽവാമ ആക്രമണമെന്ന നിരീക്ഷണവും പല കോണുകളിൽനിന്ന‌് ഉയർന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാണിപ്പോൾ ജമ്മു–-കശ്മീർ സംസ്ഥാനം.  ഭരണത്തിന് നേതൃത്വം നൽകുന്ന ഗവർണർ സത്യപാൽ മല്ലിക്ക‌് തന്നെയാണ് സുരക്ഷാവീഴ്ചയുണ്ടായതായി സൂചിപ്പിച്ചത്.  രണ്ടാഴ്ച മുമ്പുതന്നെ കടുത്ത ആക്രമണം ഉണ്ടാകുമെന്ന് സൂചന ലഭിച്ചിരുന്നതായും ഗവർണർ വെളിപ്പെടുത്തി.  സ്വാഭാവികമായും സർക്കാർ എന്തൊക്കെ മുൻകരുതലുകളാണ് എടുത്തതെന്ന ചോദ്യം ഉയരും.  350 കിലോഗ്രാമോളം സ്ഫോടകവസ്തുക്കളുമായി എങ്ങനെയാണ് വാഹനം സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന ചോദ്യവും ഉയരും. ചാവേറാക്രമണം നടത്തിയ ആദിൽ അഹമ്മദ് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലും ഗവർണർ നടത്തുകയുണ്ടായി. ഇതെല്ലാമറിഞ്ഞിട്ടും ഭീകരാക്രമണം തടയാനായിട്ടില്ല എന്നതിന് മോഡി സർക്കാരാണ് ഉത്തരം പറയേണ്ടത്. 

മുൻ കാലങ്ങളിൽനിന്ന് വ്യത്യസ‌്തമായി ചാവേറാക്രമണം നടത്തിയത് പാകിസ്ഥാനിൽനിന്ന‌് നുഴഞ്ഞുകയറിയ ഭീകരവാദിയല്ല മറിച്ച് കശ്മീർ സ്വദേശി തന്നെയാണെന്നതും അസ്വസ്ഥതയുണർത്തുന്ന വസ്തുതയാണ്. പുൽവാമയിലെ കാക്കപോറക്കാരനാണ് ചാവേറായ ആദിൽ അഹമ്മദ്. ഭീകരവാദത്തെ സുരക്ഷാസേനയെ ഉപയോഗിച്ച്മാത്രം അടിച്ചമർത്താൻ നടത്തിയ ശ്രമത്തിന്റെ ഫലംകൂടിയാണിത്. 2016 ജൂലൈയിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ കൊലപ്പെടുത്തിയതിനുശേഷമാണ് വർധിച്ചതോതിൽ കശ്മീർ യുവാക്കൾ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകളിലേക്ക്  ആകർഷിക്കപ്പെട്ടത്. താഴ്വരയിലെ വിദ്യാസമ്പന്നരായ യുവാക്കളും വിദ്യാർഥികളും ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നത് ഒട്ടും ഭൂഷണമായ കാര്യമല്ലതന്നെ. 

കശ്മീർപ്രശ്നം ഒരു രാഷ്ട്രീയപ്രശ്നമാണ്. അതുകൊണ്ടുതന്നെ അത് പരിഹരിക്കേണ്ടതും രാഷ്ട്രീയമായാണ്. എന്നാൽ, ആ ദിശയിലുള്ള ഒരു നീക്കവും നടത്താൻ മോഡിസർക്കാർ തയ്യാറായില്ല.  സൈനികമായ പരിഹാരമാർഗമാണ് മോഡി സർക്കാർ സ്വീകരിച്ചത്. സ്വാഭാവികമായും സുരക്ഷാസേനയും താഴ്വരയിലെ ജനങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചു. പെല്ലറ്റ് തോക്കുകളും മറ്റും വ്യാപകമായി ഉപയോഗിക്കപ്പെട്ടത് നൂറ‌ുകണക്കിനാളുകളുടെ കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമായി.  നിരന്തരമായ സംഘർഷം കശ്മീരികളുടെ സാമ്പത്തിക–-സാമൂഹ്യ ജീവിതം തകർത്തു. ഇതിനെ  പ്രതിരോധിക്കാനെന്നോണം തീവ്രവാദത്തിലേക്ക് പലരും ആകർഷിക്കപ്പെട്ടു. അതിന്റെ ഫലം കുടെയായിരിക്കണം പുൽവാമയിലെ ആക്രമണം. മാത്രമല്ല, കശ്മീർപ്രശ്നത്തിന് പാകിസ്ഥാൻ കേന്ദ്രീകൃത സമീപനമാണ് മോഡി സർക്കാർ സ്വീകരിച്ചത്. ഇതിന്റെ ഫലമായി പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചർച്ചകളിൽനിന്ന‌് പിന്മാറിയ മോഡി സർക്കാർ പുൽവാമ സംഭവത്തിന്റെ പേരിൽ പാകിസ്ഥാനുമായുള്ള വ്യാപാര ബന്ധവും ഉപേക്ഷിക്കുകയാണ്.  കർതാർപൂർ ഇടനാഴി തുറക്കാനുള്ള തീരുമാനവും ഇനി അനിശ്ചിതത്വത്തിലേക്ക് നീങ്ങാനാണ് സാധ്യത. ഇതെല്ലാംതന്നെ ചർച്ചയിലൂടെയുള്ള പ്രശ്നപരിഹാരത്തിന്റെ വഴി അടയ‌്ക്കുകയാണ്.  സ്വാഭാവികമായും അത് ഒരു അതിർത്തി സംഘർഷത്തിലേക്കുവരെ ചെന്നെത്തിയേക്കാം. അത്തരമൊരു മാർഗം രാജ്യത്തെ സമാധാനസ്നേഹികളായ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാത്രം പറഞ്ഞുവയ‌്ക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top