25 September Monday

കലയെ വരിക്കട്ടെ കലോത്സവങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2017

കണ്ണൂര്‍ സ്കൂള്‍ കലോത്സവം ജനകീയതകൊണ്ടും സംഘാടനമികവുകൊണ്ടും അദ്വിതീയമായപ്പോള്‍ത്തന്നെ ഉള്ളടക്കത്തിലും കാഴ്ചപ്പാടിലും തിരുത്തലും പരിഷ്കരണവും അനിവാര്യമാക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ക്കും അടിവരയിട്ടു. സാമൂഹ്യജീവിതത്തിലും സാംസ്കാരികരംഗത്തും അസഹിഷ്ണുതയുടെ അധിനിവേശശ്രമം പ്രകടമായ വര്‍ത്തമാനകാലത്ത് കലയും കലാകാരന്മാരും ഇരകളാക്കപ്പെടുകയാണ്. പ്രതിരോധം ഉയരേണ്ടത് കലാരംഗത്തുനിന്നുകൂടിയാണെന്ന സന്ദേശവും ഈ കലോത്സവം നല്‍കി. 

കലോത്സവവേദിയില്‍ കടന്നുകയറി അലങ്കോലമാക്കാന്‍ ശ്രമിച്ച സംഘപരിവാറിന്റെ അജന്‍ഡ കണ്ണൂരില്‍ കണ്ടു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് കുഴപ്പമൊന്നുമില്ലാതെ കലോത്സവം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മികച്ച നടത്തിപ്പും പങ്കാളിത്തവുംകൊണ്ട് കണ്ണൂര്‍ സ്കൂള്‍ കലോത്സവം എന്നും ഓര്‍മിക്കപ്പെടും. ഇത് കലോത്സവത്തിന്റെ ഒരു വശം. എന്താണ് ഈ കലോത്സവത്തിന്റെ യഥാര്‍ഥ ഉള്ളടക്കവും സംഭാവനയുമെന്ന ചോദ്യം ബാക്കിയാകുന്നു. കേരളത്തിന്റെ സാംസ്കാരികരംഗം ഏതൊക്കെ വിധത്തില്‍ കലോത്സവങ്ങളാല്‍ സമ്പന്നമാക്കപ്പെടുന്നു എന്ന ചോദ്യത്തിന് മറുപടി ലഭിക്കണം.

ആദ്യദിവസംമുതല്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ജില്ലകള്‍ കാഴ്ചവച്ചത്. കിരീടം നേടിയ കോഴിക്കോട് ജില്ലയെപ്പോലെ ശക്തമായ പ്രകടനം നടത്തിയ ജില്ലകളാണ് തൊട്ടുപിന്നില്‍. എല്ലാ ജില്ലകളിലും  കലോത്സവങ്ങള്‍ക്കായി വലിയ ഒരുക്കവും പ്രവര്‍ത്തനവും നടക്കുന്നു. ഈ  പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്കാരത്തിന് വലിയ ഊര്‍ജം നല്‍കേണ്ടതാണ്. എന്നാല്‍, അത് സംഭവിക്കുന്നുണ്ടോ? കലാരംഗത്തടക്കം ആരോഗ്യകരമായ മത്സരം നടക്കുന്നത് ഏതൊരു നാടിനെയും കൂടുതല്‍ ഉയരത്തിലെത്തിക്കും.   എന്നാല്‍, കലോത്സവങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ പലതും അനാരോഗ്യകരമായ മത്സരങ്ങളായാണ് അനുഭവപ്പെടുന്നത്.

കലോത്സവത്തിന്റെ ഉള്ളടക്കത്തെ ദുര്‍ബലമാക്കുന്നത് പണക്കൊഴുപ്പും കമ്പോളസംസ്കാരത്തിന്റെ മുഖമുദ്രയായ അന്യായമായ മത്സരബുദ്ധിയുമാണ്. കലയാണ് കലോത്സവങ്ങളില്‍ ഇപ്പോള്‍ ഒട്ടും പരിഗണന കിട്ടാത്ത ഘടകം. പണം ചെലവഴിക്കുന്നതില്‍ വലിയ മത്സരം നടക്കുന്ന നിരവധി ഇനങ്ങളുണ്ട്. നൃത്തയിനങ്ങളില്‍ പ്രബലമായിരുന്ന ഈ പ്രവണത ഇപ്പോള്‍ തിയറ്റര്‍ കലകളടക്കം പല ഇനങ്ങളിലേക്കും വ്യാപിക്കുന്നു. നമ്മുടെ പരമ്പരാഗത കലകളിലേക്കും പണക്കൊഴുപ്പിന്റെ തേരോട്ടം നടക്കുകയാണ്. രചനാമത്സരങ്ങളും സംഗീത, പ്രസംഗ, മിമിക്രി, മോണോ ആക്ട്, ചിത്രരചനപോലുള്ള ഇനങ്ങളിലുമാണ് പണത്തിന്റെ സാധ്യതകള്‍ കുറവുള്ളത്. കലോത്സവങ്ങളില്‍ പണ്ട് വിദ്യാര്‍ഥികള്‍മാത്രമാണ് എത്തിയിരുന്നത്. ഇപ്പോള്‍ ഓരോ വിദ്യാര്‍ഥിക്കും പിന്നില്‍ രക്ഷിതാക്കളടക്കം വലിയൊരു സംഘമുണ്ടാകും. ഇത്തരം സംഘങ്ങള്‍ കലോത്സവത്തിന്റെ യഥാര്‍ഥ ചൈതന്യം ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഓരോ കലോത്സവത്തിലും കാണുന്നു. 

കലോത്സവത്തിന്റെ നിലവിലുള്ള നിയമവ്യവസ്ഥകള്‍ ഈ ചൂതുകളിസ്വഭാവത്തെ സംരക്ഷിക്കാനുതകുന്നതാണ്. ആടയാഭരണങ്ങളിലും പിന്നണിപ്പാട്ടിലും കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുന്ന ഇന്നത്തെ രീതിയില്‍ മാറ്റം വരണം. ഒരു വര്‍ണമോ പദമോ ജാവളിയോമാത്രം കാണാപ്പാഠം പഠിച്ചുവന്ന് ശാസ്ത്രീയനൃത്തയിനങ്ങളില്‍ മത്സരിച്ച് സമ്മാനം നേടി മടങ്ങുന്നവര്‍ ഗ്രേസ് മാര്‍ക്കിനോ സിനിമാപ്രവേശനത്തിനോമാത്രം ഈ വിജയത്തെ ഉപയോഗിക്കുകയും കല ഉപേക്ഷിക്കുകയും ചെയ്യുന്നു. നൃത്തയിനങ്ങള്‍ക്ക് ലളിതവേഷവും മിതമായ ആടയാഭരണങ്ങളും നിയമംമൂലം നിഷ്കര്‍ഷിക്കണം. അവതരിപ്പിച്ച നൃത്തയിനങ്ങളെക്കുറിച്ച് വിധികര്‍ത്താക്കള്‍ ചില ചോദ്യങ്ങള്‍ ചോദിക്കണം. ശാസ്ത്രീയസംഗീത മത്സരത്തിന് രാഗങ്ങളുടെ ഒരു പൂള്‍ വേണം. അതില്‍നിന്ന് വിധികര്‍ത്താക്കള്‍ നിര്‍ദേശിക്കുന്ന രാഗം പാടുകയും കൃതി അവതരിപ്പിക്കുകയും വേണം. ഓരോ ഇനത്തിലും ഇങ്ങനെയുള്ള പരിഷ്കരണങ്ങള്‍ ഉണ്ടാകണം. വിധികര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

കണ്ണൂര്‍ കലോത്സവത്തിലെ രചനാമത്സരത്തില്‍നിന്നാണ് ഏറ്റവും മികച്ച പ്രതിഭ‘ഉയര്‍ന്നുവന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മലയാളം കവിതാരചന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയ  ദ്രുപദ് ഗൌതം മലയാളകവിതയ്ക്കുതന്നെ വലിയ സമ്മാനങ്ങള്‍ ഇനിയുള്ള നാളുകളില്‍ നല്‍കിയേക്കാം. ദ്രുപദിനെപ്പോലുള്ള ചുരുക്കം ചില പ്രതിഭകള്‍ വരുംനാളുകളിലും കലാസപര്യ തുടര്‍ന്നേക്കാം. സമ്മാനിതരാകുന്ന ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ഈ രംഗത്ത്—ഉറച്ചുനില്‍ക്കുന്നത് കാണാറില്ല.

മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് കലോത്സവത്തിന് നല്‍കുന്നത്. അച്ചടിമാധ്യമങ്ങള്‍ കൂടുതല്‍ പേജും ദൃശ്യമാധ്യമങ്ങള്‍ കൂടുതല്‍ സമയവും കലോത്സവത്തിന് നല്‍കുന്നു. എന്നാല്‍, ഈ വലിയ പ്രാധാന്യം കലോത്സവത്തിന്റെ ഉള്ളടക്കവും കല അവതരിപ്പിക്കുന്നതിലെ തെറ്റായ പ്രവണതകളും വിലയിരുത്താന്‍ വിനിയോഗിക്കുന്നില്ല. അന്തസ്സാരശൂന്യമായ റിപ്പോര്‍ട്ടുകളാണ് പൊതുവില്‍ മാധ്യമങ്ങള്‍ നല്‍കുന്നത്. 

മാന്വല്‍ പരിഷ്കരിക്കുമെന്നും പുതുക്കിയ മാന്വല്‍പ്രകാരമായിരിക്കും അടുത്തവര്‍ഷത്തെ കലോത്സവമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി വിവിധ മേഖലകളിലുള്ളവരോട് അഭിപ്രായം ആരാഞ്ഞ് തുടങ്ങി. എല്ലാവരെയും തൃപ്തിപ്പെടുത്തി മാന്വല്‍ പരിഷ്കരണം നടക്കില്ല. കലയുടെയും കലോത്സവത്തിന്റെയും നിലവാരം മെച്ചപ്പെടുത്തുകമാത്രമാകണം സര്‍ക്കാരിന്റെ ഉന്നം. ഫാസിസ്റ്റ് പ്രവണതകളെയും മൂലധനതാല്‍പ്പര്യങ്ങളെയും തള്ളിക്കളഞ്ഞ് മലയാളനാടിന്റെ യഥാര്‍ഥ സംസ്കാരം പ്രകാശിക്കുന്ന ഒരിടമായി കലോത്സവവേദികളെ മാറ്റണം.

അപ്പീലുകളുടെ അതിപ്രസരം കലോത്സവവേദികളെ ചൂഴ്ന്നുനില്‍ക്കുന്ന വലിയൊരു തിന്മയാണ്. ഒരു ജില്ലയില്‍നിന്ന് ഒരാളെന്ന കണക്കില്‍ 14 പേര്‍ക്കാണ് ഒരിനത്തില്‍ മത്സരിക്കാനുള്ള അര്‍ഹത. എന്നാല്‍, പലയിനങ്ങള്‍ക്കും എത്തുന്നത് അതിന്റെ മൂന്നിരട്ടിവരെ മത്സരാര്‍ഥികള്‍. രചന, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരയിനങ്ങള്‍ക്ക് പരമാവധി 20 പേരാണ് മത്സരിക്കാനെത്തുക. നൃത്തയിനങ്ങളില്‍ അപകടകരമായ വിധത്തിലാണ് മത്സരപങ്കാളികളുടെ എണ്ണം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ ഭരതനാട്യമത്സരത്തിനെത്തിയത് 14നുപകരം 51. വിധിനിര്‍ണയം പരമാവധി മെച്ചപ്പെടുത്തുകയും അപ്പീല്‍ സംവിധാനം അവസാനിപ്പിക്കുകയും വേണം. ഉദ്യോഗസ്ഥതലത്തില്‍ അനുവദിക്കുന്ന അപ്പീലിനുപുറമെ വിവിധ കോടതികളും അപ്പീല്‍ അനുവദിക്കുന്നു. ബാലാവകാശ കമീഷന്‍വരെ അപ്പീല്‍ അനുവദിക്കാന്‍ രംഗത്തെത്തുന്നു. ഒരു കലയെ വിലയിരുത്താന്‍ എന്ത് അടിസ്ഥാനയോഗ്യതയാണ് ഈ ഏജന്‍സികള്‍ക്കുള്ളത്? കുറഞ്ഞപക്ഷം മത്സരം കാണുകയെങ്കിലും ചെയ്തവരല്ലേ വിധിനിര്‍ണയത്തിലെ അനീതി സംബന്ധിച്ച് പറയേണ്ടത്? ഇക്കാര്യങ്ങളില്‍ പുനരാലോചന വേണം.

കലോത്സവങ്ങളിലൂടെമാത്രം നിലനില്‍ക്കുന്ന പല കലകളുമുണ്ട്. ഇത്തരം കലകളെ സംരക്ഷിക്കുന്നതിന് ഇതരസംവിധാനങ്ങളും രൂപപ്പെടുത്തണം. ശക്തമായി നിലനില്‍ക്കുന്ന കലകളെ കൂടുതല്‍ ഉള്‍ക്കരുത്തുള്ളതാക്കാന്‍ കലോത്സവം ഉതകണം. നമ്മുടെ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗാത്മകമായി സംയോജിപ്പിക്കുന്ന വലിയൊരു സാംസ്കാരികസംഭവമായി വേണം സ്കൂള്‍ കലോത്സവങ്ങള്‍ വരുംനാളുകളില്‍ നമ്മെ സന്തോഷിപ്പിക്കേണ്ടത്. കലോത്സവത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ദേശാഭിമാനിയുടെ അനുമോദനങ്ങള്‍ *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top