27 July Saturday

രാഷ്ട്രീയമുന്നണിയും മുന്നണിരാഷ്ട്രീയവും

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2016

ജനജീവിതത്തിന്റെ നാനാമേഖലകളെ സ്പര്‍ശിക്കുന്ന ബഹുമുഖ കര്‍മപരിപാടി മുന്നോട്ടുവച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അത്യുജ്വലമായ ജനവിധി നേടിയത്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖ ഈ പ്രകടനപത്രികതന്നെ. വാഗ്ദാനങ്ങള്‍ ഓരോന്നും നിറവേറ്റാന്‍ സര്‍ക്കാരും മുന്നണിയും പ്രതിജ്ഞാബദ്ധമാണെന്ന് ചുരുങ്ങിയ കാലയളവിനുള്ളില്‍ തെളിയിച്ചു. മുതലാളിത്തവ്യവസ്ഥയില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളുടെ ജീവിതദുരിതങ്ങള്‍ അനുദിനമെന്നോണം വര്‍ധിക്കുന്നത് സ്വാഭാവികം. മുതലാളിത്തത്തെ മാറ്റി ജനകീയ ജനാധിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കും മുന്നേറിക്കൊണ്ടുമാത്രമേ ശാശ്വതപരിഹാരം സാധ്യമാകൂ. ആ സാമൂഹ്യമാറ്റമാണ് കമ്യൂണിസ്റ്റ് പാര്‍ടി ലക്ഷ്യമാക്കുന്നത്. എന്നാല്‍, പരിവര്‍ത്തനഘട്ടംവരെ ജനങ്ങള്‍ നരകിക്കട്ടെയെന്ന് പാര്‍ടി കരുതുന്നില്ല. നിലവിലുള്ള സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതപ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ഭരണവര്‍ഗ ജീര്‍ണതയ്ക്കും വര്‍ഗീയത ഉള്‍പ്പെടെയുള്ള തിന്മകള്‍ക്കുമെതിരെ പോരാടുകയും ചെയ്യുക എന്ന കടമകൂടി കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുക്കുന്നു. ഓരോ കാലത്തും രൂപപ്പെടുന്ന പ്രശ്നങ്ങളില്‍ ഇടപെട്ടും ഇരകളായി മാറുന്ന ജനവിഭാഗങ്ങളുടെ പ്രക്ഷോഭനിര കെട്ടിപ്പടുത്തുമാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആത്യന്തിക ലക്ഷ്യമായ സാമൂഹ്യമാറ്റ യത്നങ്ങളുമായി കണ്ണിചേര്‍ക്കപ്പെട്ടതാണ് ഈ ബഹുജന പ്രവര്‍ത്തനം.  

പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ ബഹുജനപ്രവര്‍ത്തനത്തിന് രണ്ടുതലങ്ങളുണ്ട്. ഒന്ന് പ്രശ്നാധിഷ്ഠിതമായി സമരങ്ങളുയര്‍ത്തി ജനങ്ങളുടെ ഐക്യനിര വിപുലപ്പെടുത്തുക. രണ്ട്, പാര്‍ലമെന്ററി സംവിധാനത്തെ ജനോപകാരപ്രദമായി വിനിയോഗിക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുക. ബഹുജനസമരങ്ങളിലൂടെ വിപുലീകൃതമാകുന്ന ഐക്യനിരയാണ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പുമുന്നണിക്ക് ആധാരം. ജനകീയവിഷയങ്ങളില്‍ സമാനചിന്താഗതി പുലര്‍ത്തുന്ന പാര്‍ടികള്‍ നിശ്ചിതമായ പ്രവര്‍ത്തനപദ്ധതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഭൂരിപക്ഷം നേടി ഭരണത്തിലേറുകയോ അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുകയോ ചെയ്യുന്നു. ഈ ഹ്രസ്വകാല അടവുനയത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെയും പ്രവര്‍ത്തനതന്ത്രമായി അവതരിപ്പിക്കുന്നത് മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിന് വിരുദ്ധമാണ്.

ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ അതിസമ്പന്നരാവുകയും ചെയ്യുന്ന മുതലാളിത്ത പ്രതിസന്ധിയെ മാര്‍ക്സിസ്റ്റ്– ലെനിനിസ്റ്റ് കാഴ്ചപ്പാടുള്ളവര്‍മാത്രമല്ല ഇന്ന് അഭിസംബോധന ചെയ്യുന്നത്. വാള്‍സ്ട്രീറ്റില്‍ ഉള്‍പ്പെടെ ഉയര്‍ന്ന 'ഞങ്ങള്‍ 99 ശതമാനം' എന്ന മുദ്രാവാക്യം പുതിയ ജനപക്ഷ രാഷ്ട്രീയബോധത്തിന്റെ സൂചനയാണ്്. മുതലാളിത്തലോകത്താകമാനം അതിസമ്പരായ ചെറുന്യൂനപക്ഷം സമ്പത്തിന്റെ സിംഹഭാഗവും കൈയടക്കിവച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന വര്‍ഗതാല്‍പ്പര്യവും മറ്റൊന്നല്ല. സിപിഐ എമ്മിന്റെ പാര്‍ടിപരിപാടിയില്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തെ ഇങ്ങനെ വിലയിരുത്തുന്നു.– 'സാമ്രാജ്യത്വവുമായും വന്‍കിട ഭൂപ്രഭുത്വവുമായും സന്ധിചെയ്തും വിലപേശിയും തങ്ങളുടെ വര്‍ഗത്തിന്റെ പദവിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവര്‍ ഭരണാധികാരത്തെ ഉപയോഗിച്ചുവരികയാണ്'. ഫ്യൂഡല്‍ ഭൂപ്രഭുത്വത്തെ തകര്‍ക്കാതെ, അവരുമായി സന്ധിചെയ്യുകയായിരുന്നു ഇന്ത്യന്‍ ബൂര്‍ഷ്വാസി. 'അതിനാല്‍ ഇന്നത്തെ ഇന്ത്യന്‍ സമൂഹം കുത്തക മൂലധന മേധാവിത്വവും ജാതി– മത– ഗോത്ര സ്ഥാപനങ്ങളും തമ്മിലുള്ള സവിശേഷ സംയോഗമാണ്'. ഈ അവശിഷ്ട പ്രാങ് മുതലാളിത്ത ജീര്‍ണതയെ വര്‍ഗീയതയാക്കി പരിവര്‍ത്തിപ്പിച്ച് നേട്ടം കൊയ്യാനാണ് ഹിന്ദുത്വരാഷ്ട്രീയത്തിലൂടെ സംഘപരിവാര്‍ പരിശ്രമിക്കുന്നത്. സാമ്പത്തികനയങ്ങളില്‍ ഒരേതൂവല്‍ പക്ഷികളായ ബിജെപിയും കോണ്‍ഗ്രസും സമ്പന്നവര്‍ഗത്തിന് ഒരേപോലെ സ്വീകാര്യരാണ്. വര്‍ഗീയതയോട് അവസരോചിതമായി സന്ധിചെയ്യുകയും മൃദുസമീപനം സ്വീകരിക്കുകയും വഴി കോണ്‍ഗ്രസ് മതനിരപേക്ഷ പാരമ്പര്യവും കളഞ്ഞുകുളിച്ചിരിക്കുന്നു.

ഈയൊരു പശ്ചാത്തലത്തിലാണ്, ഇന്ത്യയെന്ന ബഹുസ്വര രാഷ്ട്രത്തിന്റെ സമത്വപൂര്‍ണവും സമാധാനപരവുമായ ഭാവിക്ക് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രസക്തമാകുന്നത്. ഈ കാഴ്ചപ്പാട് ഏതെങ്കിലും സംസ്ഥാനത്തോ ദേശീയതലത്തിലോ തെരഞ്ഞെടുപ്പുസഖ്യം ലക്ഷ്യമാക്കിയുള്ളതല്ല. മറിച്ച് പ്രക്ഷോഭ സമരമാര്‍ഗങ്ങളിലൂടെ ജനകീയാടിത്തറ വിപുലപ്പെടുത്താനുള്ളതാണ്. തുടര്‍ന്ന് ജനകീയ ജനാധിപത്യമുന്നണിയും ജനകീയ ജനാധിപത്യ സര്‍ക്കാരും സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. 10–ാം കോണ്‍ഗ്രസ്മുതലിങ്ങോട്ട് വിവിധ ഘട്ടങ്ങളിലായി സിപിഐ എം പങ്കുവഹിച്ച എല്ലാ ദേശീയമുന്നണികളും ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 21–ാം പാര്‍ടി കോണ്‍ഗ്രസ് കൂടുതല്‍ വ്യക്തത വരുത്തി അംഗീകരിച്ചതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്ന രാഷ്ട്രീയ അടവുനയം.  

തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടി ഭരിക്കുകമാത്രമല്ല ലക്ഷ്യമെന്നിരിക്കെ, ജനകീയാടിത്തറ വിപുലപ്പെടുത്താനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനം കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒഴിവാക്കാനാകില്ല. അധ്വാനശക്തിയുടെ വിലയായ കൂലി വാങ്ങി ജീവിക്കുന്നവര്‍,ഭരണവര്‍ഗ നയങ്ങളുടെ ഫലമായി തൊഴിലും വരുമാനവും നഷ്ടപ്പെട്ട് പാപ്പരാക്കപ്പെടുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതില്‍ തൊഴിലാളികളും കര്‍ഷകരും ചെറുകിട കച്ചവടക്കാരും സാങ്കേതിക വിദഗ്ധരും പ്രൊഫഷണലുകളും എല്ലാമുണ്ട്. ഇവര്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ടികളില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കുന്നവരാകാം. എന്നാല്‍, കോര്‍പറേറ്റ് അനുകൂല ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന കെടുതികള്‍ കക്ഷിഭേദമെന്യേ എല്ലാവരെയും ബാധിക്കുന്നു. ഇതിനെതിരെ ഇന്ത്യയിലാകമാനം വളര്‍ന്നുവരുന്ന പ്രതിരോധം കൂടുതല്‍ കരുത്താര്‍ജിച്ചു. ആഗോളവല്‍ക്കരണനയത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ പിന്നിട്ട പതിറ്റാണ്ടില്‍ 15 ദേശീയ പണിമുടക്ക് ഇന്ത്യയില്‍ നടന്നു. ബിഎംഎസും ഐഎന്‍ടിയുസിയുമടക്കം കേന്ദ്ര ട്രേഡ് യൂണിയനുകളെല്ലാം സമീപകാല പണിമുടക്കുകളില്‍ ഒന്നിച്ച് അണിനിരന്നു. ബിജെപി കേന്ദ്രഭരണം നേടിയശേഷം ബിഎംഎസ് ദേശീയ പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയകാരണങ്ങളാല്‍മാത്രം. സെപ്തംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന ദേശീയ പൊതുപണിമുടക്ക് ഇന്ത്യയുടെ ചരിത്രഗതി നിര്‍ണയിക്കുന്നതാകും. കാര്‍ഷികമേഖലയിലും ഇത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരണം. വര്‍ഗീയവിപത്തിനെതിരായ ഐക്യനിരയും ഒപ്പം മുന്നേറേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top