25 March Saturday

സമ്പദ്‌വ്യവസ്ഥയുടെ നേർചിത്രം മറയ്‌ക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020


 

ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥ വീണ്ടെടുപ്പിന്റെ പാതയിലാണെന്ന ധനമന്ത്രി നിർമല സീതാരാമന്റെ അവകാശവാദത്തിൽ എന്തെങ്കിലും കഴമ്പുണ്ടോ? മന്ത്രി അങ്ങനെ പറഞ്ഞതിന് തൊട്ടുപിന്നാലെ പുറത്തുവന്ന ഔദ്യോഗികമായ രണ്ടു വിവരംതന്നെ അവകാശവാദത്തിൽ വസ്‌തുതയുടെ തരിമ്പുമില്ലെന്ന് അടിവരയിട്ട് പ്രഖ്യാപിക്കുന്നുണ്ട്.

ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് ജനുവരിയിൽ 7.59 ശതമാനമായി കൂടിയെന്നതാണ് അതിലൊരു വിവരം. 68 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. ഡിസംബറിലെ വ്യവസായോൽപ്പാദനം 0.3 ശതമാനം ഇടിഞ്ഞുവെന്നത് മറ്റൊരു കാര്യം. രണ്ടും കേന്ദ്ര സ്ഥിതിവിവര സംഘടന പുറത്തുവിട്ട റിപ്പോർട്ടുകൾ. വിലക്കയറ്റം വർധിക്കുന്ന സാഹചര്യത്തിൽ പലിശനിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് അടുത്തിടെ തീരുമാനിച്ചത് വേറൊരു വസ്‌തുത. അപ്പോൾ, നിർമല സീതാരാമൻ സമ്പദ് വ്യവസ്ഥയിലെ യാഥാർഥ്യം മറച്ചുവയ്‌ക്കാൻ ശ്രമിക്കുകയാണെന്ന് അറിയാൻ ഇത്രമാത്രംമതി.

ചൊവ്വാഴ്ച ലോക്‌സഭയിലും രാജ്യസഭയിലും ബജറ്റ് ചർച്ചയ്‌ക്ക് മറുപടി പറയുമ്പോഴാണ് ധനമന്ത്രി മറ്റൊരു ചിത്രം വരയ്‌ക്കാൻ ശ്രമിച്ചത്. ചില മേഖലകളിൽ ‘പച്ചച്ചിനപ്പുകൾ' (green shoots) കാണാൻ തുടങ്ങിയിരിക്കുന്നുവത്രേ. വിദേശനിക്ഷേപവും വിദേശനാണയശേഖരവും ഓഹരി സൂചികയുടെ മുന്നേറ്റവുമാണ് വാദത്തിന്‌ അടിസ്ഥാനമായി മന്ത്രി പറഞ്ഞത്.

മന്ത്രി പറയുന്നത് താൽക്കാലിക വിദേശനിക്ഷേപത്തെക്കുറിച്ചാണ്. ഓഹരി, പണക്കമ്പോളങ്ങളെ ലക്ഷ്യമിട്ടെത്തുന്ന ഈ നിക്ഷേപം ഏപ്രിൽ–- - നവംബർ കാലയളവിൽ 1260 കോടി ഡോളറായി വർധിച്ചുവെന്നാണ് കണക്ക്. അത് ശരിയായിരിക്കാം. പക്ഷേ, വിപണികളിലെ ചൂതാട്ടത്തെയും ലാഭത്തെയും മുൻനിർത്തിയെത്തുന്ന ഈ നിക്ഷേപങ്ങൾ ലാഭത്തിൽ എന്തെങ്കിലും കുറവുവരുമെന്നു കണ്ടാൽ, ഒറ്റയടിക്ക് പിൻവലിച്ച് രാജ്യം വിടും. ഫലം ഓഹരി- പണക്കമ്പോളങ്ങളിൽ വൻ തകർച്ച. എത്രയോ വട്ടം ഇത്‌ കണ്ടിരിക്കുന്നു. അമേരിക്കയിലടക്കം പലിശ നിരക്ക് കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നിക്ഷേപങ്ങൾ കൂടുതലായി എത്തുന്നത്. ഈ വിദേശനിക്ഷേപത്തിന്റെയോ, അതുമൂലം ഓഹരി വിപണിയിലുണ്ടാകുന്ന മുന്നേറ്റത്തിന്റെയോ പിൻബലത്തിൽ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്ന് പറയുന്നതിൽ ഒരർഥവുമില്ല. ഓഹരിസൂചിക സമ്പ‌ദ്‌വ്യവസ്ഥയുടെ ആരോഗ്യം സൂചിപ്പിക്കുന്നില്ല. രാജ്യത്തിന്റെ ഉൽപ്പാദനമേഖലകളെ ഈ നിക്ഷേപം ഒരുതരത്തിലും സഹായിക്കുന്നില്ല.

നവംബറിൽ നേരിയ വളർച്ച (1.8 ശതമാനം) രേഖപ്പെടുത്തിയ വ്യവസായോൽപ്പാദനം ഡിസംബറിൽ വീണ്ടും പിന്നോട്ടടിച്ചിരിക്കുകയാണ്. ആഗസ്‌ത്‌ ( –1.4 ശതമാനം), സെപ്തംബർ (–-4.6 ശതമാനം), ഒക്ടോബർ (– 4 ശതമാനം) മാസങ്ങളിലെ വൻ തകർച്ചയ്‌ക്കുശേഷമായിരുന്നു  നവംബറിലെ നേരിയ മുന്നേറ്റം. ഇപ്പോൾ വീണ്ടും തകർന്നു. മൂലധന ചരക്കുകളുടെയും (യന്ത്രസാമഗ്രികളും മറ്റും) അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ചരക്കുകളുടെയും ഉൽപ്പാദനം 18 ശതമാനം കുറഞ്ഞിട്ടുണ്ട്.

ഉൽപ്പന്നനിർമാണ വ്യവസായങ്ങളിലെ ഉൽപ്പാദനം ഡിസംബറിൽമാത്രം 1.2 ശതമാനം കുറഞ്ഞു. വൈദ്യുതി ഉൽപ്പാദനവും പിന്നോട്ടടിച്ചു. ഇതോടൊപ്പം സാധനങ്ങളുടെ ചില്ലറവിപണിയിലെ വിലക്കയറ്റം ഡിസംബറിലെ 7.35 ശതമാനത്തിൽനിന്ന് ജനുവരിയിൽ 7.59 ശതമാനമായി വർധിച്ചു. പച്ചക്കറി, ഇറച്ചി, ധാന്യങ്ങൾ, പയറുവർഗങ്ങൾ, മീൻ എന്നിവയുടെയെല്ലാം വില കൂടി. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 13.63 ശതമാനമാണ്. സമ്പദ്‌‌വ്യവസ്ഥയിലെ ഈ നേർചിത്രം ഒളിപ്പിച്ചുവയ്‌ക്കാനാണ്‌ സർക്കാർ തുടർച്ചയായി ശ്രമിക്കുന്നത്.

ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥ നേരിടുന്ന യഥാർഥ പ്രശ്നമെന്തെന്ന് പഠിക്കാൻ മോഡി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഇതോടൊപ്പം കാണണം. 2014ലെ തെരഞ്ഞെടുപ്പിനുമുമ്പ് സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് നരേന്ദ്ര മോഡി ആവശ്യപ്പെടുകയുണ്ടായി. ഇപ്പോൾ ആറു വർഷത്തോളമായി മോഡി ഭരണത്തിലാണ്. ധവളപത്രം ഇറക്കാമെന്ന് സർക്കാർ ഒരിക്കലും ആലോചിട്ടില്ല. അതിനു പകരം, സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ മൂടിവയ്‌ക്കാനും പെരുപ്പിച്ച തെറ്റായ കണക്കുകൾ  പുറത്തുവിടാനുമാണ് എപ്പോഴും ആലോചന. യഥാർഥ സ്ഥിതി പ്രതീക്ഷിച്ചതിനേക്കാൾ മോശമാണെന്ന് 2018ൽ മോഡിതന്നെ പറഞ്ഞതും  ചേർത്തുവായിക്കാം.

നിർമല സീതാരാമന്റെ ബജറ്റിലാകെ തപ്പിനോക്കിയാൽ "മാന്ദ്യം' എന്ന വാക്ക് ഒരിടത്തും കാണില്ല. സാമ്പത്തികവളർച്ച കുറയുന്നതും ബജറ്റിലില്ല. ബജറ്റിന്റെ തലേന്ന് അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ ‘മാന്ദ്യ'കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, സമ്പദ്‌‌വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങൾ ഭദ്രമാണെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. അപ്പോൾ, ബജറ്റ് ചർച്ചയുടെ മറുപടിയിൽ സമ്പദ്‌വ്യവസ്ഥ മുന്നേറുന്നുവെന്ന് പറഞ്ഞതിൽ അത്ഭുതത്തിന് കാര്യമില്ലല്ലോ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top