07 July Tuesday

മത-ജാതി രാഷ്ട്രീയം പിടിമുറുക്കിയ ജനവിധി

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2017

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയിലും ഉത്തരാഖണ്ഡിലും നേടിയ വിജയമാണ് ബിജെപിയെ ഏറെ ആഹ്ളാദിപ്പിക്കുന്നത്. രണ്ടിടത്തും നാലില്‍മൂന്ന് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തി. അകാലിദളുമായി അധികാരം പങ്കിട്ടിരുന്ന പഞ്ചാബിലും തനിച്ച് ഭരിച്ച ഗോവയിലും ബിജെപി നേരിട്ട തിരിച്ചടിയും അത്രതന്നെ കനപ്പെട്ടതാണ്. ഉത്തരാഖണ്ഡിലും മണിപ്പുരിലും ഭരണത്തില്‍നിന്ന് പുറത്തായ കോണ്‍ഗ്രസ്് പഞ്ചാബില്‍ നേടിയത് ആശ്വാസവിജയംതന്നെ. ഗോവയിലും മണിപ്പുരിലും കുതിരക്കച്ചവടത്തിലൂടെ ഭരണം കൈയടക്കാനുള്ള ഓട്ടത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. യുപിയില്‍ സമാജ്വാദി പാര്‍ടിയും ബിഎസ്പിയും പഞ്ചാബില്‍ അകാലിദളും വ്യത്യസ്ത ഘട്ടങ്ങളില്‍ അധികാരത്തിലിരുന്ന പ്രാദേശിക കക്ഷികളാണ്. ഇവയുടെ തകര്‍ച്ചയാകട്ടെ അമ്പരപ്പിക്കുന്നതുമാണ്. സ്വാതന്ത്യ്രപ്രസ്ഥാനത്തിന്റെ പൈതൃകവുമായി ദീര്‍ഘകാലം രാജ്യഭരണം കൈയാളിയ കോണ്‍ഗ്രസിന്റെ പതനത്തിന്റെ ആഴമറിയാന്‍ യുപിയിലും ഉത്തരാഖണ്ഡിലും അവര്‍ നേടിയ സീറ്റുകളുടെ എണ്ണം നോക്കിയാല്‍ മതിയാകും. ഒരു ജനകീയ ബദലിന്റെ പ്രതീക്ഷകളുണര്‍ത്തി ഡല്‍ഹിയില്‍ അധികാരത്തില്‍വന്ന ആം ആദ്മി പാര്‍ടി പഞ്ചാബില്‍ അവകാശപ്പെട്ട വിജയത്തിന്റെ അടുത്തുപോലും എത്തിയില്ലെങ്കിലും ഭരണമുന്നണിയെ മുന്നാംസ്ഥാനത്തേക്ക് തള്ളി പ്രതിപക്ഷനേതൃത്വം ഉറപ്പാക്കി. ഗോവയിലും എഎപി സീറ്റൊന്നും നേടിയില്ല.

ഇന്ത്യയുടെ ഹൃദയഭൂമിയെന്ന് വിശേഷിപ്പിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വലിയൊരു വിഭാഗം വിധിയെഴുതിയ തെരഞ്ഞെടുപ്പില്‍, ജനങ്ങളുടെ പ്രശ്നങ്ങളിലോ വികസനകാഴ്ചപ്പാടുകളിലോ പൊതുവായ ദിശാബോധമോ നിലപാടോ വോട്ടര്‍മാര്‍ പുലര്‍ത്തിയതായി കാണാനാകില്ല. തെരഞ്ഞെടുപ്പുവിജയത്തിനുള്ള ചേരുവകളും ഭരണവിരുദ്ധ വികാരവും ഫലപ്രദമായി പ്രയോഗിച്ചവര്‍ ഓരോയിടത്തും വിജയം നേടി. ഏത് ലക്ഷ്യത്തിലേക്കാണ് ജനവിധി വിരല്‍ചൂണ്ടേണ്ടത് അതിന് വിപരീതദിശയിലേക്കാണ് വോട്ടര്‍മാര്‍ ആട്ടിത്തെളിക്കപ്പെട്ടത്. വിലക്കയറ്റമോ കാര്‍ഷികത്തകര്‍ച്ചയോ തൊഴിലില്ലായ്മയോ പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണമോ നോട്ട് പ്രതിസന്ധിയോ ഒന്നുമല്ല വോട്ടര്‍മാരുടെ മുന്നിലെത്തിയത്. പകരം ഖബറിസ്ഥാനുമാത്രം ഭൂമി കൊടുത്താല്‍ മതിയോ; ഹിന്ദു ശ്മശാനത്തിനും വേണ്ടേ ഭൂമി? വൈദ്യുതിവിളക്ക് മുസ്ളിമിന്റെ വീട്ടില്‍മാത്രമല്ലേ ഉള്ളൂ? തുടങ്ങിയ ചോദ്യങ്ങളാണ് ജനങ്ങളുടെ മുന്നില്‍ വച്ചത്. ഫത്തേപ്പുരില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രധാനമന്ത്രിയുടെ നാവില്‍നിന്നുതന്നെയായിരുന്നു ഈ വിഷപ്രയോഗം. കാണ്‍പുര്‍ തീവണ്ടി അപകടത്തിന് കാരണം വിദഗ്ധരൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, അത് ആസൂത്രണം ചെയ്തത് പാകിസ്ഥാനിലാണെന്ന് പ്രധാനമന്ത്രിക്ക് സംശയമുണ്ടായില്ല. മുംബൈ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റിയ കസബിനെ എതിര്‍കക്ഷികളുടെ പേരുമായി ചേര്‍ത്ത് അവതരിപ്പിക്കാനും മോഡി തയ്യാറായി.

മതത്തിന്റെ പേരില്‍മാത്രമായിരുന്നില്ല മനസ്സുകളെ വിഭജിച്ചത്.  ബ്രാഹ്മണര്‍, യാദവര്‍, ജാട്ടുകള്‍, ബനിയ, ദളിതന്‍, ന്യൂനപക്ഷങ്ങള്‍, പിന്നോക്കക്കാര്‍ എന്നിങ്ങനെ ജാതി- മത രാഷ്ട്രീയത്തിന്റെ കളങ്ങളില്‍മാത്രമാണ് യുപിയില്‍ കരുക്കള്‍ നീങ്ങിയത്. എസ്പിയും ബിഎസ്പിയും സ്വന്തമാക്കി വച്ചിരുന്ന ന്യൂനപക്ഷ- ദളിത് വോട്ടുബാങ്കുകളിലേക്ക് ബിജെപിക്ക് കടന്നുകയറാന്‍ സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. മതനിരപേക്ഷ- ജനപക്ഷ രാഷ്ട്രീയം പൊതുവായി ജനങ്ങളുടെ മുന്നില്‍വയ്ക്കുന്നതിലോ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അപകടം ജനങ്ങളെ പഠിപ്പിക്കുന്നതിലോ പ്രാദേശിക കക്ഷികള്‍ വിജയിച്ചില്ല. എതിരാളികളുടെ തമ്മിലടിയും ജാതിരാഷ്ട്രീയത്തിന്റെ ഉള്‍പ്പിരിവുകളും ബിജെപി മുതലാക്കി. ഹിന്ദുത്വവാദികളുടെ തീവ്രവര്‍ഗീയതക്കെതിരെയും ജനകീയ രാഷ്ട്രീയബദല്‍ ഉയര്‍ത്തിയും പോരാടാന്‍ ആളില്ലാത്ത സ്ഥലങ്ങളില്‍ ന്യൂനപക്ഷവോട്ടുകള്‍പോലും ബിജെപിക്ക് ചായുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബീഫ് കഴിച്ചുവെന്ന കള്ളക്കഥയുണ്ടാക്കി അഖ്ലാക് എന്ന കുടുംബനാഥനെ തല്ലിക്കൊന്ന ദാദ്രിയിലടക്കം യുപിയിലെ മുസ്ളിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ബിജെപി നേടിയ വിജയം ന്യൂനപക്ഷമനസ്സുകളില്‍ ചൂഴ്ന്നുനില്‍ക്കുന്ന ഭയത്തിന്റെ അന്തരീക്ഷമാണ് വ്യക്തമാക്കുന്നത്. മുലായം- അഖിലേഷ് അഭിപ്രായഭിന്നതയ്ക്കിടയില്‍ ജൂനിയര്‍ പാര്‍ട്ണര്‍ വേഷംകെട്ടിയ കോണ്‍ഗ്രസിന്റെ തകര്‍ച്ച അതിദയനീയമാണ്. വിശ്വാസയോഗ്യമായ ഒരു ബദല്‍ ഇല്ലാതെ പോകുമ്പോള്‍ സംഭവിക്കാവുന്ന താല്‍ക്കാലിക കുതിപ്പുമാത്രമായേ യുപിയില്‍ ബിജെപിയുടെ തരംഗത്തെ വിലയിരുത്തേണ്ടതുള്ളൂ. കോണ്‍ഗ്രസിനും ബിഎസ്പി- എസ്പി കക്ഷികള്‍ക്കും നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കാനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 

മതവികാരത്തിന്റെയും ജാതിരാഷ്ട്രീയ കൂട്ടുകെട്ടിന്റെയും സമ്മിശ്രമായ പ്രയോഗത്തിലൂടെയാണ് യുപിയില്‍ ബിജെപി നേട്ടമുണ്ടാക്കിയതെന്ന സിപിഐ എം പൊളിറ്റ്ബ്യൂറോയുടെ പ്രതികരണം വിരല്‍ചൂണ്ടുന്നതും ഈ ആപത്തിലേക്കുതന്നെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റിയ ഈ തന്ത്രം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനായത് തീവ്ര ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെടുത്താന്‍ പ്രേരണയാകുമെന്ന മുന്നറിയിപ്പും സിപിഐ എം നല്‍കുന്നു. പഞ്ചാബ് ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ തെരഞ്ഞെടുപ്പുവിഷയമായില്ലെങ്കിലും വിജയത്തെ നയങ്ങള്‍ക്കുള്ള അംഗീകാരമായി ചിത്രീകരിച്ച് സാമ്പത്തിക നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ മോഡി തയ്യാറായേക്കും.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെന്നതാണ് പല സുപ്രധാന ഭരണഘടനാ ഭേദഗതികളും കൊണ്ടുവരുന്നതില്‍നിന്ന് ബിജെപിയെ വിലക്കുന്നത്. യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്ന് പുതിയ രാജ്യസഭാംഗങ്ങള്‍ വരുന്നതോടെ ബിജെപിയുടെ നില മെച്ചപ്പെടും. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തീവ്ര ഹിന്ദുത്വനിലപാടുകളുള്ള ഒരാളെത്തന്നെ ബിജെപി നിര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചു. ഇതെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ, ബഹുസ്വര, ഫെഡറല്‍, പാര്‍ലമെന്ററി മൂല്യങ്ങള്‍ക്കുനേരെയാണ് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. വിശ്വാസയോഗ്യമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന കക്ഷികളുടെ യോജിച്ച പോരാട്ടമാണ് ആവശ്യം *             
 

 

 

 
പ്രധാന വാർത്തകൾ
 Top