29 February Saturday

ലിബിയ: അമേരിക്കന്‍ ഇടപെടല്‍ പ്രശ്നം വഷളാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2016


ഈ മാസം ഒന്നിനാണ് ലിബിയന്‍ നഗരമായ സിര്‍തില്‍ അമേരിക്ക ബോംബാക്രമണം ആരംഭിച്ചത്. കഴിഞ്ഞ ജൂണില്‍ ഇസ്ളാമിക് സ്റ്റേറ്റ് പിടിച്ചെടുത്ത ഈ തുറമുഖനഗരം ട്രിപോളിയിലെ സര്‍ക്കാരിനുവേണ്ടി തിരിച്ചുപിടിക്കാനാണ് വ്യോമാക്രമണമെന്നാണ് വാഷിങ്ടണ്‍ നല്‍കുന്ന വിശദീകരണം. ട്രിപോളിയില്‍ യുഎന്നിന്റെയും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാഷ്ട്രങ്ങളുടെയും പിന്തുണയോടെയുള്ള ഫയേസ് അല്‍ സറാജ് സര്‍ക്കാരിനെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയുമാണ് അമേരിക്കയുടെ ലക്ഷ്യം. ലിബിയക്ക് വിദേശ ഇടപെടല്‍ വേണ്ടെന്ന് സറാജ് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് അമേരിക്കയുടെ വ്യോമാക്രമണമെന്നതും ശ്രദ്ധേയമാണ്.  അമേരിക്കയുടെ ഈ സൈനിക ഇടപെടല്‍ എത്രകാലം തുടരും? ഐഎസിന്റെ പ്രതികരണം എന്തായിരിക്കും? ലിബിയയില്‍ത്തന്നെയുള്ള മറ്റ് ജിഹാദി സേനകള്‍ ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുക? തുടങ്ങിയ പല ചോദ്യങ്ങളും അമേരിക്കയുടെ ഇടപെടല്‍ ഉയര്‍ത്തുന്നുണ്ട്. 

അമേരിക്കന്‍ കോണ്‍ഗ്രസിന്റെപോലും അനുമതി തേടാതെയാണ് ബറാക് ഒബാമ സര്‍ക്കാര്‍ ലിബിയന്‍ ആക്രമണം ആരംഭിച്ചിട്ടുള്ളത്. ഫിലാഡല്‍ഫിയയില്‍ ചേര്‍ന്ന ഡെമോക്രാറ്റിക് പാര്‍ടി കണ്‍വന്‍ഷനില്‍ സംസാരിച്ച പ്രസിഡന്റ് ഒബാമ ലിബിയന്‍ ആക്രമണത്തിന്റെ ഒരു സൂചനയും നല്‍കിയിരുന്നില്ല. സ്വന്തം പാര്‍ടിയെയും അമേരിക്കയിലെ ജനങ്ങളെയും ഇരുട്ടില്‍നിര്‍ത്തിയാണ് ഒബാമ ഭരണകൂടം മറ്റൊരു രാഷ്ട്രത്തില്‍ക്കൂടി സൈനികമായി ഇടപെടാന്‍ ആരംഭിച്ചത്. 2001 സെപ്തംബര്‍ 11 ആക്രമണത്തിനുശേഷം ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നേരിടാന്‍ സര്‍ക്കാരിന് അനുവാദമുണ്ടെന്ന ന്യായം പറഞ്ഞാണ് ഒബാമയുടെ ഈ ആക്രമണം. 

സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിടുന്ന ഐഎസ് ലിബിയയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കയാണെന്നും അത് തടയാനാണ് ആക്രമണമെന്നുമാണ് അമേരിക്കന്‍ ന്യായീകരണം. സിറിയയിലും ഇറാഖിലും ഐഎസ് നേരിടുന്ന തിരിച്ചടിക്ക് കാരണം അമേരിക്കയല്ലെന്നതും അവരെ അലോസരപ്പെടുത്തുന്നു. സിറിയയില്‍ ബഷര്‍ അല്‍ അസദിന്റെ സൈന്യവും റഷ്യയുമാണ് ഐഎസിന് കനത്ത ആഘാതം ഏല്‍പ്പിക്കുന്നതെങ്കില്‍ ഇറാഖില്‍ കുര്‍ദിഷ് സേനയാണ് ചെറുത്തുനില്‍പ്പ് നടത്തുന്നത്. ഇതിനാലാണ് നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പ് ഐഎസിനെ പരാജയപ്പെടുത്തിയെന്ന ഖ്യാതി നേടുക ലക്ഷ്യമാക്കി സിര്‍തില്‍ വ്യോമാക്രമണം തുടങ്ങിയത്.

വധിക്കപ്പെട്ട പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുടെ നാടും തുറമുഖനഗരവുമായ സിര്‍തും കിഴക്കന്‍ നഗരമായ ബങ്കാസിയും ദെര്‍നയും പശ്ചിമ നഗരമായ സബരാത്തയും മറ്റും ഐഎസിന്റെ കേന്ദ്രങ്ങളാണെന്നത് വസ്തുതയാണ്. എന്നാല്‍, അമേരിക്ക ആരംഭിച്ച വ്യോമാക്രമണം കൊണ്ടുമാത്രം ലിബിയയിലെ ഐഎസ് സ്വാധീനം ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം, ഇറാഖിലെയും സിറിയയിലെയും ആഭ്യന്തരയുദ്ധവുമായി ലിബിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ബന്ധമുണ്ട്. സിറിയയിലും ഇറാഖിലും കേന്ദ്രീകൃത അധികാരമുള്ള ഒരു സര്‍ക്കാരുണ്ടെങ്കില്‍ ലിബിയയില്‍ അത്തരമൊരു സംവിധാനമില്ല. ലിബിയയിലെ വ്യത്യസ്ത ഗോത്രത്തിലും വംശത്തിലുംപെട്ട ജനവിഭാഗങ്ങളെ ഒരു അധികാരകേന്ദ്രത്തിനു കീഴില്‍ ഒരുപരിധിവരെ ഏകോപിച്ച് നിര്‍ത്തിയത് കേണല്‍ ഗദ്ദാഫിയായിരുന്നു. എന്നാല്‍, ഗദ്ദാഫിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ 2011ല്‍ പട നയിച്ചത് അമേരിക്കയും പാശ്ചാത്യശക്തികളുമാണ്. ഗദ്ദാഫി വിമതര്‍ ബങ്കാസിയില്‍ പ്രതിഷേധം ആരംഭിച്ചപ്പോള്‍ അതിന് എരിവും പുളിയും നല്‍കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മറ്റും രംഗത്തുവന്നു. പേരിനുപോലും സമാധാനനീക്കം  ഉണ്ടായില്ല. മാത്രമല്ല, നാറ്റോ സേനയെ വിമതര്‍ക്ക് പിന്തുണയുമായി അയക്കുകയും ചെയ്തു. ഗദ്ദാഫിയുടെ കൊലപാതകത്തോടെ ഏകീകൃതമായ ഒരു ഭരണം ലിബിയക്ക് നഷ്ടമായി. നിലവില്‍ ലിബിയയില്‍ രണ്ട് സര്‍ക്കാരുണ്ട്. ട്രിപോളി കേന്ദ്രമായി പാശ്ചാത്യപിന്തുണയുള്ള സറാജ് സര്‍ക്കാരാണ് ഭരണം നടത്തുന്നതെങ്കില്‍ തോബ്രുക്ക് കേന്ദ്രമാക്കി കിഴക്കന്‍ ലിബിയയുടെ ഭരണം ഖലീഫ ഹഫ്തറാണ് നടത്തുന്നത്. ഗദ്ദാഫിയുടെ കാലത്തെ ജനറലാണ് ഹഫ്തര്‍. ട്രിപോളി സര്‍ക്കാരിനെ ഇതുവെരയും ഹഫ്തര്‍ അംഗീകരിച്ചിട്ടില്ല. അമേരിക്ക ഇപ്പോള്‍ ഐഎസിനെതിരെ നടത്തുന്ന വ്യോമാക്രമണത്തിന് ഹഫ്തറുടെ പിന്തുണയില്ലെന്നര്‍ഥം. അതുകൊണ്ട് ഈ സൈനികനീക്കം പൂര്‍ണമായും വിജയിക്കുമെന്ന് പറയാനാകില്ല. ലിബിയയില്‍നിന്ന് ഐഎസിനെ തുരത്തണമെങ്കില്‍ ആദ്യം വേണ്ടത് ട്രിപോളിയില്‍ എല്ലാ ജനവിഭവഗങ്ങളും അംഗീകരിക്കുന്ന ശക്തമായ ഒരു സര്‍ക്കാരിനെ അധികാരമേല്‍പ്പിക്കുകയാണ്. എങ്കില്‍മാത്രമേ ഐഎസു പോലുള്ള ഭീകരസംഘടനകളെ പരാജയപ്പെടുത്താന്‍ കഴിയൂ. അതിനായുള്ള ചര്‍ച്ചയും നയതന്ത്രനീക്കങ്ങളുമാണ് ആവശ്യമായിട്ടുള്ളത്. ആഭ്യന്തരയുദ്ധത്തിലും വൈദേശിക ഇടപെടലുകളും കാരണം തകര്‍ന്നടിഞ്ഞ ലിബിയയില്‍ വീണ്ടും ബോംബാക്രമണംകൊണ്ട് ഐഎസുപോലുള്ള ഭീകരസംഘങ്ങളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൌഢ്യമായിരിക്കും

പ്രധാന വാർത്തകൾ
 Top