05 June Monday

സാമ്പത്തികക്കുഴപ്പം മറികടക്കാനാവില്ല

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020


രണ്ടേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവിൽ തളർന്ന കേന്ദ്ര ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തിന്റെ അവസാനത്തെ രണ്ട്‌ പേജ്‌ വായിക്കാതെ സഭയുടെ മേശപ്പുറത്ത്‌ വയ്‌ക്കുകയാണുണ്ടായത്‌. രണ്ടാം മോഡി സർക്കാരിന്റെ ആദ്യബജറ്റ്‌ ധനമന്ത്രിയെ മാത്രമല്ല, ജനങ്ങളെയാകെ തളർത്തുന്നതാണ്‌. വാചകക്കസർത്തും തലതിരിച്ചിട്ട കണക്കുകളുംകൊണ്ട്‌ ഇല്ലാത്ത ശുഭാന്തരീക്ഷം സൃഷ്ടിക്കാനുള്ള വിഫലശ്രമമായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റേത്‌.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌ എന്ന്‌ അറിയാത്തവരായി ആരുംതന്നെയില്ല. എന്നാൽ, ബജറ്റ്‌ പ്രസംഗം വായിക്കുന്ന ആർക്കും ഇത്തരമൊരു പ്രതിസന്ധിയുള്ളതായി കാണാനാകില്ല. രാജ്യത്തിന്റെ വളർച്ചനിരക്ക്‌ അഞ്ച്‌ ശതമാനത്തിലും താഴെയാണിന്ന്‌. കഴിഞ്ഞ ആറുപാദത്തിലും വളർച്ച കുറഞ്ഞുവരികയായിരുന്നു. 45 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. എന്നാൽ, ഈ വസ്‌തുതകൾ സമ്മതിക്കാനോ അതിന്‌ പരിഹാരം കാണാനോ ഉള്ള  മാർഗമൊന്നും ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നില്ല. 2020–-21 ൽ 10 ശതമാനം വളർച്ച നേടുമെന്നാണ്‌ ധനമന്ത്രി പ്രതീക്ഷ വച്ചുപുലർത്തുന്നത്‌. കഴിഞ്ഞ സാമ്പത്തികവർഷം 12 ശതമാനം പ്രതീക്ഷിച്ചിടത്ത്‌ 7.5 ശതമാനം മാത്രമാണ്‌ നേടാനായത്‌. സ്വാഭാവികമായും പുതിയ പ്രതീക്ഷയും അസ്ഥാനത്താകുമെന്ന്‌ സാമ്പത്തികശാസ്‌ത്രം അറിയുന്ന എല്ലാവർക്കുമറിയാം. ഇന്ത്യൻ സമ്പദ്‌‌വ്യവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ മോഡി സർക്കാരിനില്ലെന്ന്‌ ചില സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടാനുള്ള കാരണവും ഇതുതന്നെയാണ്‌. ഇന്നത്തെ പ്രതിസന്ധി മറികടക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌ എന്ന കാര്യത്തിൽ ഇരുട്ടിൽത്തപ്പുകയാണ്‌ ബജറ്റ്‌. എന്നിട്ടും മോഡി സർക്കാരിന്റെ അവകാശവാദമാകട്ടെ  സമ്പദ്‌വ്യവസ്ഥയുടെ ആധാരശിലകൾ ഭദ്രമാണെന്നും.

പൊതുചെലവുകൾ വർധിപ്പിച്ച്‌ ജനങ്ങളുടെ കൈവശം പണമെത്തിക്കുകയും അതിലുടെ ചോദനം വളർത്തുകയുമാണ്‌ സാമ്പത്തികമാന്ദ്യം പരിഹരിക്കാനുള്ള ഫലപ്രദമായ മാർഗം. എന്നാൽ, അതിനാവശ്യമായ നടപടികൾ ഒന്നുംതന്നെ ബജറ്റിലില്ല. പശ്‌ചാത്തല സൗകര്യവികസനത്തിന്‌ 100 ലക്ഷംകോടിയുടെ പദ്ധതി നടപ്പാക്കുമെന്നത്‌ മുൻബജറ്റിന്റെ ആവർത്തനം മാത്രമാണ്‌. ജനങ്ങളുടെ കൈവശം പണം എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല പദ്ധതിയാണ്‌ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി. രാഷ്ട്രപിതാവിനോടുള്ളതിനേക്കാളും അദ്ദേഹത്തിന്റെ ഘാതകനോട്‌ ആഭിമുഖ്യമുള്ള സർക്കാർ ഈ പദ്ധതിയോടും മുഖംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയതിനേക്കാൾ 9500 കോടിരൂപ കുറവാണ്‌ ഇക്കുറി വകയിരുത്തിയിട്ടുള്ളത്‌. സാമൂഹ്യ സുരക്ഷാപദ്ധതികൾക്കെല്ലാം വകയിരുത്തിയ തുക ചെലവഴിക്കാത്ത സർക്കാരാണ്‌ ഇതെന്നും ബജറ്റ്‌ വ്യക്തമാക്കുന്നു. 

മധ്യവർഗത്തിന്റെ കൈകളിൽ കൂടുതൽ പണമെത്തിക്കുന്നതിനാണ്‌ ആദായനികുതിയിനത്തിൽ ചില പരിഷ്‌കാരങ്ങൾ വരുത്തിയതെന്ന അവകാശവാദവും പൊള്ളയാണ്‌. രണ്ടുതരം ആദായനികുതിഘടന പ്രഖ്യാപിച്ച്‌ നിലവിലുള്ള ഇളവുകൾ പൂർണമായും ഇല്ലാതാക്കുകയാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. കോർപറേറ്റുകൾക്ക്‌ നേരത്തെയും ബജറ്റിലും (ഡിവഡന്റ്‌ ഡിസ്‌ട്രിബ്യൂഷൻ ടാക്‌സ്‌ എടുത്തുകളഞ്ഞു) വാരിക്കോരി നൽകിയ രണ്ട്‌ ലക്ഷംകോടി രൂപയുടെ നികുതി ഇളവുകൾക്കെതിരെ പതഞ്ഞുയരുന്ന രോഷം തടയുന്നതിനാണ്‌ മധ്യവർഗത്തിന്റ കണ്ണിൽ പൊടിയിടുന്ന ചില നീക്കങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്‌.  കാർഷികമേഖലയ്‌ക്ക്‌ പ്രഖ്യാപിച്ച പദ്ധതികൾ എല്ലാംതന്നെ മുൻ ബജറ്റുകളിൽ നടക്കാതെ പോയതാണ്‌. ആഗോള വിശപ്പ്‌ സൂചികയിൽ 117 രാഷ്ട്രങ്ങളുടെ പട്ടികയിൽ 102–-ാം സ്ഥാനത്തായിട്ടുപോലും പോഷൺ അഭിയാന്‌ നാമമാത്ര വർധന മാത്രമാണ്‌ വരുത്തിയിട്ടുള്ളത്‌. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി പദ്ധതിക്ക്‌ തുകയൊന്നും വർധിപ്പിച്ചിട്ടുമില്ല. 

സർക്കാർ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക കമ്മി നികത്തുന്നതിന്‌ പൊതുമേഖലയെ വിറ്റുതുലയ്‌ക്കുക എന്ന നയമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. എയർ ഇന്ത്യ, ബിപിസിഎൽ എന്നിവയ്‌ക്കുപുറമെ എൽഐസിയും ഐഡിബിഐയും വിൽക്കുമെന്ന പ്രഖ്യാപനമാണ്‌ ബജറ്റിലുള്ളത്‌. ജനസംഖ്യയിൽ മൂന്നിലൊന്നുപേരുമായി നേരിട്ട്‌ ബന്ധമുള്ള എൽഐസിയെ തകർക്കാനുള്ള നീക്കം വൻപ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. 2.1 ലക്ഷംകോടി രൂപയാണ്‌ ഓഹരിവിൽപ്പനയിലൂടെ നേടാൻ ലക്ഷ്യമിട്ടിട്ടുള്ളത്‌. സ്വാഭാവികമായും പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാംതന്നെ വിൽക്കപ്പെടുമെന്ന്‌ സാരം.

ഫെഡറൽ സംവിധാനത്തെ തകർക്കുംവിധം ബിജെപി ഇതര സർക്കാരുകളോട്‌ കാണിക്കുന്ന വിവേചനം ബജറ്റിലും നിഴലിച്ചുകാണാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരളത്തോടുള്ള സമീപനംതന്നെ ഉദാഹരണം. പ്രളയദുരിതാശ്വാസം നിഷേധിച്ചതിനുപിന്നാലെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ 5000 കോടി രൂപയുടെ കുറവാണ്‌ വരുത്തിയിട്ടുള്ളത്‌. റബർ കർഷകർക്കുള്ള വിലസ്ഥിരതാ നിധിക്ക്‌ 500 കോടി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. അതോടൊപ്പം പ്രവാസി ഇന്ത്യക്കാരെ നികുതിവലയിലാക്കിയതും കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഏത്‌ കോണിലൂടെ നോക്കിയാലും സാധാരണ ജനങ്ങളെ കൂടുതൽ ദുസ്സഹമാക്കുന്നതാണ്‌ ഈ പതിറ്റാണ്ടിലെ ആദ്യകേന്ദ്രബജറ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top