09 June Friday

കാവിത്തിരയ്‌ക്കെതിരെ പ്രതിഷേധത്തിര

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022


ഇന്ത്യയുടെ 53–-ാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ ഗോവയിൽ തിരശ്ശീല താഴുമ്പോൾ  ഹിന്ദി സിനിമാ വേദിയെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക്‌ എതിരായ ഈടുറ്റ  സംവാദത്തിന്‌ തിരശ്ശീല ഉയരുകയാണ്‌. എക്കാലവും ഇന്ത്യൻ ഭരണകൂടത്തിന്റെ നയങ്ങളുടെ പ്രതിബിംബമായി പ്രവർത്തിക്കുന്ന ബോളിവുഡ്‌ സിനിമകളിൽ രാജ്യത്തിന്റെ ബഹുസ്വരതയെയും ഭിന്നസംസ്‌കാരത്തെയുമൊക്കെ ഒട്ടൊക്കെ പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നത്‌ മറന്നുകൂടാ. എന്നാൽ, സിനിമയെ തങ്ങളുടെ രാഷ്‌ട്രീയ പ്രചാരണത്തിനും സങ്കുചിത ദേശീയതയുടെ ആവിഷ്‌കാരത്തിനുമായി ദുരുപയോഗിക്കുന്നതിന്‌ എതിരെയുള്ള കലാപരമായ പ്രതിഷേധമാണ്‌ ഗോവയിൽനിന്നുയർന്നത്‌. അതും ജൂറി ചെയർമാനായ ഇസ്രയേലി സംവിധായകൻ നദവ്‌ ലാപിഡിൽനിന്ന്‌. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനം ചിത്രീകരിക്കാനെന്ന പേരിൽ സംഘപരിവാറുകാരനായ വിവേക്‌ അഗ്‌നിഹോത്രി സംവിധാനംചെയ്‌ത  ‘ദ കശ്‌മീർ ഫയൽസി’നെയാണ്‌ ലാപിഡ്‌ രൂക്ഷമായി വിമർശിച്ചത്‌. കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് താക്കൂറും മറ്റു പല ബിജെപി നേതാക്കളുമുള്ള സദസ്സിൽ ലാപിഡ്‌ ഇങ്ങനെ പറഞ്ഞു:  ‘മത്സര വിഭാഗത്തിൽ 15 സിനിമയാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ 14ഉം മികച്ചവയാണ്‌. 15–-ാം  സിനിമ ഞങ്ങളെ അസ്വസ്ഥരാക്കി, അമ്പരപ്പിച്ചു. അശ്ലീലമായ ഒരു പ്രചാരണ സിനിമ മികവേറിയ മേളയുടെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയത്‌ ഉചിതമല്ല എന്നാണ്‌ ഞങ്ങൾ വിലയിരുത്തിയത്‌’.

ലാപിഡിന്റെ വിമർശത്തിന്റെ ക്ഷീണം മാറ്റാൻ ഇസ്രയേലി സ്ഥാനപതിയെ നിർബന്ധപൂർവം കളത്തിലിറക്കി കേന്ദ്രസർക്കാർ. ‘ദ കശ്‌മീർ ഫയൽസി’നെ സ്‌റ്റീവൻ സ്‌പിൽബർഗിന്റെ ഷിൻഡ്‌ലേഴ്‌സ്‌ ലിസ്റ്റുമായി  താരതമ്യപ്പെടുത്തിയ സ്ഥാനപതി നഓർ ഗിലോൺ, ഇന്ത്യ നൽകിയ ക്ഷണത്തെയും ഊഷ്‌മളമായ ആതിഥേയത്വത്തെയും ലാപിഡ്‌ ദുരുപയോഗിച്ചെന്ന്‌ ആരോപിച്ച്‌ ട്വിറ്ററിൽ തുറന്ന കത്ത്‌ എഴുതിയിരിക്കയാണ്‌.
തന്റെ സിനിമകളിലൂടെ അധിനിവേശത്തിനെതിരെ കലഹിക്കുന്ന സംവിധായകനാണ്‌ ലാപിഡ്‌. ഇന്ത്യാ ഗവൺമെന്റ്  തന്നെ ശക്തമായി മുന്നോട്ടുവയ്‌ക്കുന്ന തീവ്രദേശീയ നിലപാടുകളെയും മുസ്ലിംവിരുദ്ധതയെയും ആവിഷ്‌കരിക്കുന്ന ഈ ചിത്രത്തിന്‌ ഇസ്രയേലുകാരനായ ഈ സംവിധായകൻ തുല്യംചാർത്തുമെന്ന പ്രതീക്ഷയോടെയായിരിക്കണം അദ്ദേഹത്തെ കേന്ദ്ര സർക്കാർ ജൂറി തലവനാക്കിയത്‌.

‘ദ കശ്‌മീർ ഫയൽസ്‌’ എന്ന ചിത്രം  പ്രചരിപ്പിക്കാൻ  കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും സർവ മാർഗങ്ങളും പ്രയോഗിച്ചിരുന്നു. മധ്യപ്രദേശിൽ പൊലീസുകാർക്ക്‌ സിനിമ കാണാൻ അവധി നൽകി. പല സംസ്ഥാനങ്ങളും സിനിമയ്‌ക്ക്‌ നികുതി  ഇളവും നൽകി. ഇതിന്റെ തുടർച്ചയായാണ്‌ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയത്‌. അങ്ങനെ കൊട്ടിഘോഷിച്ച ഈ ചിത്രത്തിനാണ്‌ ഐഎഫ്‌എഫ്‌ഐ വേദിയിൽ രൂക്ഷവിമർശമേറ്റത്.   

ഹോളിവുഡിലെ പ്രധാന താരങ്ങളായ ആമിർ ഖാനും ഷാരൂഖ്‌ ഖാനും അടക്കമുള്ളവർക്കെതിരെ വർഗീയമായ പ്രചാരണം നടത്താൻ മുന്നിൽനിന്നവരാണ്‌ സംഘപരിവാർ സംഘടനകൾ. മകന്‌ എതിരെയുള്ള കേസ്‌ ഉപയോഗിച്ച്‌ ഷാരൂഖ്‌ ഖാനെ വരുതിക്കു നിർത്താൻ ശ്രമിച്ചു. ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ  സംഘപരിവാർ തെമ്മാടിത്തത്തെ എതിർക്കുന്ന വിദ്യാർഥികൾക്ക്‌  ഐക്യദാർഢ്യമേകി അവിടം സന്ദർശിച്ച ദീപിക പദുകോണിനെ വേട്ടയാടി. സംഘപരിവാർ നിലപാടുകളെ എതിർത്ത അടൂർ ഗോപാലകൃഷ്‌ണൻ, അനുരാഗ്‌ കശ്യപ്‌ എന്നിവർ അടക്കമുള്ളവരെയും സംഘപരിവാർ വെറുതെവിട്ടില്ല.

എന്നാൽ, മൂലധനശക്തികളുടെ സർവാധിപത്യമുള്ള ബോളിവുഡിൽ പോലും സംഘപരിവാർ ആശയപ്രചാരണം ഏറ്റെടുക്കാൻ അധികമാരെയും കിട്ടുന്നില്ല എന്നതാണ്‌ വസ്‌തുത. പ്രകടമായ ആർഎസ്‌എസ്‌ ആഭിമുഖ്യമുള്ള അക്ഷയ്‌കുമാറിന്റെയും കങ്കണ റണൗത്തിന്റെയും  സിനിമകൾ ബോക്‌സ്‌ ഓഫീസിൽ അമ്പേ തകർന്നു. സിനിമയിലെ ബോഡി ഷെയ്‌മിങ് അടക്കമുള്ള  രാഷ്‌ട്രീയ ശരികേടുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലെ രൂക്ഷമായ വിമർശത്തിൽ കച്ചവട സിനിമയുടെ സ്രഷ്ടാക്കൾ പോലും പുളയുന്ന കാലമാണ്‌ ഇത്‌. ജാഗ്രതയുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും നിതാന്ത ശ്രദ്ധ ഏതു സിനിമയ്‌ക്കു മേലുമുണ്ട്‌. അതുകൊണ്ട്‌ നഗ്നമായ വർഗീയ രാഷ്‌ട്രീയ പ്രചാരണം ലക്ഷ്യമാക്കിയുള്ള സിനിമകൾ വിലപ്പോകില്ലെന്ന്‌ സംഘപരിവാർ മനസ്സിലാക്കണം. കേരളത്തെ മുസ്ലിം തീവ്രവാദത്തിന്റെ വിളനിലമായി അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ അണിയറയിൽ ഒരുങ്ങുന്ന ‘ദ കേരള സ്‌റ്റോറി’ (സംവിധാനം സുദീപ്‌തോ സെൻ) എന്ന പ്രചാരണ ചിത്രത്തെയും അങ്ങനെ വേണം സമീപിക്കാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top