09 December Monday

സ്വാഗതാര്‍ഹം; മാതൃകാപരം

വെബ് ഡെസ്‌ക്‌Updated: Tuesday May 9, 2017


മൂന്നാറിന്റെ സങ്കീര്‍ണമായ പ്രശ്നത്തിന് പരിഹാരംതേടി സംസ്ഥാന സര്‍ക്കാര്‍ കേരളീയസമൂഹവുമായി നടത്തിയ തുറന്ന ചര്‍ച്ച സ്വാഗതാര്‍ഹമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് എങ്ങനെയാണ് പരിഹാരം കാണേണ്ടത് എന്നതിനുള്ള ഉത്തമ മാതൃകകൂടിയാണിത്. ഒരുദിവസം മുഴുവന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും വകുപ്പ്മന്ത്രിമാരും തലസ്ഥാനത്ത് പാരിസ്ഥിതികപ്രവര്‍ത്തകരുമായും മാധ്യമപ്രവര്‍ത്തകരുമായും മതമേലധ്യക്ഷരുമായും രാഷ്ട്രീയപ്രതിനിധികളുമായും ചര്‍ച്ചനടത്തി. എല്ലാവരുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ക്ഷണിക്കപ്പെട്ട എല്ലാവരുംതന്നെ അതില്‍ പങ്കെടുത്തെന്നതുതന്നെ സര്‍ക്കാര്‍ സംരംഭത്തിന് വിവിധ വിഭാഗം ജനങ്ങളില്‍നിന്ന് ലഭിച്ച വര്‍ധിച്ച പിന്തുണയാണ് വ്യക്തമാക്കുന്നത്. 

ചരിത്രത്തിന്റെ ഭാഗമായി ലഭിച്ച ഒരു പ്രശ്നം പരിഹരിക്കുന്നതിന് അവശ്യംവേണ്ട നീക്കം  തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത.് റേഷന്‍ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചപ്പോഴും നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ സഹകരണമേഖലയെ ദോഷകരമായി ബാധിച്ചപ്പോഴും എല്ലാവിഭാഗം ജനങ്ങളെയും കൂടെനിര്‍ത്തി തെറ്റായ തീരുമാനം തീരുത്തിക്കാനുള്ള നീക്കമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മൂന്നാര്‍വിഷയത്തിലും അതാവര്‍ത്തിക്കപ്പെട്ടെന്നു മാത്രം. 

രാജഭരണകാലംമുതല്‍ അവരുടെ നിര്‍ബന്ധത്തിനും പ്രേരണയ്ക്കുംവഴങ്ങി നിരവധി ജനങ്ങള്‍ കുടിയേറിപ്പാര്‍ത്ത പ്രദേശമാണ് മൂന്നാര്‍. അവര്‍ക്കുപോലും ഭൂരേഖകള്‍ ലഭിച്ചിട്ടില്ലെന്നിടത്തുനിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീടങ്ങോട്ട് കുടിയേറ്റം വര്‍ധിച്ചു. പിന്നാലെ കൈയേറ്റവും. എന്നാല്‍, ഇവ വേര്‍തിരിച്ചുകണ്ട് നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചയുണ്ടായി. അത് തിരുത്താനുള്ള ധീരമായ നീക്കമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. അതോടൊപ്പം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വിനോദസഞ്ചാരകേന്ദ്രമായി മാറിയ മൂന്നാറിന്റെ പാരിസ്ഥിതികസംരക്ഷണവും പ്രധാന വിഷയമായി. യുനെസ്കോ അംഗീകരിച്ച പൈതൃകപ്രദേശമാണ് മൂന്നാര്‍. ജൈവവൈവിധ്യം, ജലസ്രോതസ്സുകള്‍ ഇവ സംരക്ഷിക്കുന്നതോടൊപ്പം വനം, തുറസ്സായ പ്രദേശങ്ങള്‍, പുല്‍മേട്, ചോലവനം ഇവയെല്ലാം സംരക്ഷിക്കപ്പെടണം. തോട്ടങ്ങള്‍ ഏറെയുള്ളതും സമ്പദ്വ്യവസ്ഥയില്‍ പ്രാധാന്യമുള്ളതുമായ മേഖലയാണിത്. ഈ പ്രശ്നങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. 

മാധ്യമങ്ങള്‍ പലതും മൂന്നാര്‍വിഷയത്തിന്റെ ഒരുവശം മാത്രമാണ് ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നത്. വലിയ വിഭാഗം ജനങ്ങള്‍ ഇതുവഴി തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉള്ളുതുറന്ന ചര്‍ച്ച ഈ തെറ്റിദ്ധാരണ നീക്കാനും പ്രശ്നത്തെ അതിന്റെ സമഗ്രതയില്‍ കാണാനും ജനങ്ങള്‍ക്ക് അവസരം നല്‍കി.  സ്വാഭാവികമായും ഇടതുപക്ഷ ജനാധിപത്യമുന്നണി തുടക്കംമുതല്‍ കൈക്കൊണ്ട നിലപാട് ശരിവയ്ക്കാനും അത് പ്രാവര്‍ത്തികമാക്കാനുള്ള നീക്കത്തിന് സര്‍വ പിന്തുണയും നല്‍കാനും എല്ലാ വിഭാഗവും തയ്യാറായി.  സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവസരമായല്ല, മറിച്ച് പ്രശ്നം പരിഹരിക്കാനുള്ള ക്രിയാത്മക സഹകരണമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷവും പാരിസ്ഥിതികപ്രവര്‍ത്തകരും മതമേലധ്യക്ഷരും മാധ്യമപ്രവര്‍ത്തകരും നല്‍കിയത്. ഇത് പ്രയോജനപ്പെടുത്തി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ സ്വീകാര്യമായവയില്‍ സത്വരനടപടികളിലേക്ക് ഉടന്‍ തന്നെ സര്‍ക്കാര്‍ നീങ്ങുമെന്ന സൂചന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി നല്‍കി.

തുടക്കംമുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന കാര്യമാണ് കൈയേറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണുമെന്നുള്ളത്. ഞായറാഴ്ചത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. കൈയേറ്റം തടയുന്നതോടൊപ്പം ഇനിയൊരിക്കലും കൈയേറാന്‍ തോന്നാത്തവിധമുള്ള കര്‍ശന നടപടിയാണ് സ്വീകരിക്കുകയെന്നും യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.  ആദ്യം വന്‍കിട കൈയേറ്റക്കാരെയാണ് ഒഴിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  വീട് വയ്ക്കുന്നതിന് പത്ത് സെന്റ് വളച്ചുകെട്ടിയവരെയല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന വിശദീകരണവുമുണ്ടായി. മൂന്നാറിന്റെ പാരിസ്ഥിതികസവിശേഷത സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയവര്‍ക്ക് രണ്ട് വര്‍ഷത്തിനകം പട്ടയം നല്‍കുമെന്നും ആദ്യഘട്ട പട്ടയവിതരണം 21ന് ഇടുക്കിയില്‍ നടക്കുമെന്നും സര്‍ക്കാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. തോട്ടമുടമകള്‍ വ്യവസ്ഥ ലംഘിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. അതുപോലെതന്നെ കാര്‍ഷിക, ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ലഭിച്ച സര്‍ക്കാര്‍ഭൂമി വാണിജ്യാവശ്യത്തിനായി വകമാറ്റുന്നതും തടയും.  തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയിലടക്കംപെടുത്തി വീട് നല്‍കുന്നകാര്യവും പരിഗണിക്കും. അതുപോലെതന്നെ കൈവശാവകാശരേഖ മാത്രമുള്ള ആദിവാസികള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിയും സ്വീകരിക്കും.  മത-സാമുദായിക സംഘടനകള്‍ കൈയേറ്റഭൂമിയില്‍ ആരാധനാലയങ്ങള്‍ പണിയുന്നത് നിരുത്സാഹപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി.  കൈയേറ്റഭൂമിയില്‍ വിശ്വാസത്തിന്റെ പ്രതീകങ്ങള്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് പൊതുവെ അംഗീകരിക്കപ്പെട്ടു. മൂന്നാറിലെ ജനങ്ങളുടെയും സംസ്ഥാനത്തെ പൊതുസമൂഹത്തിന്റെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ടുള്ള തീരുമാനങ്ങളാണ് യോഗം കൈക്കൊണ്ടതെന്നര്‍ഥം. മൂന്നാര്‍വിഷയത്തില്‍ സര്‍ക്കാരിന്റെ മുഖത്ത് കരിവാരിത്തേക്കാനുള്ള ചിലരുടെ ഗൂഢശ്രമങ്ങള്‍ക്കാണ് ഞായറാഴ്ചത്തെ ചര്‍ച്ച തടയിട്ടത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top