26 March Sunday

അടുപ്പിലെ തീ കെടുത്തുന്ന വിലവര്‍ധന

വെബ് ഡെസ്‌ക്‌Updated: Friday Nov 3, 2017


കേരളപ്പിറവിദിനത്തില്‍തന്നെ ജനങ്ങള്‍ക്ക് മോഡിസര്‍ക്കാരിന്റെ കനത്ത പ്രഹരം ലഭിച്ചു. പാചകവാതകവില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 93 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 146 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. 19-ാം തവണയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. സബ്സിഡിക്ക് അര്‍ഹതയുള്ള രാജ്യമെങ്ങുമുള്ള ഗാര്‍ഹിക ഉപയോക്താക്കളും ഡീലര്‍മാരില്‍നിന്ന് സിലിണ്ടര്‍ വാങ്ങുമ്പോള്‍ ഇനി വിപണിവില നല്‍കേണ്ടിവരും. സബ്സിഡി തുക ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. അത് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പല മാസങ്ങളായി ഈ തുക ലഭിക്കാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയുമാണ്. അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന മോഡിസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനര്‍ഥം വരുംമാസങ്ങളിലും സബ്സിഡി സിലിണ്ടറിന്റെ വില കുത്തനെ ഉയരുമെന്നുതന്നെയാണ്. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റുകള്‍ ഇന്ധനമേഖലയിലേക്ക് കടന്നുവന്നതോടെയാണ് സബ്സിഡി പൂര്‍ണമായും നിര്‍ത്താനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചത്. മോഡി പ്രധാനമന്ത്രിയായതോടെ ഈ നീക്കങ്ങള്‍ക്ക് വേഗം വര്‍ധിച്ചു. 

രാജ്യത്ത് 18.11 കോടി സബ്സിഡി എല്‍പിജി ഉപയോക്താക്കളാണുള്ളത്. ഇവരില്‍ വലിയൊരു പങ്ക് എല്‍പിജി സബ്സിഡി വേണ്ടെന്നുവച്ചവരാണ്. മോഡിസര്‍ക്കാര്‍ അധികാരമേറ്റ ഉടനെയാണ് സബ്സിഡി സ്വയം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. വിപണിവിലയ്ക്ക് സിലിണ്ടര്‍ വാങ്ങാന്‍ കഴിവുള്ളവര്‍ സബ്സിഡി ഉപേക്ഷിച്ചാല്‍ അത് കൂടുതല്‍ അര്‍ഹരായവര്‍ക്ക് കൈമാറാമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. പെട്രോള്‍ പമ്പുകളിലും മറ്റ് ഇന്ധനവില്‍പ്പന കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ച വന്‍ പ്രചാരണബോര്‍ഡുകളും ഉയര്‍ന്നു. ഇതില്‍ വിശ്വസിച്ചാണ് പലരും സബ്സിഡി ഉപേക്ഷിച്ചത്. ഇങ്ങനെ സബ്സിഡി സിലിണ്ടര്‍ ഉപേക്ഷിച്ചവര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് തുടര്‍ച്ചയായുള്ള വിലവര്‍ധന. വിശാലമനസ്കരായ ജനങ്ങളെയും മോഡി വഞ്ചിച്ചിരിക്കുകയാണെന്നര്‍ഥം.

പാചകവാതക വിലവര്‍ധന കുടുംബബജറ്റിനെ അട്ടിമറിക്കുമെന്നുമാത്രമല്ല, ഹോട്ടല്‍ ഭക്ഷണത്തിനുള്ള വിലയും കുത്തനെ വര്‍ധിക്കും. കുടുംബബജറ്റ് അട്ടിമറിക്കപ്പെടുമ്പോള്‍ അത് അവരുടെ സാമ്പാദ്യശീലത്തെയും ദോഷമായി ബാധിക്കും. ജിഎസ്ടി നടപ്പാക്കിയതോടെതന്നെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. അതിന്റെകൂടെ പാചകവാതക വിലവര്‍ധനകൂടിയാകുമ്പോള്‍ വിലവര്‍ധന രൂക്ഷമാകും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കാനേ ഇത് ഉപകരിക്കൂ. സ്വാഭാവികമായും ഉപഭോഗശീലത്തിലും മാറ്റം വരും. ഉപഭോഗം കുറയുമ്പോള്‍ അത് സമ്പദ്വ്യവസ്ഥയെ ആകെ ബാധിക്കും. ഇതും മുരടിപ്പിന് ഒരു കാരണമാകും. നോട്ട് നിരോധനവും ജിഎസ്ടിയും താറുമാറാക്കിയ സമ്പദ്വ്യവസ്ഥ ഇതോടെ കൂട്ടക്കുഴപ്പത്തിലേക്കാണ് നീങ്ങുക.    

പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില എല്ലാ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികള്‍ പുതുക്കി നിശ്ചയിക്കുന്നത്. സബ്സിഡി സിലിണ്ടറുകളുടെ വില ഓരോ മാസവും രണ്ടു രൂപവീതം ഉയര്‍ത്തി വിപണിവിലയ്ക്ക് തുല്യമാക്കാനാണ് 2016 ജൂലൈയില്‍ തീരുമാനമെടുത്തത്. പിന്നീട് വര്‍ധന ഓരോ മാസവും മൂന്നുരൂപയായി. നവംബര്‍മുതല്‍ സിലിണ്ടറിന് നാലുരൂപവീതം വില കൂട്ടാന്‍ കഴിഞ്ഞമാസം എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സാധാരണജനങ്ങളെ ഏറ്റവും ദോഷമായി ബാധിക്കുന്ന പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കാന്‍ മോഡിസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. നോട്ട് നിരോധനത്തിന്റെ ഫലമായി അസംഘടിതമേഖലയിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍നഷ്ടമുണ്ടായ വേളയിലാണ്, അവരുടെ അടുപ്പിലെ തീ കെടുത്തുന്ന രീതിയിലുള്ള വിലവര്‍ധനയ്ക്ക് മോഡിസര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്. സാമ്പത്തികദുരിതത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനുപകരം ശിക്ഷിക്കുന്ന സമീപനമാണിത്. വിപണിവില യുക്തിസഹമാക്കുന്നതിന്റെ പേരില്‍ കോര്‍പറേറ്റ് കുത്തകകളുടെ കീശവീര്‍പ്പിക്കാനാണ് മോഡിസര്‍ക്കാര്‍ തയ്യാറാകുന്നത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top