20 March Monday

തെരഞ്ഞെടുപ്പു രംഗത്തെ അനാശാസ്യപ്രവണത

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

രാഷ്ട്രീയ നയങ്ങൾ തമ്മിലുള്ള മത്സരമാണ് പൊതു തെരഞ്ഞെടുപ്പ്. ഇന്ത്യൻ ജനത അടുത്ത അഞ്ചുവർഷം ആര് ഭരിക്കണം എന്നാണ‌് പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തീരുമാനിക്കപ്പെടുക. രാഷ്ട്രീയ പാർടികളും മുന്നണികളും പ്രകടനപത്രികകൾ ജനങ്ങൾക്ക് മുന്നിൽ വയ‌്ക്കും. ഭരണത്തിലും  പ്രതിപക്ഷത്തുമുള്ള  കക്ഷികളുടെ പ്രവർത്തനം വിലയിരുത്തുന്ന ചർച്ചകൾ ഉണ്ടാകും. ജനാധിപത്യപ്രക്രിയയുടെ നീതിപൂർവകമായ പൂർത്തീകരണത്തിന് അവശ്യം വേണ്ട അനേകം ചേരുവകളാണ് തെരഞ്ഞെടുപ്പിൽ അടങ്ങിയിട്ടുള്ളത്. ജനങ്ങൾ എല്ലാ വിവരങ്ങളും സത്യസന്ധമായി അറിയുക, രാഷ്ട്രീയ പാർടികളുടെ നയങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുക, -സ്വയം തീരുമാനത്തിലെത്തുക എന്നതാണ് ജനാധിപത്യത്തിന്റെ രീതി. അത്തരം പരിശോധനകൾ ഭയക്കുന്നവരും സ്വന്തം രാഷ്ട്രീയം ജനഹിതത്തിനും ജനാധിപത്യത്തിനും എതിരാണെന്നു തിരിച്ചറിയുന്നവരും കുറുക്കുവഴികൾ തേടുന്നു. അങ്ങനെയുള്ള കുറുക്കുവഴികളിൽ ഒന്നാണ് വർഗീയപ്രചാരണം. ദേശീയതയെക്കുറിച്ചും ദേശ സ‌്നേഹത്തെക്കുറിച്ചുമുള്ള വീമ്പുപറച്ചിലുകൾ മറ്റൊന്ന്. ഇന്ത്യൻ സൈന്യത്തെ നരേന്ദ്ര മോഡിയുടെ സേനയാക്കി യുപി മുഖ്യമന്ത്രി ചിത്രീകരിക്കാൻ ശ്രമിച്ചത് മുൻ സൈനിക മേധാവികളടക്കം രോഷത്തോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തെയും ബാലാകോട്ട് തിരിച്ചടിയേയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിതന്നെ വോട്ടുതേടുന്ന കാഴ‌്ചയാണ‌് പിന്നീട് കണ്ടത്.
 അഞ്ചുവർഷം രാജ്യത്തിനുവേണ്ടി എന്തൊക്കെ ചെയ‌്തു എന്ന് എണ്ണിയെണ്ണി പറഞ്ഞ‌് വോട്ടുതേടാൻ അശക്തരായ ബിജെപി നേതൃത്വം പ്രചാരണായുധങ്ങളായി മതത്തെയും ആരാധനാലയങ്ങളെയും ദേശസ‌്നേഹത്തെയും വർഗീയതയെയും  ഉപയോഗിക്കുകയും, അത് പിടിക്കപ്പെടുമ്പോൾ ധിക്കാരത്തോടെ പ്രതികരിക്കുകയുമാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെരഞ്ഞെടുപ്പായുധമാക്കാൻ പ്രധാനന്ത്രി  തൊട്ടുള്ളവർ രംഗത്തിറങ്ങുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്. വിശ്വാസത്തെ പ്രചാരണവിഷയം ആക്കുന്നതിലൂടെ ഒരു വിഭാഗം വിശ്വാസികളുടെമാത്രം വോട്ട് അഭ്യർഥിച്ച പ്രധാനമന്ത്രിക്കെതിരെ ചട്ടലംഘനത്തിന‌് സിപിഐ എം പരാതി നൽകിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫ് സ്ഥാനാർഥികളും എൻഡിഎ സ്ഥാനാർഥികളും മത്സരിച്ച‌ു ചട്ടംലംഘിച്ച‌്  വോട്ടു തേടുകയാണ്. അത് ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഭീഷണിയും വെല്ലുവിളിയും മുഴക്കുന്നു.

മറ്റൊരുവശത്ത‌് കൂടുതൽ ഗൗരവതരമായ തെരഞ്ഞെടുപ്പഴിമതി നടക്കുന്നുണ്ട്. ഏതാനും മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ടാണത്. ചില പ്രമുഖ ചാനലുകൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് അത്തരത്തിൽ ഒരിടപെടലാണ്, സ്വന്തം  രാഷ്ട്രീയ ആവശ്യങ്ങൾക്കും ഉടമകളുടെ ഇംഗിതത്തിനും പണം മുടക്കുന്നവരുടെ താൽപ്പര്യത്തിനും അനുസരിച്ച് സർവേ ഫലം ഉണ്ടാക്കി ജനങ്ങൾക്ക് വിളമ്പുകയായിരുന്നു അവർ. അങ്ങനെ കാപട്യം കാണിക്കുക മാത്രമല്ല, അതാണ് ആധികാരികമായ ജനഹിതം എന്ന് വ്യാഖ്യാനിച്ച് ഇടതുപക്ഷത്തെ അവഹേളിക്കാനിറങ്ങിയ അനുഭവവും ഉണ്ടായി. വ്യാജവാർത്തകളും വിവാദങ്ങളും സൃഷ്ടിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ ഇകഴ‌്ത്തിക്കെട്ടാൻ ഇതേ മാധ്യമങ്ങൾ ഈ തെരഞ്ഞെടുപ്പുകാലത്ത‌് പലതവണയാണ് ശ്രമിച്ചത്. ഓരോ ആരോപണങ്ങളും തെറ്റാണെന്നു തെളിയിക്കപ്പെടുമ്പോൾ അതുവരെ അപകീർത്തിവാർത്തകളുടെ അതിസാരം സൃഷ്ടിച്ചവർ മൗനത്തിലേക്കു വലിയുന്നു; അടുത്ത വ്യാജവാർത്തയുമായി  വീണ്ടും പ്രത്യക്ഷപ്പെടുന്നു എന്നതാണനുഭവം.

ചെർപ്പുളശ്ശേരി പാർടി ഓഫീസിലെ ഇല്ലാത്ത പീഡനവാർത്തമുതൽ പ്രളയം സംബന്ധിച്ച അമിക്കസ‌്ക്യൂറി റിപ്പോർട്ട് വരെ ഇങ്ങനെ ആസൂത്രിതമായി ഉയർത്തപ്പെട്ടതും വലതുപക്ഷത്തിനനുകൂലമായി എണ്ണപകർന്നു കത്തിച്ചതുമായ പടപ്പുകളാണ്. ഇത്തരം ഒരു വാർത്തപോലും ഇന്ന് നിലനിൽക്കുന്നില്ല. എല്ലാം വസ‌്തുതാ വിരുദ്ധമെന്ന് തെളിയിക്കപ്പെട്ടു. കൊണ്ടുവന്നവർ ഉപേക്ഷിക്കുകയും ചെയ‌്തു. എന്നാൽ‌, യുഡിഎഫും ബിജെപിയും കേരളത്തിലും പുറത്തും ഇപ്പോഴും അവ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത‌് ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗിക്കാനാണ് വ്യാജവാർത്ത  സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം തലസ്ഥാന ജില്ലയിൽ ഒരു ക്ഷേത്രോത്സവത്തോടനുബന്ധിച്ച്  ഉച്ചഭാഷിണിയിലൂടെ നാമജപം  മുഴങ്ങിയപ്പോൾ എൽഡിഎഫ് നേതാക്കൾ ഇടപെട്ട് വൈദ്യുതി ബന്ധം വിച്ഛേദിച്ചു എന്നും, തന്റെ പ്രസംഗം തടസ്സപ്പെട്ടപ്പോൾ മുഖ്യമന്ത്രി  അസ്വസ്ഥനായതു കൊണ്ടാണിതെന്നുമാണ് ഒടുവിലത്തെ ഒരു പ്രചാരണം. ക്ഷേത്രോത്സവം പ്രമാണിച്ച‌് പ്രചാരണയോഗം അരക്കിലോമീറ്റർ മാറ്റിയാണ് നടത്തിയതെന്നും യോഗം തുടങ്ങിയപ്പോൾ  ആർഎസ്എസ് വൻ ശബ‌്ദത്തിൽ ശരണംവിളിച്ച‌്  പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിച്ചതെന്നും അതൊരു കലാപശ്രമം ആയിരുന്നുവെന്നും ഇപ്പോൾ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. എന്നിട്ടും പക്ഷേ വർഗീയപ്രചാരണം പലതലത്തിൽ തുടരുകയാണ്. 
 
കണ്ണൂരിലെ യുഡിഎഫ‌് സ്ഥാനാർഥി കെ സുധാകരൻ ഇറക്കിയ സ‌്ത്രീവിരുദ്ധ പരസ്യചിത്രമാണ് ഈ രംഗത്തെ ഒടുവിലത്തെ അനുഭവങ്ങളിൽ ഒന്ന്. എതിർ സ്ഥാനാർഥിയായ പി കെ ശ്രീമതി ടീച്ചറെ ഉന്നം വച്ച്,  സ‌്ത്രീകൾ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് ആൺകുട്ടിതന്നെ പോകണമെന്നും ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട‌് ഒന്നിനും കൊള്ളൂല’ എന്നാണ‌് പരസ്യ ചിത്രത്തിൽ പറയുന്നത്. ‘ഇനി ഓൻ പോകട്ടെ. ഓൻ ആൺകുട്ടിയാ’ എന്നുകൂടി  സുധാകരനുവേണ്ടി പരസ്യം പറയുന്നുണ്ട്. കടുത്ത സ്ത്രീവിരുദ്ധത ഉൾക്കൊള്ളുന്ന ഈ പരസ്യത്തിൽനിന്ന് യുഡിഎഫിന്റെ നിലപാട് വായിച്ചെടുക്കാം. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിനെ കുബുദ്ധിയുടെയും കുതന്ത്രങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും കള്ളങ്ങളുടെയും മേളയാക്കാനാണ് ശ്രമം എന്ന് ഈ ഉദാഹരണങ്ങളിൽനിന്ന് വ്യക്തമാകും. യുഡിഎഫ്, -എൻഡിഎ ക്യാമ്പുകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രചാരണരംഗത്തു നേടിയ മേൽക്കൈയും,  ഉയർത്തുന്ന മുദ്രാവാക്യങ്ങളുടെ സ്വീകാര്യതയും നിലപാടിന്റെ ദാർഢ്യവും സംസ്ഥാന ഗവൺമെന്റിന്റെ ജനപിന്തുണയും ഈ തെരഞ്ഞെടുപ്പിൽ വിധിനിർണയിക്കുകയാണ് എന്ന തിരിച്ചറിവിൽനിന്നാണ് വലതുപക്ഷത്തിന്റെ ഈ നിലവിട്ട കളി ഉണ്ടാകുന്നത്. ഇത്തരം അനാശാസ്യപ്രവണതകളെ തുരത്താനും അവയ‌്ക്ക‌് ചുക്കാൻ പിടിക്കുന്നവർ വിചാരണ ചെയ്യാനുമുള്ള അവസരംകൂടിയായി തെരഞ്ഞെടുപ്പിനെ കേരളജനത ഉപയോഗപ്പെടുത്തുമെന്ന‌് ഞങ്ങൾക്കുറപ്പുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top