07 December Saturday

എല്‍ഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്കൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2016


എല്ലാ മേഖലകളിലും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഓണമാണ് ഇത്തവണ കടന്നുപോയത്. വിലക്കയറ്റം തടഞ്ഞ് അവശ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് നല്‍കിയും പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ട ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്ത് നല്‍കിയും എല്ലാവര്‍ക്കും ആഘോഷിക്കാനുള്ള പശ്ചാത്തലമൊരുക്കി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും പൊതുസമൂഹം മറന്നുപോകുന്ന വിഭാഗമാണ് വിദൂരങ്ങളായ ഊരുകളില്‍ കഴിയുന്ന ആദിവാസിസമൂഹം. പൊതുവില്‍ ആദിവാസികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ഒരുക്കിക്കൊടുക്കുന്നതിനപ്പുറം അവ എങ്ങനെ അവര്‍ക്ക് അനുഭവവേദ്യമായി എന്ന് മനസ്സിലാക്കാനുള്ള കാലോചിതശ്രമം സാധാരണഗതിയില്‍ നടക്കാറില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ആ ശ്രമം കൂടി നടത്തുന്നതാണ് കഴിഞ്ഞ തിരുവോണ നാളില്‍ അട്ടപ്പാടിയിലെ മൂലഗംഗല്‍ ഊരില്‍ കണ്ടത്. പട്ടികജാതി–പട്ടികവര്‍ഗ– പിന്നോക്കവിഭാഗ ക്ഷേമ മന്ത്രി എ കെ ബാലന്‍  മൂലഗംഗല്‍ ഊരില്‍ ആദിവാസികള്‍ക്കൊപ്പമാണ്  തിരുവോണം ആഘോഷിച്ചത്. ഒരു മന്ത്രി ആദിവാസി ഊരിലെത്തിയതില്‍ അതിശയമൊന്നും ഞങ്ങള്‍ കാണുന്നില്ല. എന്നാല്‍, ആദിവാസികളുടെ വേദനയകറ്റാനും അവരുടെ കണ്ണീരൊപ്പാനും ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  മന്ത്രി ആദിവാസികള്‍ക്കൊപ്പം ആഹ്ളാദം പങ്കിടാന്‍ മലയാളികളുടെ ഏറ്റവും വലിയ വിശേഷദിവസത്തില്‍ എത്തിയതിലെ സന്ദേശം മതിക്കപ്പെടേണ്ടതാണ്.

അട്ടപ്പാടിയിലെ അഗളിയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് മൂലഗംഗല്‍ ഊര്. 2006ല്‍ എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ ഇവിടേക്ക് റോഡില്ലായിരുന്നു. അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാതെ, കാടിന്റെ ഏകാന്തതയില്‍, കേരളത്തിന്റെ പൊതുജീവിതത്തില്‍നിന്ന് ഏറെയകന്ന്  പ്രാന്തവല്‍കൃതമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നത്. 2006ലെ മന്ത്രിസഭയിലും എ കെ ബാലന്‍ തന്നെയായിരുന്നു പട്ടികവര്‍ഗ ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി. അദ്ദേഹം മൂലഗംഗല്‍ ഊരിലെത്തി ആദിവാസി ജീവിതത്തിന്റെ വിവരണാതീതമായ വിഷമതകള്‍ നേരിട്ടറിഞ്ഞു. അതിനുശേഷമാണ് അവിടേക്ക് റോഡ്, വൈദ്യുതി, ശുദ്ധമായ കുടിവെള്ളം എന്നിവ എത്തിയത്. അവിടത്തെ കുട്ടികള്‍ക്ക് സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകാനുള്ള സൌകര്യമൊരുങ്ങിയത്. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തെ ഉയര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ആ മന്ത്രിസഭ നടത്തി. 2011ല്‍ ഭരണം മാറിയശേഷം ഈ വികസനത്തിന് തുടര്‍ച്ച നഷ്ടപ്പെട്ടു. ഇതിന്റെ ആകെത്തുകയാണ് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം നിരവധി നവജാതശിശുക്കള്‍ മരിക്കാനിടയായ സംഭവം.

സമയാസമയങ്ങളില്‍ ആദിവാസികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍, പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, കഴിയാതാകുമ്പോഴാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത്.  അടിസ്ഥാനപരമായി ആദിവാസി ജീവിതത്തെ ഉയര്‍ത്താനും ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യം. അതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ ഫലപ്രദമായി നടത്തുന്നത്.  2011 മുതല്‍ 2016 മെയ് വരെയുള്ള കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം 117 നവജാത ശിശുക്കളാണ് മരിച്ചത്. 2016 മെയ് വരെ മാത്രം പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ മൂന്ന് നവജാതശിശുക്കള്‍ മരിച്ചു. 2016 ജൂണിനു ശേഷം അട്ടപ്പാടിയില്‍ അത്തരമൊരു ദുരന്തം  ഉണ്ടായില്ല. കമ്യൂണിറ്റി കിച്ചണും പോഷകാഹാരക്കിറ്റും അങ്കണവാടികളിലൂടെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും കൌമാരക്കാര്‍ക്കും കൃത്യമായി പോഷകാഹാര വിതരണവും ഉറപ്പുവരുത്തിയതു കൊണ്ടാണ് ഈ മാറ്റമുണ്ടായത്.
യുഡിഎഫ് ഭരണത്തില്‍ പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനം അപ്പാടേ തകര്‍ന്നുപോയിരുന്നു.  2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമിവാങ്ങി വീടുവയ്ക്കാനായി 50 കോടി രൂപ കലക്ടര്‍ക്ക് കൈമാറിയിരുന്നു. 2011 മേയില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ആ തുക വിനിയോഗിക്കാതെ ആദിവാസികളെ വഞ്ചിച്ചു. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശ്ശികയാക്കി. പോഷകാഹാര വിതരണവും ആദിവാസി ഊരുകളിലെ പശ്ചാത്തലസൌകര്യ വികസനവും സ്തംഭിപ്പിച്ചു. തകര്‍ച്ചയുടെ വലിയൊരു ചിത്രമാണ് ആദിവാസി മേഖലയില്‍ യുഡിഎഫ് സര്‍ക്കാര്‍ വരച്ചുവച്ചത്. അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങിനല്‍കുന്ന പദ്ധതിക്കായി 349.79 ലക്ഷം രൂപ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചു. പട്ടികവര്‍ഗ ഭവനനിര്‍മാണ പദ്ധതിയില്‍ സ്പില്‍ ഓവര്‍ ആയ 23197 വീടുകളുടെ നിര്‍മാണത്തിന് 12.50 കോടി രൂപ, എടിഎസ്പി ഭവനപദ്ധതിയില്‍ സ്പില്‍ഓവര്‍ ആയ 10071 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 47.35 കോടി, വയനാട് ജില്ലയില്‍ ആദിവാസികളുടെ ചോര്‍ന്നൊലിക്കുന്ന വീടുകള്‍ വാസയോഗ്യമാക്കാന്‍ വീടൊന്നിന് പരമാവധി  ഒരു ലക്ഷം രൂപ  നല്‍കാന്‍ രണ്ടുകോടി രൂപ എന്നിങ്ങനെ അനുവദിച്ചു. പട്ടികവര്‍ഗക്കാരുടെ സമഗ്ര ആരോഗ്യപദ്ധതിക്ക് 10.67 കോടി രൂപ നല്‍കി. ആദിവാസി വിദ്യാര്‍ഥികളുടെ യാത്രാസൌകര്യത്തിനായി ആരംഭിച്ച ഗോത്രസാരഥി പദ്ധതിയിലെ കുടിശ്ശിക നല്‍കുന്നതിനും പദ്ധതി തുടര്‍ന്നു നടത്തുന്നതിനും 3.59 കോടി രൂപയും അനുവദിച്ചു. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടി കമ്യൂണിറ്റി കിച്ചന്‍ നടപ്പാക്കുന്നതിന് 2.56 കോടി രൂപ നല്‍കി. ഓണത്തിന് 153825 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 11.67 കോടി രൂപ ചെലവില്‍ ഓണക്കിറ്റ് നല്‍കി. 759 രൂപയ്ക്കുള്ള സാധനങ്ങളാണ് ഒരു കുടുംബത്തിന് നല്‍കിയത്. 14800 പ്രാക്തന ഗോത്രവര്‍ഗ കുടുംബങ്ങളില്‍ 1.13 കോടി രൂപ ചെലവഴിച്ച് ഓണക്കോടി നല്‍കി.

പട്ടികവര്‍ഗക്കാരുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ആത്മാര്‍ഥമായ ശ്രമമാണ് കാണാനാകുന്നത്.  അതിന്റെ പ്രതിഫലനമാണ് ഓണനാളില്‍ ഊരിലെത്തിയ മന്ത്രിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പ്.  കാടുമായി ഇഴുകിച്ചേര്‍ന്നതായിരുന്നു ആദിവാസികളുടെ ജീവിതം. അതില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് ആദിവാസികളെ തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാന്‍  കരുത്തുള്ളവരാക്കണം. സ്വന്തം കാലില്‍നിന്ന് അധ്വാനിച്ച് മറ്റുള്ളവര്‍ക്കൊപ്പം ജീവിക്കാനായി അവരെ പ്രാപ്തരാക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുമെന്ന പ്രത്യാശയും വിശ്വാസവുമാണ് ചുരുങ്ങിയ നാളുകള്‍ക്കകം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ ആദിവാസി ഊരിലെ ഓണാഘോഷം എടുത്തുപറയേണ്ടതും അഭിനന്ദിക്കേണ്ടതുമായി മാറുന്നത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top