23 March Thursday

പിഎസ്‌സിയെ കരിനിഴലിലാക്കാനുള്ള നീക്കം നീചം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഒരു കത്തിക്കുത്തുണ്ടായി. കുത്തേറ്റത് എസ്‌എഫ്ഐ പ്രവർത്തകന്‌. കുത്തിയ പ്രതികളും എസ്‌എഫ്ഐ അംഗങ്ങൾ. സ്വാഭാവികമായും ഒട്ടേറെ വാർത്തകൾ വന്നു. ഉള്ളതും ഇല്ലാത്തതും കഥയും ഊഹാപോഹവും വാർത്തയായി. സിപിഐ എമ്മിനെയും എസ്‌എഫ്‌ഐയെയും ഈ ഒറ്റപ്രശ്‌നം മുൻനിർത്തി കുഴിച്ചുമൂടാം എന്ന വാശിയിൽ രാഷ്‌ട്രീയശത്രുക്കളും നിരന്നു.

എന്നാൽ, മുഖ്യധാരാ ലേബൽ പേറുന്ന ചില മാധ്യമങ്ങൾക്ക്‌ ഇതുകൊണ്ടുമാത്രം മതിയായില്ല. വാർത്തയെ കൂടുതൽ മാനങ്ങളിലേക്ക്‌ കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചു. സർക്കാരിനെക്കൂടി പ്രതിക്കൂട്ടിലാക്കാനാകുമോ എന്ന ശ്രമത്തിലായി. അതും കടന്ന്, പബ്ലിക്‌ സർവീസ്‌ കമീഷനെ ഈ പ്രശ്നം മുൻനിർത്തി കരിനിഴലിൽ നിർത്താൻ കഴിയുമോ എന്നായി നോട്ടം.

കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ ഭരണഘടനാ വ്യവസ്ഥപ്രകാരം രൂപീകൃതമായ സ്ഥാപനമാണ്‌. 1742 തസ്‌തികയിലാണ്‌ പിഎസ്‌സി നിയമനം നടത്തുന്നത്‌. കഴിഞ്ഞ മൂന്നുവർഷത്തിൽ 1.05 ലക്ഷം പേർക്കാണ്‌ സംസ്ഥാനത്ത്‌ പിഎസ്‌സി തൊഴിൽ നൽകിയത്‌. ഇതിൽ കൂലിവർക്കർ തസ്‌തിക മുതൽ ഡെപ്യൂട്ടി കലക്‌ടർ തസ്‌തിക വരെയുണ്ട്‌. സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്‌തികകളിൽ ഒന്നായ  ഗ്രേഡ്‌ ടു തസ്‌തികകളിൽ മാത്രമാണ്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ പലതിലും പിഎസ്‌സി വഴി നിയമനം നടത്തുന്നത്‌.  പ്രത്യേക ബോർഡുകളാണ്‌ മറ്റ്‌ നിയമനങ്ങൾ നടത്തുന്നത്.

ഇത്രയേറെ വിപുലമായ ഒരു തൊഴിൽശൃംഖലയെ തെരഞ്ഞെടുക്കാൻ വിജയകരമായി പരീക്ഷ നടത്തുന്ന പിഎസ്‌സിയെയാണ്‌ രാഷ്‌ട്രീയലാക്കോടെ ഈ മാധ്യമങ്ങൾ ഒരു തെളിവുമില്ലാതെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയത്‌. ലക്ഷക്കണക്കിന്‌ തൊഴിലന്വേഷകർക്കുമുന്നിൽ പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ നടത്തിയ ഈ നീക്കം അങ്ങേയറ്റം ഹീനമായ മാധ്യമപ്രവർത്തന മാതൃകകളിലൊന്നാണ്‌ സൃഷ്‌ടിച്ചത്‌.

ഈ പ്രശ്‌നത്തിൽ പിഎസ്‌സിയെ വലിച്ചിഴയ്‌ക്കാൻ മാധ്യമങ്ങൾ കാരണമാക്കിയത്‌ കേസിലെ പ്രതികളിൽ രണ്ടുപേർ പിഎസ്‌സിയുടെ പൊലീസ്‌ റാങ്ക്‌ലിസ്‌റ്റിൽ ഉൾപ്പെട്ടു എന്നതാണ്‌. അതിലൊരാൾക്ക്‌ ഒന്നാം റാങ്കും മറ്റൊരാൾക്ക്‌ 28–-ാം റാങ്കുമുണ്ട്‌. ഇക്കാര്യത്തിൽ ചില സംശയങ്ങൾ ഉയരുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ, ആ സംശയങ്ങൾ വാർത്തയാക്കുന്നതിനുമുമ്പ്‌ അതിന്റെ സത്യാവസ്‌ഥ അന്വേഷിക്കേണ്ട ബാധ്യതയുള്ള മാധ്യമങ്ങൾ അതു ചെയ്‌തില്ല. കേട്ടുകേൾവികൾ വസ്‌തുതകളായി ചിത്രീകരിച്ച്‌ നുണകൾ കൂട്ടിക്കുഴച്ച്‌ വാർത്തകളാക്കി.

ഈ രണ്ട്‌ വിദ്യാർഥികളും ഇവർക്കൊപ്പം യൂണിവേഴ്‌സിറ്റി കോളേജിലെ മറ്റൊരു എസ്‌എഫ്‌ഐ പ്രവർത്തകനും  യൂണിവേഴ്‌സിറ്റി കോളേജിൽത്തന്നെ പരീക്ഷയെഴുതി എന്നതായിരുന്നു ഒരു വാർത്ത. കാസർകോട്‌ പൊലീസ്‌ ബറ്റാലിയനിലേക്ക്‌ അപേക്ഷിച്ച ഇവരെ വഴിവിട്ട രീതിയുപയോഗിച്ച് പിഎസ്‌സി തിരുവനന്തപുരത്ത്‌ പരീക്ഷയെഴുതിച്ചു എന്നും വാർത്ത ചമച്ചു.

എന്നാൽ, ഇതെല്ലാം നുണയായിരുന്നുവെന്ന്‌ പിഎസ്‌സി ചെയർമാൻ രേഖകൾ ഉദ്ധരിച്ച്‌ സ്ഥാപിച്ചു. ഈ വിദ്യാർഥികൾ മൂന്നുപേരും യൂണിവേഴ്‌സിറ്റി കോളേജിലല്ല  പരീക്ഷ എഴുതിയത്‌; തിരുവനന്തപുരം ജില്ലയിലെ മറ്റു സെന്ററുകളിലാണ്‌. ഇവർക്ക്‌ തിരുവനന്തപുരത്ത്‌ എഴുതാനായി ഒരു സൗകര്യവും പിഎസ്‌സി ചെയ്‌തുകൊടുത്തിട്ടില്ല.  തിരുവനന്തപുരം സെന്ററായി ചോദിച്ച മൂവായിരത്തോളം പേർക്കൊപ്പമാണ്‌ ഇവർ മൂന്നുപേരും തിരുവനന്തപുരത്ത്‌ പരീക്ഷയെഴുതിയത്‌. പിഎസ്‌സി ചെയർമാൻ പറഞ്ഞ സത്യങ്ങൾ ഒരു ഖേദപ്രകടനം പോലുമില്ലാതെ പത്രങ്ങൾ  ഉൾപ്പേജിൽ ഒതുക്കി. ഒരു സംശയവും  ബാക്കി നിൽക്കാത്തവിധം ഇക്കാര്യങ്ങൾ പിഎസ്‌സി വ്യക്തമാക്കിയശേഷവും ഈ മാധ്യമങ്ങൾ നുണപ്രചാരണം തുടർന്നു.

രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി നുണവാർത്തകൾ സൃഷ്‌ടിക്കുന്നതിനേക്കാളും അപകടകരവും ജനദ്രോഹവുമാണ്‌ ഈ പ്രവണത എന്ന്‌ ചൂണ്ടിക്കാണിക്കട്ടെ. ഒരുവർഷം ആയിരം റാങ്ക്‌ ലിസ്‌റ്റ്‌ വരെ പ്രസിദ്ധീകരിക്കുന്ന പിഎസ്‌സി പരീക്ഷയെപ്പറ്റി അത്യപൂർവമായാണ്‌ ആക്ഷേപങ്ങൾ ഉയരാറുള്ളത്‌. അവയിൽ ബഹുഭൂരിപക്ഷവും ചോദ്യങ്ങളെപ്പറ്റി മാത്രമാണ്‌. ചോദ്യമിടാൻ പിഎസ്‌സി വിശ്വസിച്ച്‌ ചുമതലപ്പെടുത്തുന്നവർ ഉത്തരവാദിത്തരഹിതമായി പെരുമാറുമ്പോഴാണ്‌ ഇത്തരം പരാതികൾ ഉയരുന്നത്‌. പിഎസ്‌സിയുടെ നിയന്ത്രണത്തിന്‌ അതീതമായ ഇത്തരം പ്രശ്‌നങ്ങളിൽ ചോദ്യകർത്താവിനെ ബ്ലാക്ക്‌ ലിസ്‌റ്റ്‌ ചെയ്യുന്നതടക്കം നടപടികൾ കമീഷൻ സ്വീകരിക്കുന്നു.

ഇത്ര സുതാര്യമായും കാര്യക്ഷമമായും വിശ്വാസ്യത നിലനിർത്തിയും ലക്ഷങ്ങളെ ഉദ്യോഗങ്ങൾക്ക്‌ തെരഞ്ഞെടുക്കുന്ന സ്ഥാപനത്തെയാണ്‌ ആരോപണമുനയിൽ  നിർത്താൻ മാധ്യമങ്ങൾ ശ്രമിച്ചതെന്നത്‌ കാണണം. പഠിച്ച് പരീക്ഷയെഴുതി വിവിധ റാങ്ക് ലിസ്റ്റിലെത്തിയ ലക്ഷക്കണക്കിന്‌ ഉദ്യോഗാർഥികളെ അപമാനിക്കുക കൂടിയാണ്  ഇവർ ചെയ‌്തത‌്. വസ്‌തുതകൾ നിരത്തി സമയോചിതമായ വിശദീകരണത്തിലൂടെ ഉദ്യോഗാർഥികളുടെയും ഭൂരിഭാഗം ജനങ്ങളുടെയും ആശങ്കകൾ അകറ്റാൻ  പിഎസ്‌സിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എങ്കിലും ഇനിയും കരുതിയിരിക്കേണ്ടിവരും. രാഷ്‌ട്രീയലാഭംമാത്രം നേട്ടമായെണ്ണുന്ന ഈ മാധ്യമങ്ങൾ ഇത്തരം കൊടുംപാതകങ്ങൾക്ക്‌ ഇനിയും മുതിരുമെന്നുറപ്പാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top