04 June Sunday

കശ്‌മീര്‍: ക്രിയാത്മകമാകണം ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017


രക്തരൂഷിതമായ സംഘട്ടനങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഒരുവര്‍ഷത്തിന് ശേഷം കശ്മീരില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നതിനായി പ്രത്യേക ദൂതനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയെയാണ് പ്രത്യേക ദൂതനായി നിയമിച്ചത്. ചര്‍ച്ച നടത്തില്ലെന്ന സമീപനത്തിന്റെ ഫലമായി കശ്മീരിലെ അന്തരീക്ഷം തീര്‍ത്തും വഷളാകുകയും  ഭരണംതന്നെ അസാധ്യമാകുകയുംചെയ്ത ഘട്ടത്തിലാണ് ഗത്യന്തരമില്ലാതെ പ്രത്യേക ദൂതനെ നിയമിക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെയാണ് താഴ്വരയിലെ സ്ഥിതി വഷളായത്. തുടര്‍ന്നുള്ള സംഘട്ടനങ്ങളില്‍ 90 പേര്‍ കൊല്ലപ്പെട്ടു. 15000 പേര്‍ക്ക് പരിക്കേറ്റു. പെല്ലറ്റ് ഉപയോഗത്തില്‍ 1100 പേര്‍ക്ക് കണ്ണിന് പരിക്കേറ്റു. രണ്ട് ഡസനിലധികംപേര്‍ക്ക് കാഴ്ച നഷ്ടമായി.  ഈ ഘട്ടത്തിലെല്ലാം ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സംഘര്‍ഷത്തിന് അയവുവരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് പ്രതിഷേധസ്വരങ്ങളെ മര്‍ദിച്ചൊതുക്കാനാണ് ശ്രമിച്ചത്. 'ഓപ്പറേഷന്‍ ഓള്‍ ഔട്ട്' എന്ന് പേരിട്ടിട്ടുള്ള ഈ നീക്കത്തിന്റെ ഫലമായി കശ്മീരിലെ തീവ്രവാദം അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രിയായ ജിതേന്ദ്രസിങ്  അവകാശപ്പെട്ടു. 12 കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 140 തീവ്രവാദികളെ വധിച്ചെന്നും ജമ്മു കശ്മീര്‍ തീവ്രവാദമുക്തമാകുകയാണെന്നും കേന്ദ്രം ഉദ്ഘോഷിച്ചു. ഈ ഘട്ടത്തില്‍ അവരുമായി ചര്‍ച്ചയ്ക്ക്് ഒരു പ്രസക്തിയുമില്ലെന്നര്‍ഥം. എന്നാല്‍, ഈ വീണ്‍വാക്കുകളും യാഥാര്‍ഥ്യവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. താഴ്വരയിലെ സ്ഥിതി നാള്‍ക്കുനാള്‍ വഷളാകുകയായിരുന്നു. അമേരിക്കയാകട്ടെ ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുകയുംചെയ്തു.  അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ്‍ ഇന്ത്യാസന്ദര്‍ശനത്തിന്റെ മുന്നോടിയായി പാകിസ്ഥാനില്‍ എത്തിയ വേളയിലാണ് തീവ്രവാദികളുമായി ചര്‍ച്ചയേ ഇല്ലെന്ന് നേരത്തെ ആവര്‍ത്തിച്ച ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അവരുമായിപോലും  ചര്‍ച്ച നടത്താനായി പ്രത്യേക ദൂതനെ പ്രഖ്യാപിച്ചത്.  2014ല്‍ അധികാരത്തില്‍വന്ന ഘട്ടത്തില്‍ ത്തന്നെ മോഡി സര്‍ക്കാരിന് തുടങ്ങാമായിരുന്ന നീക്കമാണ് വളരെ വൈകി ആരംഭിച്ചത്.

ഹിന്ദുത്വവാദികള്‍ ഉത്തരവാദിത്തബോധമേതുമില്ലാതെ നടത്തിയ അതിരുകടന്ന പ്രസ്താവനകളും മോഡി സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ കാണിച്ച വീഴ്ചയും കശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതി തീര്‍ത്തും വഷളാക്കി.  ഭീകരവാദ ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് മാത്രമല്ല തീവ്രവാദസംഘടനകള്‍ അവരുടെ പ്രവര്‍ത്തനം ശക്തമാക്കുകയുംചെയ്തു.  സ്വാഭാവികമായും മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി സര്‍ക്കാരിന്റെ സാധുത തന്നെ ചോദ്യംചെയ്യപ്പെട്ടു. കശ്മീര്‍ പൊലീസിലെയും സൈന്യത്തിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയപരിഹാരത്തിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.  താഴ്വരയിലെ സ്ഥിതി കൈവിടുകയാണെന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷം മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു ആഭ്യര്‍ഥന കേന്ദ്ര സര്‍ക്കാരിനുമുമ്പില്‍ വയ്ക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തയ്യാറായത്. 

കശ്മീരിജനതയെ തോക്കുപയോഗിച്ചല്ല, സ്നേഹത്തോടെ ആലിംഗനംചെയ്ത്് മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന് കഴിഞ്ഞ സ്വാതന്ത്യ്രദിനത്തില്‍ പറഞ്ഞത് പ്രധാനമന്ത്രിതന്നെയാണ്. എന്നാല്‍, പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍ക്ക് ഒരു സ്വാധീനവും കശ്മീരി ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വര്‍ഷത്തെ, പ്രത്യേകിച്ചും കഴിഞ്ഞ ഒന്നരവര്‍ഷത്തെ നയം പരാജയമായിരുന്നെവന്ന പരസ്യപ്രഖ്യാപനമായിരുന്നു ഈ പ്രസംഗം. ഇതിനുശേഷമാണ് പ്രത്യേക ദൂതനെ നിയമിക്കാനുള്ള തീരുമാനവും പുറത്തുവന്നത്. ആദ്യമായൊന്നുമല്ല കശ്മീരിലേക്ക് പ്രത്യേക ദൂതനെ നിയമിക്കുന്നത്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ കെ സി പന്ഥിനെയും (2001) എന്‍ എന്‍ വോറയെയും (2003) പ്രത്യേക ദൂതരായി നിയമിച്ചു. എന്നാല്‍, ഇവരുമായി ചര്‍ച്ചനടത്താന്‍ ഹുറിയത്ത് നേതാക്കള്‍ തയ്യാറായില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രശസ്ത പത്രപ്രവര്‍ത്തകനായ ദിലീപ് പദ്ഗാവ്ങ്കറുടെ നേതൃത്വത്തിലുള്ള സംഘത്തെയും താഴ്വരയിലേക്ക് അയച്ചു.  എന്നാല്‍, അവര്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി.  അവസാനം മോഡി സര്‍ക്കാരും ഒരു ദൂതനെ കശ്മീരിലേക്ക് അയക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന് കശ്മീരാണ്. അതുകൊണ്ടുതന്നെ ഇസ്ളാമാബാദുമായി ചര്‍ച്ചനടത്താതെ കശ്മീര്‍ വിഷയത്തില്‍ പരിഹാരം അസാധ്യമാണ്. പാകിസ്ഥാനുമായി നിര്‍ത്തിവച്ച സംഭാഷണങ്ങള്‍ പുതിയ സാഹചര്യത്തിലെങ്കിലും പുനരാരംഭിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. അതോടൊപ്പം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പ്രതീക്ഷനല്‍കുന്ന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.  എങ്കില്‍മാത്രമേ വിഘടനവാദികളെയും തീവ്രവാദികളെയുംമറ്റും ഉപയോഗിച്ചുള്ള പാകിസ്ഥാന്റെ നീക്കത്തെ ഫലപ്രദമായി തടയാന്‍ കഴിയൂ.  ദൂതനെ നിയമിച്ചാലുടന്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ധരിക്കുന്നതും അബദ്ധമാണ്. ചരിത്രം അവശേഷിപ്പിച്ചുപോയ ഒരു പ്രശ്നമാണിത്. അതുകൊണ്ടു തന്നെ തുറന്നതും ക്രിയാത്മകവുമായ സമീപനമായിരിക്കണം ദൂതന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. എങ്കില്‍മാത്രമേ ദൌത്യം വിജയിക്കൂ   
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top