01 June Thursday

ഫസൽ വധത്തിൽ
 ഇരയാക്കപ്പെട്ടവർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021


മനുഷ്യാവകാശത്തെക്കുറിച്ചുള്ള ‘സെലക്ടീവ്‌’ സമീപനം കാണുമ്പോൾ കമ്യൂണിസ്റ്റുകാർക്ക്‌ ഈ അവകാശം നിഷിദ്ധമാണോയെന്ന്‌ ന്യായമായും സംശയിച്ചുപോകും. ഒമ്പതു വർഷത്തിലേറെ മനുഷ്യാവകാശവും സാധാരണ ജീവിതവും നിഷേധിക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലെ സിപിഐ എം നേതാക്കളാണ്‌. തലശേരി ഫസൽ വധക്കേസിൽ സിബിഐ ഗൂഢാലോചന ചുമത്തിയ ഇവരുടെ നിർബന്ധിത പ്രവാസം ഹൈക്കോടതി അവസാനിപ്പിക്കുമ്പോൾ വൈകി ലഭിക്കുന്ന നീതി, നീതിനിഷേധംതന്നെയാണെന്ന ആപ്‌തവാക്യമാണ്‌ പ്രസക്തമാകുന്നത്‌.

ഒന്നരവർഷത്തെ ജയിൽവാസത്തിനുശേഷം ഇവർ എട്ടുവർഷമായി എറണാകുളത്തെ ഇരുമ്പനത്താണ്‌ ജീവിക്കുന്നത്‌. ജനിച്ചുവളർന്ന മണ്ണിൽനിന്നും ഉറ്റവരിൽനിന്നും പറിച്ചെറിയപ്പെട്ട ജീവിതം. കേരളം കണ്ട ഏറ്റവും ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നായി ഇത്‌ ചരിത്രത്തിൽ അവശേഷിക്കും. ജനാധിപത്യത്തിന്‌ അന്യമായ നാടുകടത്തലിനെ, ന്യായത്തിന്റെ പക്ഷംചേർന്ന്‌ എതിർക്കാനോ ഇരകൾക്കുവേണ്ടി ശബ്ദമുയർത്താനോ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോ പ്രഖ്യാപിത മനുഷ്യസ്‌നേഹികളോ തയ്യാറായില്ലെന്നത്‌ ലജ്ജാകരമാണ്‌. മോചനത്തിന്‌ സഹായിച്ചില്ലെന്നു മാത്രമല്ല, ഇല്ലാക്കഥകൾ മെനഞ്ഞ്‌ രണ്ട്‌ മാതൃകാ പൊതുപ്രവർത്തകരെ നശിപ്പിച്ചുകളയാനുള്ള ആസൂത്രിത പ്രവർത്തനവും നടന്നു. ഫസൽ വധം സിപിഐ എമ്മിന്റെ തലയിൽ വച്ചുകെട്ടാനുള്ള ശ്രമത്തിൽ ആർഎസ്‌എസും എൻഡിഎഫും യുഡിഎഫും ഒറ്റക്കെട്ടായിരുന്നു. മതവിരോധം കാരണം ആർഎസ്‌എസ്‌ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ ഫസൽവധത്തെ സിപിഐ എമ്മിനെതിരായ ആയുധമാക്കിയതിനു പിന്നിലെ വൻ ഗൂഢാലോചനയാണ്‌ ക്രമേണ പുറത്തുവരുന്നത്‌. 2006 ഒക്ടോബർ 22ന്‌- തലശേരി സെയ്താർ പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡിൽ പുലർച്ചെ നാലിനാണ്‌ എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്‌.

ഫസലിന്റെ കൊലയാളികളായ ആർഎസ്‌എസിനൊപ്പം ഇരിക്കാനില്ലെന്നു പറഞ്ഞ്‌ സമാധാന യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയവരാണ്‌ എൻഡിഎഫ്‌.
ചില പൊലീസ്‌ ഉദ്യോഗസ്ഥരുടെ താൽപ്പര്യത്തിനൊത്ത്‌ കേസിന്റെ അന്വേഷണം മാറിയപ്പോൾ എൻഡിഎഫിന്റെയും സ്വരംമാറി. ഫസലിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവ്‌ സമ്പാദിച്ചതോടെ ആർഎസ്‌എസ്‌ തിരക്കഥയിലായി കേസിന്റെ ഗതി.

സംഭവം നടക്കുമ്പോൾ സിപിഐ എം തലശേരി ഏരിയ സെക്രട്ടറിയായ കാരായി രാജനെയും തിരുവങ്ങാട്‌ ലോക്കൽ സെക്രട്ടറി ചന്ദ്രശേഖരനെയും ആറ്‌ പാർടി പ്രവർത്തകരെയും സിബിഐ പ്രതികളാക്കിയപ്പോൾ സത്യം കുഴിച്ചുമൂടപ്പെടുകയായിരുന്നു. സിപിഐ എമ്മിനെ പ്രതിക്കൂട്ടിൽ നിർത്തുകയെന്ന ഏക അജൻഡയിൽ വിരുദ്ധശക്തികൾ ഒന്നിച്ചു. ചില മാധ്യമങ്ങൾ ഇതിന്‌ കുഴലൂതി. തുടക്കത്തിൽ കോൺഗ്രസായിരുന്നു സിബിഐയുടെ യജമാനൻ. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ രാഷ്ട്രീയ അജൻഡ ഒന്നുകൂടി ബലപ്പെട്ടു. അന്വേഷണത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയും ജാമ്യം തേടിയും പലതവണ കോടതിയെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. എറണാകുളം വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ രണ്ട്‌ നേതാക്കളെ കുരുക്കിയിടാനും സിപിഐ എമ്മിനെതിരെ പ്രചാരവേല സംഘടിപ്പിക്കാനും ഫസൽ കേസ്‌ ആയുധമാക്കപ്പെട്ടു. ഗൂഢാലോചനക്കുറ്റം ചുമത്തിയ നേതാക്കൾക്കെതിരെയോ മറ്റ്‌ പ്രതികൾക്കെതിരെയോ തെളിവിന്റെ തുമ്പുപോലും ഉണ്ടായിരുന്നില്ല എന്നതിനാൽ, കേസിന്റെ വിചാരണയ്‌ക്ക്‌ സിബിഐക്ക്‌ താൽപ്പര്യം ഉണ്ടായിരുന്നില്ല.

ഇതിനിടയിൽ മറ്റൊരു കൊലക്കേസിൽ പിടിയിലായ ആർഎസ്‌എസ്‌ ക്രിമിനൽ, ഫസലിനെ വധിച്ച സംഘത്തിൽ താനുണ്ടായിരുന്നുവെന്ന്‌ വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. ഇതുൾപ്പെടെ സുപ്രധാന തെളിവുകൾ കേരള പൊലീസ്‌ സിബിഐക്ക്‌ കൈമാറിയെങ്കിലും കേസിൽ അനക്കമുണ്ടായില്ല. ഫസൽ വധത്തിന്റെ പ്രതികാരമെന്ന ധാരണ പരത്താൻ സിപിഐ എം പ്രവർത്തകൻ കെ പി ജിജേഷിനെ കൊലപ്പെടുത്തി എൻഡിഎഫിന്റെ തലയിലിടാൻ ആർഎസ്‌എസ്‌ നടത്തിയ ശ്രമം പൊളിഞ്ഞത്‌ സിപിഐ എം വിരുദ്ധ നീക്കത്തിന്‌ തിരിച്ചടിയായി. ഈ കൊലപാതകത്തിൽ ഉൾപ്പെട്ട ആർഎസ്‌എസുകാരെല്ലാം പിടിയിലായി. ഇത്തരത്തിൽ നിരവധി തെളിവുകൾ പുറത്തുവന്നിട്ടും ഫസൽ വധത്തിന്റെ ഫയൽ തുറക്കാൻ സിബിഐ തയ്യാറായില്ല. ഒടുവിൽ ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ തുടരന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജിയിലുണ്ടായ ഹൈക്കോടതി ഉത്തരവ്‌ വഴിത്തിരിവായി. ശരിയായ വഴിയിൽ പുനരന്വേഷണം നടന്നാൽ ഫസലിന്റെ യഥാർഥ ഘാതകർ പുറത്തുവരും. അതോടൊപ്പം സിപിഐ എമ്മിനെതിരെ നടന്ന വലിയൊരു ഗൂഢാലോചനയും.

നാടിന്‌ പ്രിയങ്കരായ രണ്ട്‌ പൊതുപ്രവർത്തകർക്ക്‌ നഷ്ടപ്പെട്ട ജീവിതവും അവരും ഉറ്റവരും അനുഭവിച്ചുതീർത്ത ദുരിതങ്ങളും പറഞ്ഞുതീർക്കാവുന്നതല്ല. രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായും ചന്ദ്രശേഖരൻ തലശേരി മുനിസിപ്പൽ ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടത്‌ ജനങ്ങൾക്കിടയിലുള്ള അംഗീകാരത്തിന്റെ ഭാഗമായിട്ടാണ്‌. എന്നാൽ, ഈ ചുമതല നിർവഹിക്കാനുള്ള അനുമതി നീതിപീഠത്തിൽനിന്ന്‌ ലഭിച്ചില്ല. മക്കളുടെ വിവാഹമടക്കമുള്ള കാര്യങ്ങളിൽ ഈ ഗൃഹനാഥന്മാർ എത്തിയത്‌ കോടതി ഉത്തരവിന്റെ ബലത്തിൽ കാഴ്‌ചക്കാരായാണ്‌. ജാമ്യവ്യവസ്ഥയിലെ ഉപാധി നീക്കി മൂന്നുമാസംകൊണ്ട്‌ അവർ കണ്ണൂരിന്റെ പൊതുമണ്ഡലത്തിൽ തിരിച്ചെത്തും. രാഷ്ട്രീയ പകപോക്കലിനപ്പുറം ഒന്നുമില്ലാത്ത കേസിൽ സിപിഐ എം വിരുദ്ധജ്വരം ബാധിച്ച്‌ തുള്ളിയവരെ വിസ്‌മരിക്കാം. നന്മയെ ചേർത്തുപിടിച്ച്‌ രണ്ട്‌ ജനസേവകർക്കുവേണ്ടി വിട്ടുവീഴ്‌ചയില്ലാതെ സിപിഐ എമ്മിനൊപ്പം പോരാടിയ അസംഖ്യം മനുഷ്യരുടെ വിജയമാണ്‌ രാജന്റെയും ചന്ദ്രശേഖരന്റെയും മോചനം. ഒപ്പം കേന്ദ്രഭരണം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന അന്യായങ്ങളെ ചെറുക്കാനുള്ള പ്രചോദനവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top