27 July Saturday

കെ സുധാകരന്റെ വരവും ആരവങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


കോൺഗ്രസിന്റെ കേരള ഘടകം പ്രസിഡന്റ്‌ ആരാകണം എന്നത് ആ പാർടിയുടെ മാത്രം വിഷയമാണ്. ഇപ്പോൾ കെ സുധാകരനെ പ്രസിഡന്റായി അവർ നിശ്ചയിച്ചിരിക്കുന്നു. അതിന് അവർക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സുധാകരന്റെ വരവോടെ കേരളത്തിലെ കോൺഗ്രസ് ആകെ മാറാൻ പോകുന്നുവെന്നും പുതിയൊരു യുഗം പിറക്കുകയാണെന്നും ചില കോൺഗ്രസ് നേതാക്കളും കോൺഗ്രസ് അനുകൂല മാധ്യമങ്ങളും ഉയർത്തുന്ന ആരവം കാണാതിരിക്കാനാകില്ല.

കോൺഗ്രസ് രാജ്യത്ത് ഇന്ന് പതനത്തിന്റെ പാതാളത്തിലാണ്. അതിനു കാരണം ഏതെങ്കിലുമൊരു നേതാവിന്റെ കുറവല്ല. മുഖ്യപ്രശ്നം നയങ്ങളുടേതാണ്. ഹിന്ദു വർഗീയതയിൽ അടിയുറച്ച് രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ പോരാടാൻ കരുത്തില്ലാത്ത പാർടിയായി കോൺഗ്രസ് മാറിയത് ഈ നയവൈകല്യങ്ങൾ മൂലമാണ്. ഉത്തരവാദിത്ത ബോധം ഇല്ലാത്ത നേതാക്കളും അടിമുടി ബാധിച്ച വിഭാഗീയതയും ഈ തകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നുമാത്രം. ഇന്ന് ബിജെപി പിന്തുടരുന്ന ജനദ്രോഹ സാമ്പത്തിക നയത്തിന്റെ മിക്കതിന്റെയും ഉപജ്ഞാതാക്കൾ കോൺഗ്രസാണ്. അതുകൊണ്ടുതന്നെ ആ നയങ്ങളെ ചെറുക്കാൻ അവർക്കാകുന്നില്ല. ബിജെപി ഉയർത്തുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ നേർക്കുനേർ നിന്ന് പോരാടാനും കഴിയുന്നില്ല. മൃദുഹിന്ദുത്വ സമീപനത്തിലൂടെ വിശ്വാസ്യത തകർക്കുന്നു. മിക്ക നേതാക്കളും ബിജെപിയിലേക്ക് ചാടാൻ കാലുയർത്തി നിൽക്കുന്നു. ഇന്നലെയും ഒരു നേതാവ് പാർടി വിട്ടിട്ടുണ്ട്. അതും രാഹുൽ ഗാന്ധിയുടെ ഏറ്റവും അടുപ്പക്കാരിൽ ഒരാളായ ജിതിൻ പ്രസാദ. എന്നാൽ കോൺഗ്രസിലെ ഒരു ചെറുവിഭാഗം ഈ നയവൈകല്യങ്ങൾക്കെതിരെ അവരുടെ നേർത്ത ശബ്ദം ഉയർത്തുന്നുണ്ട്. പക്ഷേ കാര്യമായ ചലനമുണ്ടാക്കാൻ അവർക്ക് കഴിയുന്നില്ല.

കോൺഗ്രസിന്റെ ഇന്നത്തെ കൊടുംതകർച്ചയുടെ കാലത്ത് ഏതുചേരിയിൽ നിൽക്കുന്ന നേതാവാണ്‌ കെ സുധാകരൻ എന്നതാണ് പ്രസക്തം. സുധാകരൻ കോൺഗ്രസിൽ വൈകി എത്തിയ ആളാണ്‌. കെഎസ് യുവിൽ തുടങ്ങി സംഘടനാ കോൺഗ്രസിലൂടെയായിരുന്നു സുധാകരൻ സജീവമായത്. കോൺഗ്രസ് നയങ്ങൾ കൂടുതൽ വലതാഭിമുഖ്യമുള്ളതാകണം എന്നു വാദിച്ചവരായിരുന്നല്ലോ അവർ. അതായത് കോൺഗ്രസ് ഭിന്നിച്ചുണ്ടായ ഏറ്റവും പിന്തിരിപ്പൻ ചേരിയുടെ പ്രതിനിധിയായിട്ടായിരുന്നു തുടക്കം. പിന്നീട് ജനതാപാർടിയും ഗോപാലൻ ജനതയും വഴിയാണ് കോൺഗ്രസിലെത്തിയത്. 1982ൽ പോലും തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ഗോപാലൻ ജനത സ്ഥാനാർഥിയായാണ്. ഒരിക്കലും കോൺഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരായ നിലപാട് സുധാകരനിൽ നിന്ന് പ്രതീക്ഷിയ്ക്കാനാകില്ല; ഉണ്ടായിട്ടുമില്ല. ബിജെപിയുടെ വർഗീയതയോട് പോരാടുന്ന കാര്യത്തിലാകട്ടെ വിശ്വാസ്യത തെല്ലുമില്ലാത്ത നേതാവുമാണ് സുധാകരൻ. വേണ്ടിവന്നാൽ ബിജെപിയിൽ പോകാൻ മടിക്കില്ലെന്ന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുപോലും പരസ്യമായി പറയാൻ തയ്യാറായി. കണ്ണൂരിലെ ആർഎസ്എസ് അക്രമങ്ങൾക്ക് എന്നും ഒത്താശ ചെയ്യാനും സുധാകരനുണ്ടായിരുന്നു.

കോൺഗ്രസിനുള്ളിൽ തന്നെ അക്രമരാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും വെറുക്കപ്പെട്ട നേതാവ് കൂടിയാണ് പുതിയ അധ്യക്ഷൻ. ഇപ്പോൾ പല ഗ്രൂപ്പായി ഭിന്നിച്ചുനിൽക്കുന്ന നേതാക്കൾ മിക്കവാറും എല്ലാവരും തന്നെ ഏതെങ്കിലും ഘട്ടത്തിൽ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അത്രയേറെ അക്രമങ്ങളിലാണ് നേരിട്ടും പ്രേരകനായും ഈ നേതാവ് പ്രതിയായിട്ടുള്ളത്.

ഇപ്പോൾ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസു മുതൽ കള്ളവോട്ടിനു പരസ്യമായി ആഹ്വാനം ചെയ്ത കേസുവരെ നീളുന്നു സുധാകരന്റെ അക്രമരാഷ്ട്രീയ ജീവിതം. എന്നും എന്തിനും പോന്ന ഒരു സംഘം ഗുണ്ടകളെ ഒപ്പം നിർത്തിയാണ് സുധാകരൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് ആരോപണം ഉന്നയിച്ചിട്ടുള്ളത് കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ തന്നെയാണ്.

കണ്ണൂരിൽ യുഡിഎഫിനു വൻ നേട്ടമുണ്ടാക്കിയിട്ടാണ് സുധാകരൻ കേരളത്തിന്റെ ചുമതലയിലേക്ക് വരുന്നത് എന്നും ചില മാധ്യമങ്ങളിൽ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ദയനീയമായി തോറ്റ ജില്ലകളിലൊന്നാണ് കണ്ണൂർ. ആകെയുള്ള പതിനൊന്നിൽ കിട്ടിയത് രണ്ടു സീറ്റ്. കൈയിലുണ്ടായിരുന്ന ഒരെണ്ണം പോയി. ജില്ലയിൽ എൽഡിഎഫ്, യുഡിഎഫിനേക്കാൾ രണ്ടരലക്ഷത്തിലേറെ (2,68,994) വോട്ടിനു മുന്നിലെത്തുകയും ചെയ്തു. വൻ ഭൂരിപക്ഷത്തിലാണ് മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചത്. ഇതാണോ സുധാകരൻ കണ്ണൂരിൽ യുഡിഎഫിനുണ്ടാക്കിയ വിജയം?

ചുരുക്കത്തിൽ കോൺഗ്രസിലെ ഏറ്റവും പ്രതിലോമപരവും ജീർണിച്ചതുമായ ധാരയുടെ പ്രതിനിധിയാണ് കേരളത്തിൽ ആ പാർടിയുടെ നേതൃചുമതല ഏറ്റിരിക്കുന്നത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ പതനം ഒരു ദിവസം പെട്ടെന്നുണ്ടായതല്ല. അതുകൊണ്ടുതന്നെ ഒരു നേതാവിനെക്കൊണ്ട് മാറ്റാൻ കഴിയുന്നതുമല്ല. നയങ്ങളിലെ അടിമുടിയുള്ള മാറ്റവും കൂട്ടായ നേതൃത്വവും മാത്രമേ ആ പാർടിയെ രക്ഷിക്കൂ. ഇല്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിന്റെ അന്ത്യത്തിന് കാർമികനാകാനാകും പുതിയ പ്രസിഡന്റിന്റെ വിധി. ഏതായാലും ഗ്രൂപ്പിതരമായി എല്ലാ നേതാക്കളെയും വെറുപ്പിച്ചുള്ള സുധാകരന്റെ വരവ് ആ പാർടിക്കോ കേരളത്തിനോ ഒരു ഗുണവും ചെയ്യില്ലെന്ന് ഉറപ്പ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top