29 March Wednesday

അസാൻജെയെ വേട്ടയാടുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
അവസാനം പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. വിക്കി ലീക‌്സ‌് സ്ഥാപകൻ ജൂലിയൻ അസാൻജെയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ‌്ത‌ു. ഏഴുവർഷമായി അഭയം നൽകിയ ഇക്വഡോർ സർക്കാർ രാഷ്ട്രീയാഭയം പിൻവലിച്ചതോടെയാണ് ലണ്ടനിലെ മെട്രോ പൊളിറ്റൻ പൊലീസ് അസാൻജെയെ വ്യാഴാഴ്ച അറസ്റ്റ് ചെയ‌്തത‌്. മാധ്യമ സ്വാതന്ത്ര്യത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് അസാൻജെയുടെ അറസ്റ്റ്. 
 
രണ്ട് വർഷംമുമ്പ് ഇക്വഡോറിൽ റാഫേൽ കൊറിയ സർക്കാർ മാറി ലെനിൻ മൊറേനോ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് അസാൻജെയ‌്ക്കെതിരെയുള്ള കരുനീക്കങ്ങൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ അസാൻജെയ‌്ക്കുള്ള സംരക്ഷണം തുടരുമെന്നു പറഞ്ഞ മൊറേനോ സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകുമെന്നും പ്രഖ്യാപിച്ചു. എന്നാൽ, ലെനിൽ മൊറേനോ ആഭ്യന്തര രാഷ്ട്രീയത്തിൽ വലതുപക്ഷത്തേക്ക് ചായുകയും അമേരിക്കയുമായി അടുക്കുകയും ചെയ‌്തതോടെയാണ് അസാൻജെയുടെ ഭാവിയിൽ ഇരുൾവീണത്. കഴിഞ്ഞവർഷം മാർച്ചിൽ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം അസാൻജെയ‌്ക്ക് മൊറേനോ സർക്കാർ നിഷേധിച്ചു. പരസ്പര ധാരണ ലംഘിച്ച് ചില പ്രസ‌്താവനകൾ നടത്തിയെന്നതിന്റെ പേരിലായിരുന്നു ഈ വിലക്ക്. പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയായിരുന്ന ഇന്റർനെറ്റ് നിഷേധിക്കപ്പെട്ടതോടെ ലണ്ടനിലെ ഇക്വഡോർ എംബസിയിലെ ഒരു മുറിയിൽ തടവുകാരനെപ്പോലെ കഴിയുകയായിരുന്നു അസാൻജെ. പുറത്തിറങ്ങിയാൽ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുമെന്നതിനാലായിരുന്നു ഇത്.  
 
അടുത്തിടെ മൊറേനോ സർക്കാരിനെതിരെ അഴിമതിയാരോപണങ്ങളും മറ്റും ഉയർന്നതോടെ സ്ഥിതി കൂടുതൽ വഷളായി. അസാൻജെ രാഷ്ട്രീയ അഭയം സംബന്ധിച്ച ധാരണകൾ ലംഘിക്കുന്നതായി മൊറേനോ പരാതിപ്പെട്ടു. മാത്രമല്ല, എംബസിയിലെ അസാൻജെയുടെ പ്രവർത്തനങ്ങൾപോലും ചാരക്കണ്ണിലൂടെ  ഇക്വഡോർ സർക്കാർ നിരീക്ഷിക്കുന്നതായും ആക്ഷേപമുയർന്നു. ഇക്വഡോർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് അവരുടെ അമേരിക്കൻ വിധേയത്വം വർധിപ്പിച്ചു. ഐഎംഎഫ് ഇക്വഡോറിനെ സഹായിക്കാനെത്തിയത് ഈ ബന്ധം ശക്തമാക്കി. ഈയൊരു അന്താരാഷ്ട്ര പശ്ചാത്തലത്തിൽക്കൂടിയാണ് അസാൻജെയ‌്ക്ക് നൽകിയ അരാഷ്ട്രീയ അഭയം പിൻവലിക്കാൻ  മൊറേനോ  തയ്യാറായത്.  
 
അമേരിക്കയുടെ കണ്ണിലെ കരടാണ് ഓസ്ട്രേലിയക്കാരനായ മാധ്യമപ്രവർത്തകൻ ജൂലിയൻ അസാൻജെ. അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങൾ വിക്കിലീക‌്സ‌് പുറത്തുവിട്ടതാണ് ഇതിന് പ്രധാനകാരണം. അമേരിക്കയുടെ യുദ്ധകുറ്റകൃത്യങ്ങളുടെ ഭീകരത ലോകം അറിഞ്ഞത് വിക്കിലീക‌്സ‌് പുറത്തുവിട്ട ഈ കേബിളുകളിലൂടെയായിരുന്നു. 2010ലാണ് രണ്ടു ഘട്ടങ്ങളിലായി ഏഴ് ലക്ഷത്തോളം രഹസ്യരേഖകൾ വിക്കിലീക‌്സ‌് പുറത്തുവിട്ടത്. അമേരിക്കൻ സൈന്യത്തിന്റെ ക്രൂരമായ മുഖം ലോകത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അമേരിക്കൻ വിദേശനയത്തിന്റെ കറുത്ത മുഖവും ഈ കേബിളുകൾ വെളിപ്പെടുത്തി. സ്വാഭാവികമായും അസാൻജെയെ വേട്ടയാടാൻ അവർ തയ്യാറായി. അസാൻജെയ‌്ക്കുള്ള രാഷ്ട്രീയ അഭയം റദ്ദാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുതന്നെ മൊറേനോയിൽ സമ്മർദം ചെലുത്തിയിരുന്നു. പ്രതിരോധമന്ത്രാലയത്തിന്റെ രേഖകൾ പുറത്തുവിട്ടതിന് അസാൻജെയെ വിചാരണചെയ്യാനാണ് അമേരിക്കയുടെ പദ്ധതി. നേരത്തെ ലൈംഗിക അപവാദക്കേസിൽ അസാൻജെയെ സ്വീഡന് കൈമാറാൻ ബ്രിട്ടീഷ് കോടതി വിധിച്ചപ്പോഴാണ് 2010ൽ അസാൻജെ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയംപ്രാപിച്ചത്. സ്വീഡന് കൈമാറിയാൽ അവർ അമേരിക്കയ‌്ക്ക‌് കൈമാറുമെന്നതിനാലായിരുന്നു ഇത്.  റാഫേൽ കൊറിയയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവിരുദ്ധ സർക്കാരായിരുന്നു അന്ന് ഇക്വഡോറിൽ അധികാരത്തിലുണ്ടായിരുന്നത്. 
 
അസാൻജെയെ അമേരിക്കയ‌്ക്ക‌് വിട്ടുനൽകാൻ ബ്രിട്ടൻ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ജോൺ പിൽഗറെപ്പോലുള്ള പ്രശസ‌്ത മാധ്യമപ്രവർത്തകർ അസാൻജെയെ അമേരിക്കയ‌്ക്ക് വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തനത്തിന്റെ പേരിൽ അസാൻജെയെ വേട്ടയാടുന്ന ബ്രിട്ടീഷ്–-അമേരിക്കൻ നയത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top