07 June Wednesday

ഭീകരരെ കടത്തിവെട്ടി മോഡി സർക്കാർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018


ഉറ്റവരെ കാത്ത് വർഷങ്ങളോളം വഴിക്കണ്ണുമായി കഴിഞ്ഞവരുടെ തലയിൽ ഇടിത്തീപോലെയാണ് ആ വാർത്ത വന്നുപതിച്ചത്. ഇറാഖിലെ മൊസൂളിൽ 2014 ജൂണിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 പേരും അന്നുതന്നെ വധിക്കപ്പെട്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് നാലാംവർഷത്തിൽ രാജ്യസഭയിൽ ഒരു പ്രസ്താവനയിലൂടെ വിദേശമന്ത്രി സുഷ്മ സ്വരാജ് സ്ഥിരീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോഡി സർക്കാരിന്റെ തുടക്കത്തിൽ സംഭവിച്ച ഈ കൊടിയ ദുരന്തം പുറത്തറിയാൻ ഭരണത്തിന്റെ അവസാനപാദംവരെ എന്തുകൊണ്ട് കാത്തിരിക്കേണ്ടിവന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചേ മതിയാകൂ. ഈ രാജ്യത്തെ പൗരന്മാരുടെ ജീവന് ബിജെപി ഭരണം അത്രയേ വിലകൽപ്പിക്കുന്നുള്ളൂ എന്നാണോ? ഭീകരരുടെ പിടിയിലകപ്പെട്ടവർക്ക് ആപത്തൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇക്കാലമത്രയും ആവർത്തിച്ചുകൊണ്ടിരുന്ന ഭരണാധികാരികൾ, ഒരുനാൾ പൊടുന്നനെ അവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു എന്ന് പാർലമെന്റിൽ പ്രസ്താവന നടത്തിയതിലെ മനുഷ്യത്വമില്ലായ്മ ഇന്ത്യാമഹാരാജ്യത്തിന്റെ തല കുനിപ്പിക്കുന്നുണ്ട്.

തങ്ങൾക്കുവേണ്ടി മണലാരണ്യത്തിൽ വിയർപ്പൊഴുക്കാൻ പോയവർ എന്നെങ്കിലും തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബങ്ങൾ, ടെലിവിഷനിൽ തെളിഞ്ഞ ദുരന്തവർത്തമാനത്തിനുമുന്നിൽ സ്തബ്ധരായിപ്പോയി. അവരുടെ ഹൃദയവേദനയുടെ ആഴം മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. പാർലമെന്റിലും മാധ്യമങ്ങളിലും പരസ്യപ്പെടുത്തുംമുമ്പ് ഞങ്ങൾക്കൊരു സൂചന നൽകാനുള്ള മാന്യതപോലും ഇല്ലാത്ത സർക്കാരാണിതെന്ന് ബന്ധുക്കൾ തുറന്നടിക്കുന്നു. ഇന്ത്യക്കാരായ 40 തൊഴിലാളികളെ ഭീകരർ നിരത്തിനിർത്തി വെടിവച്ചതിന് ദൃക്്സാക്ഷിയുണ്ടായിരുന്നു. കാലിന് വെടിയേറ്റുവെങ്കിലും ബാക്കിയായ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ട ഹർജിത് മാസി. മൊസൂളിൽ തനിക്കൊപ്പം പിടിയിലായവരെയെല്ലാം വെടിവച്ചുകൊന്ന് കുഴിച്ചിട്ടെന്ന് അധികൃതരെ അറിയിച്ച മാസിയെ നിശ്ശബ്ദനാക്കാനാണ് മോഡിഭരണം ശ്രമിച്ചത്. മൊസൂളിൽനിന്ന് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ബാദുഷ് മരുഭൂമിയിലാണ് കൂട്ടക്കൊല നടന്നതെന്നും മാസി വെളിപ്പടുത്തി. പാർലമെന്റിൽ പലതവണ  പ്രസ്താവന നടത്തിയപ്പോഴെല്ലാം സർക്കാർ ഇക്കാര്യം മറച്ചുവച്ചു. മാസിയെ കള്ളനെന്ന് മുദ്രകുത്തി കേസെടുത്ത് ജയിലിലടച്ചു. വസ്തുതകൾ മൂടിവച്ചത് ബോധപൂർവമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പിന്നീടുള്ള സർക്കാർ നടപടികൾ.

ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിന് യഥാസമയം ഇടപെടുന്നതിൽ ഇന്ത്യാ ഗവൺമെന്റിനുണ്ടായ പരാജയം ആ ഘട്ടത്തിൽത്തന്നെ ചർച്ചചെയ്യപ്പെട്ടു. 40 നിർമാണത്തൊഴിലാളികൾ പിടിയിലായ ഘട്ടത്തിൽത്തന്നെ 45 നേഴ്സുമാരെയും ഭീകരർ ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനും ഫലപ്രദമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. മൂന്നാഴ്ചയ്ക്കുശേഷം ഐഎസ് ഭീകരർതന്നെ നേഴ്സുമാരെ എർബിലിലേക്ക് എത്തിക്കുകയായിരുന്നു. അവിടെനിന്ന് എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ 45 മലയാളികളും ഒരു തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയും ഉൾപ്പെട്ട സംഘത്തെ  നെടുമ്പാശേരിയിലെത്തിച്ചു. ആഴ്ചകളോളം നിരവധി കുടുംബങ്ങളെ മുൾമുനയിൽനിർത്തിയ ഈ സംഭവത്തിലുണ്ടായ അനുകൂലസാഹചര്യങ്ങളെ തങ്ങളുടെ നേട്ടമായി  ചിത്രീകരിക്കാൻ മോഡി സർക്കാരിന് മടിയുണ്ടായില്ല. ഇതേ കാലത്തുണ്ടായ കൂട്ടക്കൊലയെ ലോക മനസ്സാക്ഷിയുടെമുന്നിൽ കൊണ്ടുവരാനോ അന്താരാഷ്ട്രവേദികളിൽ ചർച്ചയാക്കാനോ ഇന്ത്യാ ഗവൺമെന്റ് തയ്യാറായില്ല.

ഇന്ത്യൻ തൊഴിലാളികളെ തെരഞ്ഞുപിടിച്ചാണ് ഭീകരർ കൂട്ടക്കുരുതി നടത്തിയത്. വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടും അവർ ജീവനോടെയുണ്ടെന്നും  തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുവെന്നും മൂന്നരവർഷമായി സർക്കാർ ആവർത്തിച്ചത് തീർത്തും ദുരൂഹമാണ്. കഴിഞ്ഞവർഷം ജൂൺമുതൽ ഇറാഖ് അധികൃതരുടെ സഹായത്തോടെ ബാദുഷിൽ കുന്നിൻപ്രദേശത്ത് റഡാർ പരിശോധന നടന്നതായി വിദേശമന്ത്രി സുഷ്മ സ്വരാജ്തന്നെ ഇപ്പോൾ അവകാശപ്പെടുന്നുണ്ട്.  കൂട്ടക്കുഴിമാടത്തിൽനിന്ന് 39 മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്തിയെന്നും പറയുന്നു. എന്നിട്ടും മാസങ്ങളായി ഇക്കാര്യങ്ങളെല്ലാം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നും പൊതുസമൂഹത്തിൽനിന്നും മറച്ചുവച്ചത് എന്തിനാണെന്ന ചോദ്യത്തിനും തൃപ്തികരമായ ഉത്തരം സർക്കാരിനില്ല.

തങ്ങൾക്ക് ഉത്തവാദിത്തത്തോടെയേ പ്രവർത്തിക്കാനാകൂ  എന്ന്  ആണയിടുന്ന സുഷ്മ സ്വരാജ്, കഴിഞ്ഞ നാലുവർഷത്തോളമായി കണ്ണീർകുടിച്ചുകഴിയുന്ന 39 കുടുംബങ്ങളോട് എന്ത് ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്ന് വ്യക്തമാക്കണം. യുദ്ധരംഗത്തുംമറ്റും പൗരന്മാരുടെ ജീവന് അപകടഭീഷണി നേരിടുമ്പോൾ എത്രയുംപെട്ടെന്ന് അന്താരാഷ്ട്രസംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ഏത് പരിഷ്കൃത ഗവൺമെന്റും ചെയ്യുന്നത്. ജീവൻ നഷ്ടപ്പെടുന്ന നിർഭാഗ്യകരമായ ഘട്ടങ്ങളിൽ എത്രയുംപെട്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും സഹായധനവും നൽകേണ്ടതും ഭരണാധികാരികളുടെ കടമയാണ്. ഇതിനൊന്നും തയ്യാറാകാതെ പാർലമെന്റിൽ കേവലമൊരു പ്രസ്താവന നടത്തി തലയൂരാനാണ് മോഡി ഗവൺമെന്റ് ശ്രമിച്ചത്. മാനുഷികതയ്ക്കും സാമാന്യനീതിക്കും വിലകൽപ്പിക്കാത്ത മനഃസാക്ഷിയില്ലാത്ത ഭരണമാണിതെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. മതത്തിന്റെയും സങ്കുചിത ദേശീയതയുടെയുംപേരിൽ ഭിന്നത വളർത്തുന്ന ഭരണത്തിൽനിന്ന് ഇതിൽകൂടുതലൊന്നും പ്രതീക്ഷിക്കുന്നതിലർഥമില്ല. മൃതദേഹാവശിഷ്ടങ്ങൾ ഇന്ത്യയിലെ ത്തിക്കുന്നതിന് പ്രത്യേക വിമാനം അയക്കുമെന്നും വിദേശസഹമന്ത്രി വി കെ സിങ് വൈകാതെ ഇറാഖിലേക്ക് പോകുമെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊന്നും നടക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top