02 June Friday

അതിർത്തിയിലെ മഞ്ഞുരുക്കം ആശ്വാസകരം

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020അതിർത്തിപ്രശ്‌നം സമാധാനപരമായ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും  പരിഹരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായെന്ന വാർത്ത ആശ്വാസം നൽകുന്നതാണ്‌. വെള്ളിയാഴ്‌ച വിദേശമന്ത്രാലയതലത്തിലും ശനിയാഴ്‌ച സൈനിക കമാൻഡർതലത്തിലും നടന്ന ചർച്ചയെത്തുടർന്നാണ്‌ അതിർത്തിപ്രശ്‌നം സംബന്ധിച്ച്‌ ചർച്ച തുടരാൻ തീരുമാനമായത്‌. ലോകം മുഴുവൻ കൊറോണ വൈറസ്‌ പരത്തുന്ന കോവിഡ്‌–-19 രോഗഭീതിയിൽ കഴിയുമ്പോൾ ജനസംഖ്യയിൽ ഒന്നും രണ്ടും സ്ഥാനത്ത്‌ നിൽക്കുന്ന രാജ്യങ്ങൾ തമ്മിൽ സംഘർഷം മൂർച്ഛിക്കുന്നത്‌ ഒട്ടും ശുഭകരമായിരുന്നില്ല. അത്‌ മേഖലയുടെ രാഷ്ട്രീയസുസ്ഥിരതയ്‌ക്കുതന്നെ ഭീഷണിയാകും. എന്നിട്ടും തമ്മിലടിപ്പിച്ച്‌ രാഷ്ട്രീയലാഭം കൊയ്യാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ശ്രമം നടത്തിയെങ്കിലും ഇന്ത്യയും ചൈനയും അതിന്‌ തലവച്ചുകൊടുക്കാൻ തയ്യാറായില്ല. മധ്യസ്ഥശ്രമവുമായി ട്രംപ്‌ മുന്നോട്ടുവന്നെങ്കിലും ഇരു രാഷ്ട്രവും അത്‌ സ്വീകരിച്ചില്ല. അതിർത്തിപ്രശ്‌നം ഉൾപ്പെടെയുള്ള ഉഭയകക്ഷിപ്രശ്‌നങ്ങൾ പരിഹരിക്കാൻ മൂന്നാമതൊരു ശക്തിയുടെ സഹായം ആവശ്യമില്ലെന്നും ഇന്ത്യയും ചൈനയും അഭിപ്രായപ്പെട്ടത്‌ അമേരിക്കയ്‌ക്ക്‌  തിരിച്ചടിയായി. ഇതിനുശേഷമാണ്‌ ചർച്ചയുടെ പാതയിലേക്ക്‌ മടങ്ങിയത്‌.

മെയ്‌ ആദ്യവാരമാണ്‌ അതിർത്തിയിൽ തർക്കം ആരംഭിച്ചത്‌. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലും പാംഗോങ് ട്‌സോ തടാകക്കരയിലും തർക്കം നിലനിൽക്കുന്ന പ്രദേശങ്ങളിലേക്ക്‌ ചൈനീസ്‌ സേന കയറിവന്ന്‌ തമ്പടിച്ചുവെന്ന ആരോപണമാണ്‌ ഉയർന്നത്‌. അവർക്ക്‌ പിന്തുണ നൽകി ആയിരക്കണക്കിന്‌ ചൈനീസ്‌  സൈനികർ തൊട്ടുപിന്നിലുള്ള പ്രദേശത്ത്‌ നിലയുറപ്പിച്ചതായും വാർത്ത പരന്നു. നാല്‌ ദിവസത്തിനുശേഷം മെയ്‌ ഒമ്പതിന്‌ സിക്കിമിലെ നാക്കു ലായിലും സമാനമായ സൈനികനീക്കം ചൈന നടത്തി. 2017 ദോക്ക്‌ലാമിനുശേഷം അതിർത്തിയിൽ ഇരുരാഷ്ട്രങ്ങളിലെയും സൈനികർ നേർക്കുനേർ വന്നത്‌ സ്വാഭാവികമായും വാർത്തയായി. മെയ്‌ അഞ്ചിനുമുമ്പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു.


 

മൂവായിരം കിലോമീറ്ററിലധികം വരുന്ന അതിർത്തിയാണ്‌ ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാർഥ നിയന്ത്രണരേഖ. ഇവിടെ പട്രോളിങ് സംബന്ധിച്ച്‌  തമ്മിൽ തർക്കങ്ങളും നേർക്കുനേർ വരവും പതിവാണ്‌. തർക്കപ്രദേശങ്ങളിലേക്ക്‌ ഇരു രാജ്യത്തിന്റെയും സൈന്യം പട്രോളിങ് നടത്തുന്നതാണ്‌ ഈ പ്രശ്‌നങ്ങൾക്ക്‌ പ്രധാന കാരണം. എന്നാൽ, ഇത്തരം തർക്കങ്ങളൊക്കെത്തന്നെ ചർച്ചകളിലൂടെ പരിഹരിക്കുന്നതിന്‌ ഇതുവരെയും കഴിഞ്ഞിട്ടുമുണ്ട്‌. 1967നുശേഷം  സൈനികർ പരസ്‌പരം വെടിവച്ചിട്ടില്ലെന്നതും അതിർത്തിയിലെ പൊതുവെയുള്ള സമാധാന അന്തരീക്ഷത്തിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.

സ്വാഭാവികമായും കിഴക്കൻ ലഡാക്കിലെയും നാക്കു ലായിലെയും സംഘർഷവും ചർച്ചയിലൂടെ പരിഹരിക്കാനാണ്‌  തയ്യാറാകുന്നത്‌. അതിന്റെ ഭാഗമായാണ്‌ വെള്ളിയാഴ്‌ച വിദേശമന്ത്രാലയത്തിലെ കിഴക്കനേഷ്യൻ ജോയിന്റ്‌ സെക്രട്ടറി നവീൻ ശ്രീവാസ്‌തവയും ചൈനീസ്‌ വിദേശമന്ത്രാലയത്തിലെ ഏഷ്യൻ വകുപ്പ്‌ ഡയറക്ടർ ജനറൽ ജിയാങ് ഹാവോയും തമ്മിൽ വീഡിയോ കോൺഫറൻസ്‌ നടത്തിയത്‌. ശനിയാഴ്‌ച ഇന്ത്യൻ സൈന്യത്തിന്റെ 14–-ാം വ്യൂഹത്തിന്റെ കമാൻഡിങ് ഓഫീസർ ലെഫ്‌. ജനറൽ ഹരീന്ദർസിങ്ങും ചൈനയിലെ തിബറ്റ്‌ സൈനിക മേധാവി ലയു ലിനും തമ്മിൽ ചർച്ച നടന്നു. ഈ രണ്ട്‌ ചർച്ചയ്‌ക്കുംശേഷം വിദേശമന്ത്രാലയം ഞായറാഴ്‌ച ഇറക്കിയ വാർത്താകുറിപ്പിലാണ്‌ നേരത്തേ ഒപ്പിട്ട ഉഭയകക്ഷി കരാറുകളുടെ  അടിസ്ഥാനത്തിൽ അതിർത്തിപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ തീരുമാനിച്ചത്‌. 1993 സെപ്‌തംബർ, 1996 നവംബർ, 2005 ഏപ്രിൽ, 2013 ഒക്ടോബർ  എന്നീ വർഷങ്ങളിൽ ഒപ്പിട്ട കരാറുകളുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ പ്രശ്‌നവും പരിഹരിക്കാനാണ്‌ തീരുമാനം. അതിർത്തിയിലെ പ്രശ്‌നങ്ങൾ വലിയ തർക്കമായി വികസിക്കാൻ അനുവദിക്കില്ലെന്ന്‌ തീരുമാനിച്ചത്‌ സുപ്രധാനമായ നയതന്ത്രനീക്കമായി വിലയിരുത്താം. യഥാർഥ നിയന്ത്രണരേഖയിൽ സമാധാനവും ശാന്തിയും പുലരേണ്ടത്‌ ഉഭയകക്ഷിബന്ധം ഊഷ്‌മളമായി നിലനിർത്തുന്നതിന്‌ അനിവാര്യമാണെന്നും ഇരുരാജ്യവും ഊന്നിപ്പറയുകയുണ്ടായി. ഇന്ത്യയും ചൈനയും ഉഭയകക്ഷിബന്ധം സ്ഥാപിച്ചിട്ട്‌ എഴുപത്‌ വർഷമായ വേളയിലാണ്‌ അതിർത്തിയിലെ പ്രശ്‌നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നതും പ്രതീക്ഷ നൽകുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top