10 June Saturday

ജനകോടികൾ വിശന്നുവലയുന്ന ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Monday Oct 17, 2022


രാമപുരത്ത് വാര്യർ കുചേലവൃത്തത്തിൽ ഇങ്ങനെ ചൊല്ലി. ‘ഇല്ല, ദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും'. ദാരിദ്ര്യ ദുഃഖത്തോളം വലുതായി മറ്റൊരു ദുഃഖവുമില്ല. പക്ഷേ, സ്വാതന്ത്ര്യംകിട്ടി 75 വർഷം പിന്നിടുമ്പോഴും നമ്മുടെ രാജ്യത്ത് ജനകോടികൾ ഈ വലിയ ദുഃഖം അനുഭവിക്കുന്നവരാണ്. ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ കോടിക്കണക്കിന് ആളുകൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. അത് ജീവിതമാണെന്നുപോലും പറയാനാകില്ല. മരിച്ചുജീവിക്കുന്നവർ. ഏറ്റവുമൊടുവിൽ, കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന ആഗോളപട്ടിണി സൂചിക ഈ യാഥാർഥ്യം അടിവരയിട്ട് വെളിപ്പെടുത്തുന്നു. 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 107. കഴിഞ്ഞവർഷത്തേക്കാൾ സ്ഥിതി വഷളായി. 2021ലെ 101–--ാം സ്ഥാനത്തുനിന്ന് ഇപ്പോൾ 107ലേക്ക് കൂപ്പുകുത്തി. അതായത്, പട്ടിണി പരിഹരിക്കുന്നതിൽ 106 രാജ്യങ്ങൾ ഇന്ത്യക്കു മുന്നിലാണ്. തെക്കനേഷ്യയിൽ നമുക്കു പിന്നിൽ അഫ്ഗാനിസ്ഥാൻമാത്രം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കപോലും ഇന്ത്യക്കുമുന്നിൽ. അവരുടെ സ്ഥാനം 64. അടുത്തകാലത്ത് പുറത്തുവന്ന ഒരു കണക്കുപ്രകാരം ഇന്ത്യയിൽ 15 കോടി ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലാണ്.

ഐറിഷ് സന്നദ്ധസംഘടനയായ വേൾഡ് വൈഡ് കൺസേൺ, ജർമൻ സംഘടന വെൽത്ത് ഹംഗർ ഹിൽഫ് എന്നിവ ചേർന്നു തയ്യാറാക്കുന്ന പട്ടിണിസൂചിക ലോകരാജ്യങ്ങൾ ആധികാരികമായി അംഗീകരിക്കുന്ന ഒന്നാണ്. ആഗോളതലത്തിലും മേഖലാതലത്തിലും ദേശീയാടിസ്ഥാനത്തിലുമുള്ള പട്ടിണിയെക്കുറിച്ച് ഇവർ പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, കുട്ടികളുടെ ഭാരക്കുറവ്, ഉയരക്കുറവ് തുടങ്ങി നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സൂചികയിൽ പൂജ്യംമുതൽ 100 വരെ പോയിന്റുണ്ട്. പൂജ്യം പോയിന്റ് ലഭിക്കുന്ന രാജ്യത്ത് പട്ടിണി തീരെയില്ല. ചൈനയടക്കം 17 രാജ്യങ്ങൾ പൂജ്യത്തിനും അഞ്ചിനും ഇടയിലാണ്. ഇക്കൊല്ലം ഇന്ത്യയുടെ പോയിന്റ് 29.1. ഗുരുതരമായ  വിഭാഗത്തിലാണ് നമ്മുടെ രാജ്യം.

യഥാർഥത്തിൽ, പട്ടിണിയും വിശപ്പുമൊക്കെ തിരിച്ചറിയാൻ ഏറെ അക്കാദമിക് പഠനമൊന്നും ആവശ്യമില്ല. തീവ്രമായ പട്ടിണിയും അതിന്റെ കാരണങ്ങളും അറിയാൻ പ്രത്യേക മാനദണ്ഡമോ, അളവുകോലോ, അപഗ്രഥനമോ ഒന്നും വേണ്ട. അതറിയാൻ ഭരണാധികാരികൾ സമൂഹത്തിലേക്ക് ഒന്നുനോക്കിയാൽ മതി. പട്ടിണി അത്രമേൽ തൊട്ടറിയാവുന്ന കാര്യമാണ്. വിവിധതരത്തിലുള്ള ദാരിദ്ര്യത്തിന്റെ വിശദാംശം അറിയാൻ പഠനങ്ങളും സർവേകളുമൊക്കെ വേണ്ടിവരും. പക്ഷേ, ഒരാൾ കഞ്ഞി കുടിച്ചാണോ കുടിക്കാതെയാണോ കഴിയുന്നതെന്ന്‌ അറിയാൻ അതിന്റെയൊന്നും ആവശ്യമില്ല.  ഷേക്സ്പിയറുടെ  ‘കിങ്‌ ലിയർ' നാടകത്തിൽ ലിയർ അന്ധനായ ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്. "കാഴ്ചയില്ലെങ്കിലും ഒരാൾക്ക്, ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാനാകും'.  രാജ്യം ഭരിക്കുന്നവർക്ക് പക്ഷേ, കണ്ണുണ്ടായിട്ടും ഈ നാട് എങ്ങനെ ജീവിക്കുന്നുവെന്നു കാണാൻ കഴിയുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറിയും പട്ടിണിസൂചികയെ അംഗീകരിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നത്. റിപ്പോർട്ട് തള്ളിക്കളയുന്നതായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു.

ഇങ്ങനെ ജനങ്ങൾ പട്ടിണി കിടക്കുന്ന രാജ്യത്തുനിന്ന് ഗോതമ്പ്‌ കയറ്റിയയക്കാൻ ഇന്ത്യ അടുത്തകാലത്ത് ശ്രമിച്ചിരുന്നു.  പിന്നീട്, നിയന്ത്രണം കൊണ്ടുവന്നെങ്കിലും അത് അവസാനിപ്പിച്ചിട്ടില്ല. പരമ ദാരിദ്ര്യത്തിന്റെ വിവരങ്ങൾക്കൊപ്പം രാജ്യത്ത് 35 കോടിയോളം ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യം കിട്ടുന്നില്ലെന്ന വസ്തുതയും  അറിയേണ്ടതുണ്ട്. ഭക്ഷ്യധാന്യശേഖരണം ഫലപ്രദമായി നടത്താനും പൊതുവിതരണ സംവിധാനം ശക്തമാക്കാനും കേന്ദ്ര സർക്കാർ തയ്യാറല്ല. എഫ്സിഐ ശേഖരിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷ്യധാന്യശേഖരം, പ്രത്യേകിച്ച് ഗോതമ്പ്, വൻകിട വ്യാപാരികളുടെ കൈയിലെത്താനും കേന്ദ്രഭരണം വഴിയൊരുക്കുന്നു. ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങളിൽനിന്നാണ് സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടക്കംതന്നെ. സമ്പദ്‌വ്യവസ്ഥയുടെ തുടക്കവും അവിടെത്തന്നെ. എന്നാൽ, കമ്പോളത്തിനുമാത്രം, പ്രത്യേകിച്ച് ധനമൂലധനത്തിന്റെ ചൂതാട്ടത്തിനുമാത്രം ഊന്നൽനൽകുന്ന നവലിബറൽ സാമ്പത്തികനയത്തിന്  സാധാരണ മനുഷ്യരുടെ ജീവനും ജീവിതവുമൊന്നും ഒരു പ്രശ്നമല്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top