30 March Thursday

"റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നൂടേ'

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019ചരിത്രത്തിലില്ലാത്തവിധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തിയിരിക്കുകയാണ്. നാണയപ്പെരുപ്പ നിരക്ക് കൂടിയതിനാൽ ഉൽപ്പാദന മേഖലയിലുണ്ടായ തിരിച്ചടിയെത്തുടർന്ന് വ്യാവസായികരംഗത്തും പ്രതിസന്ധി രൂക്ഷമായി. 32 രൂപയുടെ പെട്രോളിന് 46 രൂപ നികുതി ചുമത്തി ഉപയോക്താക്കളുടെ നടുവൊടിച്ചിട്ടും കേന്ദ്രഭരണം ജനദ്രോഹ നടപടിയിൽനിന്ന് പിൻവാങ്ങിയിട്ടില്ല. കാർഷികമേഖലയെ മരുപ്പറമ്പാക്കിയ നയങ്ങൾ കർഷകർക്ക് തൂക്കുകയറൊരുക്കുകയുമാണ്. പഞ്ചാബിലെ ഭേട്നാ ഗ്രാമത്തിൽ ഇരുപത്തിരണ്ടുകാരൻ ലവ്പ്രീത് സിങ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം. എട്ടുലക്ഷം രൂപയുടെ കടമാണ് ആ യുവകർഷകന്റെ ജീവനപഹരിച്ചത്. പതിനാല് ഏക്കർ ഭൂമിയിൽ പതിമൂന്നും വിറ്റുതുലച്ചിട്ടും പിടിച്ചുനിൽക്കാനായില്ല. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന സംസ്ഥാനപദ്ധതിയിൽ അഞ്ചുലക്ഷംവരെയുള്ളവ ഉൾപ്പെടുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, അയാൾക്ക് ഒഴിവാക്കിക്കിട്ടിയത് 57,000 രൂപമാത്രം. കാർഷികപ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യാ പരമ്പരയുടെ ചരിത്രമുള്ളതാണ് ലവ്പ്രീതിന്റെ കുടുംബം. നാല് ദശാബ്ദംമുമ്പ് മുതുമുത്തച്ഛൻ ജോഗിദാർ സിങ് കടംകയറി ആത്മാഹൂതി ചെയ്തു. 1994ൽ മുത്തച്ഛൻ നഹർ സിങ്ങും 2018 അവസാനം അച്ഛൻ കുൽവന്ത് സിങ്ങും ജീവനൊടുക്കി.

ജനക്ഷേമ പദ്ധതികൾക്കുള്ള സഹായങ്ങൾ വെട്ടിച്ചുരുക്കാനും കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. തൊഴിലുറപ്പുപദ്ധതി, പട്ടികജാതി–-ആദിവാസി മേഖല, ഐസിഡിഎസ്, ഭവന നിർമാണം, കുടിവെള്ള വിതരണം, മത്സ്യമേഖല തുടങ്ങിയവയിലെല്ലാം അത് പ്രഖ്യാപിച്ചിരിക്കുന്നു. വെറും മാന്ദ്യമല്ല ഇപ്പോഴത്തേത്. മറിച്ച് അത്യഗാധമായ സാമ്പത്തികത്തകർച്ചയിലേക്ക് രാജ്യത്തെ ഭരണാധികാരികൾ എടുത്തെറിഞ്ഞിരിക്കുകയാണ്. മഹാഭൂരിപക്ഷത്തിന്റെയും വരുമാനം ഭയാനകമായി ഇടിഞ്ഞു. സമ്പാദ്യനിരക്കിലെ കുറവാകട്ടെ, 22 മുതൽ 30 ശതമാനംവരെയാണ്. വാങ്ങൽശേഷിയിലെ ശോഷണം നഗരങ്ങളിലേതിന്റെ ഇരട്ടിയാണ് ഗ്രാമങ്ങളിൽ. സ്വകാര്യവൽക്കരണവും നവരത്ന കമ്പനികളുടെ വിൽപ്പനയും എല്ലാ പരിധിയും വിട്ടു. എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം നിശ്ചയിച്ചുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണ പ്രക്രിയ ഉടൻ തുടങ്ങാനും മികച്ച കരാർ നേടാനുമുള്ള നടപടിയിലാണെന്നും സിങ് കൂട്ടിച്ചേർത്തു. എയർ ഇന്ത്യക്കായുള്ള ബദൽ സംവിധാനത്തിന്റെ പ്രഥമയോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേരുമെന്നും ശേഷം കാര്യങ്ങൾ ദ്രുതഗതിയിലാക്കുമെന്നും വെളിപ്പെടുത്തി. നേരത്തെ എയർ ഇന്ത്യയുടെ മുക്കാൽ ഭാഗത്തിലധികം ഓഹരികൾ സ്വകാര്യവൽക്കരിക്കാൻ നടപടിയെടുത്തിരുന്നു. അതിനുപിറകെയാണ് ഓഹരികൾ മുഴുവൻ വിറ്റഴിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം. രാജ്യത്തെ മുച്ചൂടും തകർത്തുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുപിടിക്കാൻ പശുപ്രശ്നം ഉൾപ്പെടെയുള്ള അതിവൈകാരികവിഷയങ്ങൾ മുന്നോട്ടുവയ്‌ക്കുകയാണ് നരേന്ദ്ര മോഡിയും കൂട്ടാളികളും. യഥാർഥ വസ്തുതകൾ കാണാൻ കൂട്ടാക്കാത്ത ഭരണനേതൃത്വം അർഥശൂന്യമായി ബഹളംകൂട്ടുന്നുമുണ്ട്.

ഉത്തർപ്രദേശിലെ മഥുരയിൽ ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടി ഉദ്ഘാടനം ചെയ്യവേ മോഡി പറഞ്ഞത്, പശു, ഓം എന്നൊക്കെ കേൾക്കുമ്പോൾ ചിലർക്ക് രോമം വൈദ്യുതാഘാതമേറ്റപോലെ എഴുന്നേറ്റു നിൽക്കുന്നുവെന്നാണ്. അത്തരക്കാർ രാജ്യത്തിന്റെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവരാണെന്നും കൂട്ടിച്ചേർത്തു. മന്ത്രിമാരാകട്ടെ ബാലിശങ്ങളായ വാദങ്ങളുയർത്തി ജനങ്ങളെ പരിഹസിക്കുകയുമാണ്. 21–-ാം നൂറ്റാണ്ടിലെ യൗവനം യാത്രാവശ്യങ്ങൾക്ക് ഊബറിനെയും ഒലയെയും ആശ്രയിക്കുന്നതാണ് വാഹനവിപണിയെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവം. ഇന്ത്യൻ നഗരങ്ങളിൽ മൂന്നു ശതമാനത്തിനുമാത്രം അവസരമുള്ള ഊബറും ഒലയും വാഹനവിപണിക്ക് എങ്ങനെ പ്രതിസന്ധിയാകും. കുത്തനെ ഇടിയുന്ന വളർച്ചാ നിരക്ക് മുൻനിർത്തിയുള്ള ചോദ്യങ്ങളോട് വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്റെ പ്രതികരണം, ജിഡിപി കണക്കുകളിൽ ആശങ്കപ്പെടേണ്ടതില്ല, ഗുരുത്വാകർഷണം കണ്ടുപിടിക്കാൻപോലും ആൽബർട്ട്‌ ഐൻസ്റ്റീനെ ഗണിതശാസ്ത്രം തുണച്ചിട്ടില്ലെന്നായിരുന്നു.

ഫ്രഞ്ച് വിപ്ലവകാലത്തെ രാജ്ഞി മേരി അന്റോയ്നെറ്റേ, പട്ടിണിയിലായ കർഷകർ റൊട്ടിപോലും ഇല്ലാതെ മരണത്തെ അഭിമുഖീകരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവർക്കെന്തേ കേക്ക് തിന്നുകൂടേയെന്ന് പരിഹസിക്കുകയുണ്ടായി. റഷ്യയിൽ സാറിനയും ദരിദ്രരെ സമാനമായി കളിയാക്കിയിരുന്നു. മോഡിയും കൂട്ടരും അതേ കോമാളിചരിത്രം ആവർത്തിക്കുകയാണോ?
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top