23 March Thursday

കൂടുതൽ കരുതൽ വേണ്ട നാളുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021


കോവിഡ്‌ മൂന്നാംതരംഗം ഒക്‌ടോബറിൽ രാജ്യത്തുണ്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസാസ്റ്റർ മാനേജുമെന്റ്‌ നിയോഗിച്ച വിദഗ്‌ധസമിതി കേന്ദ്ര സർക്കാരിന്‌ മുന്നറിയിപ്പ് നൽകി. 2020 മാർച്ചിൽ ഇന്ത്യയിൽ പടർന്നുപിടിച്ച കോവിഡ്‌ മൂർധന്യത്തിൽ എത്താൻ ആറുമാസമെടുത്തു. രണ്ടാം തരംഗമെത്തിയത്‌ കഴിഞ്ഞ ഏപ്രിലോടെയാണ്‌.

ഇതുവരെ മൂന്നുകോടിയിൽപ്പരം പേർക്കാണ്‌ ഇന്ത്യയിൽ കോവിഡ്‌ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്‌. ഇത്‌ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രമാണ്‌. എന്നാൽ, രോഗബാധിതരുടെ യഥാർഥ എണ്ണം ഇതിന്റെ പതിന്മടങ്ങാണ്‌. വൈറസ്‌ ബാധിച്ചിട്ടും ലക്ഷണമൊന്നും ഇല്ലാത്തവർ, പരിശോധന നടത്തുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്യുന്നില്ല. 60 ശതമാനത്തിലേറെപ്പേർക്ക്‌ രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ്‌ ഐസിഎംആർ സിറോ സർവെലൻസ്‌ സർവേ വ്യക്തമാക്കുന്നത്‌. രക്തത്തിൽ കോവിഡ്‌ ആന്റിബോഡി കണ്ടെത്തിയവരുടെ സാമ്പിൾ സർവേ വിലയിരുത്തിയാണ്‌ ആരോഗ്യവിദഗ്‌ധർ ഈ അനുമാനത്തിൽ എത്തിച്ചേർന്നത്‌. രോഗം വന്നവർക്കു പുറമെ വാക്‌സിൻ എടുത്തവരിലും ആന്റിബോഡി കണ്ടെത്താനാകും. ഈ രണ്ട്‌ വിഭാഗത്തിൽപ്പെട്ടവരും രോഗപ്രതിരോധശേഷി ആർജിച്ചവരാണ്‌. സിറോ സർവെലൻസ്‌ സർവേ പ്രകാരം രോഗബാധയ്‌ക്ക്‌ സാധ്യതയുള്ളവരുടെ എണ്ണം രാജ്യത്ത്‌ 30 മുതൽ 40 ശതമാനംവരെ മാത്രമാണ്‌. ഇതിൽ പതിനെട്ടിൽ താഴെ പ്രായമുള്ള കുട്ടികൾ ഗണ്യമായ വിഭാഗമാണ്‌. അവർക്കാകട്ടെ ഇതുവരെ വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ്‌ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കുമെന്ന ആശങ്ക വിദഗ്‌ധർ മുന്നോട്ടുവയ്‌ക്കുന്നത്‌. ജനിതകമാറ്റം വന്ന വൈറസ്‌ കുട്ടികളുടെ മെച്ചപ്പെട്ട സ്വാഭാവിക പ്രതിരോധശേഷിയെ അതിജീവിച്ചേക്കുമെന്ന മുന്നറിയിപ്പും വിദഗ്‌ധർ നൽകുന്നു. എല്ലാ ആശുപത്രിയിലും പീഡിയാട്രിക് വാർഡുകൾ, ഐസിയുകൾ എന്നിവയുടെ എണ്ണവും വർധിപ്പിക്കണമെന്നും വിദഗ്‌ധസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത മാസത്തോടെ നൽകിത്തുടങ്ങാനാകുമെന്ന പ്രതീക്ഷയും ശാസ്‌ത്രലോകം പങ്കുവയ്‌ക്കുന്നുണ്ട്‌.

ജനസംഖ്യയിൽ മൂന്നിലൊന്നിനടുത്ത്‌ പ്രതിരോധശേഷി ആർജിച്ച സാഹചര്യത്തിൽ മൂന്നാം തരംഗം കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന പ്രതീക്ഷയാണ്‌ ആരോഗ്യവിദഗ്‌ധർക്ക്‌ ഉള്ളത്‌. ചില സംസ്ഥാനം സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിട്ടുമുണ്ട്‌. തിയറ്ററുകൾ അടക്കമുള്ള വിനോദകേന്ദ്രങ്ങളും പ്രവർത്തനമാരംഭിക്കുകയാണ്‌. വാക്‌സിനേഷൻ ഊർജിതമാക്കുകയും രോഗം പകരാനുള്ള സാഹചര്യങ്ങളോട്‌ അകലംപാലിക്കുകയും ചെയ്‌താൽ കോവിഡിനെ ഭയപ്പെടാതെ സാധാരണ ജീവിതം നയിക്കാനാകും. ഡെൽറ്റാ വൈറസ്‌ വ്യാപനശേഷി കൂടിയതാണെന്നും കോവിഡ്‌ ബാധിതരിൽ ചെറിയൊരു ശതമാനം ഇപ്പോഴും അപകടാവസ്ഥയിൽ ആകാറുണ്ടെന്നതും ഗൗരവപൂർവം കാണേണ്ടതാണ്‌.

ദേശീയ സാഹചര്യത്തിൽനിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കേരളത്തിലെ കാര്യങ്ങൾ. ഒടുവിലത്തെ സിറോ സർവലെൻസ്‌ സർവേ പ്രകാരം കേരളത്തിൽ നിലവിൽ 56 ശതമാനംപേർ രോഗസാധ്യത ഉള്ളവരാണ്‌. രോഗത്തിന്റെ അതിവ്യാപനം തടയുന്നതിൽ കഴിഞ്ഞ ഒന്നരവർഷം പുലർത്തിയ ജാഗ്രതയുടെ ഗുണഫലമാണ്‌ ഇത്‌. ഗുരുതരാവസ്ഥയിൽ എത്തുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുറയാൻ കാരണം രോഗബാധ മൊത്തത്തിൽ നിയന്ത്രിച്ചുനിർത്താൻ സാധിച്ചുവെന്നതുതന്നെയാണ്‌. ദേശീയതലത്തിൽ 1.34 ശതമാനംപേർ മരിച്ചപ്പോൾ കേരളത്തിൽ ഇത്‌ അര ശതമാനത്തിൽ താഴെയാണ്‌.

രണ്ടാം തരംഗത്തിൽ രോഗികളുടെ പ്രതിദിന എണ്ണം മുപ്പതിനായിരത്തോളം ആകുകയും മരണം 200 കടക്കുകയും ചെയ്‌തപ്പോഴാണ്‌ കേരളത്തിൽ രണ്ടാം അടച്ചിടൽ ആവശ്യമായി വന്നത്‌. ഇതിനു ഫലമുണ്ടായെങ്കിൽ ഒരുഘട്ടം പിന്നിട്ടപ്പോൾ രോഗനില ഒരേ നിരക്കിൽ തുടർന്നു. അടച്ചിടൽ അവസാനിപ്പിക്കാതെ ജനജീവിതം മുന്നോട്ടുപോകില്ലെന്ന സ്ഥിതിയിലാണ്‌ പരമാവധി മേഖലകൾ തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചത്‌. രോഗം വരാത്തവരുടെ ഉയർന്ന നിരക്ക്‌, ജനസാന്ദ്രത, ഗ്രാമ നഗര ഭേദമില്ലായ്‌മ, പ്രായം കൂടിയവരുടെ ഉയർന്ന അനുപാതം, വർധിച്ച ജീവിത ശൈലീരോഗങ്ങൾ ഇവയെല്ലാം കോവിഡ്‌ നിയന്ത്രണത്തിൽ കേരളം നേരിടുന്ന വെല്ലുവിളികളാണ്‌. ബലിപെരുന്നാൾ വേളയിലും ഓണാഘോഷം മുന്നിൽക്കണ്ടും നൽകിയ ഇളവുകൾ രോഗനിരക്കിൽ വ്യക്തമായി പ്രതിഫലിക്കുകയാണ്‌ ഇപ്പോൾ. ആഴ്‌ചകളോളം പത്തിൽ കറങ്ങിനിന്നശേഷം രോഗസ്ഥിരീകരണ നിരക്ക്‌ വർധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ഇനിയും ഉയരുമെന്ന സൂചനയാണ്‌ വിദഗ്‌ധർ നൽകുന്നത്‌. പൊതുവായ അടച്ചിടൽ ഒഴിവാക്കിയേ കേരളത്തിന്‌ ഇനി മുന്നോട്ട്‌ പോകാനാകൂവെന്നതാണ്‌ യാഥാർഥ്യം. എന്നാൽ, രോഗം പടർന്നുപിടിക്കാനുള്ള സാഹചര്യം വളരെ ശക്തമായി ഇവിടെ നിലനിൽക്കുകയാണ്‌. ഒരുസമയത്ത്‌ രോഗം വരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, ഒപ്പം കൂടുതൽ ആളുകൾക്ക്‌ വാക്‌സിൻ നൽകുക ഇതാണ്‌ കേരളം ആവിഷ്‌കരിച്ച തന്ത്രം. അങ്ങനെ മുന്നോട്ടുപോകുമ്പോൾ ഇനിയുമേറെ നാൾ നമുക്ക്‌ രോഗത്തോടൊപ്പം സഞ്ചരിക്കേണ്ടി വരും. ചുറ്റിലുമുള്ള വൈറസിനെ അകത്തേക്ക്‌ പ്രവേശിപ്പിക്കാതിരിക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്തമാണ്‌ ഓരോരുത്തരും പുലർത്തേണ്ടത്‌.

മരണത്തെ പരമാവധി ഇല്ലാതാക്കുക, രോഗതീവ്രത കഴിയുന്നത്ര കുറയ്‌ക്കുക, രോഗനിർമാർജനം സാമൂഹ്യദൗത്യമായി ഏറ്റെടുക്കുക ഇതാണ്‌ കേരളത്തിന്റെ വഴി. കൂടുതൽ കരുതൽ കാണിക്കേണ്ട കാലമാണ്‌ ഇത്‌. വീണ്ടുമൊരു അടച്ചിടൽ ഒഴിവാക്കാൻ, ഇതുവരെയുള്ള നേട്ടങ്ങൾ നിലനിർത്താൻ അതുമാത്രമാണ്‌ പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top