03 February Friday

കൊറോണയ്‌ക്കെതിരെ നിതാന്ത ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020ചൈനയെ പിടിച്ചുകുലുക്കുന്ന കൊറോണ വൈറസ്‌ കൂടുതൽ രാജ്യങ്ങളിലേക്ക്‌ പടരുന്നതിനാൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായ ആലോചനയിലാണ്‌ ലോകാരോഗ്യസംഘടന. ചൈനയിലെ വുഹാൻ നഗരത്തിൽ പുതുവർഷത്തിന്റെ ആദ്യനാളുകളിൽ ശക്തിപ്പെട്ട രോഗബാധ നിയന്ത്രണാധീനമാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വൈറസ്‌ ബാധമൂലം ചൈനയിൽ 170 പേർ മരിച്ചു. പതിനായിരത്തോളം പേർക്ക്‌ രോഗം ബാധിച്ചതായാണ്‌ ചൈനയുടെ ഔദ്യോഗിക കണക്ക്‌. തായ്‌വാൻ, ജപ്പാൻ, അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ഫ്രാൻസ്‌, യുഎഇ എന്നിവയടക്കം 19 രാജ്യങ്ങളിൽ വൈറസ്‌ ബാധ കണ്ടെത്തിയതോടെ ആഗോളവ്യാപകമായി ആശങ്ക പടർന്നുകഴിഞ്ഞു. ചൈനയിലെ വുഹാനിൽനിന്ന്‌ തിരിച്ചെത്തിയ മലയാളി മെഡിക്കൽ വിദ്യാർഥിനിക്ക്‌ കൊറോണ വൈറസ്‌ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതോടെ കേരളവും ആശങ്കയിലും അതീവ ജാഗ്രതയിലുമാണ്‌.

പ്രതിരോധിക്കാനും ചികിത്സിച്ച്‌ ഭേദമാക്കാനും വാക്‌സിനോ മരുന്നുകളോ ഇല്ലാത്തതാണ്‌ കൊറോണ വൈറസ്‌ ഇത്രമാത്രം ഭീതിദമാകാൻ കാരണം. മുമ്പ്‌ ലോകത്തെ ഭയപ്പെടുത്തിയ സാർസ്‌, മെർസ്‌ പകർച്ചവ്യാധികൾക്ക്‌ കാരണമായ കൊറോണ വൈറസുകളിൽനിന്ന്‌  വ്യത്യസ്‌തമാണ്‌ പുതിയ വൈറസ്‌ എന്നാണ്‌ ശാസ്‌ത്രജ്ഞർ പറയുന്നത്‌. ജനിതകമാറ്റം വന്ന ഈ വൈറസ്‌ സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങളോടെയാണ്‌ മനുഷ്യരിൽ പ്രത്യക്ഷപ്പെടുക. രോഗം മൂർച്ഛിച്ച്‌ ന്യുമോണിയ, കഫക്കെട്ട്‌ എന്നിവയ്‌ക്കൊപ്പം ശ്വാസതടസ്സംകൂടിയാകുന്നതോടെ രോഗി മരിക്കുന്നു. അതിസാധാരണമായി തുടങ്ങി മാരകമായി മാറുന്ന കൊറോണ വൈറസ്‌ മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ വേഗത്തിൽ പടരും. വൈറസ്‌ ബാധിച്ചാൽ രണ്ടാഴ്‌ച രോഗലക്ഷണങ്ങളൊന്നും കാണില്ലെന്നും ഈ കാലയളവിലാണ്‌ പകരുകയെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു. രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ളവരെ ഒറ്റതിരിച്ച്‌ താമസിപ്പിച്ചുമാത്രമേ വൈറസ്‌ പടരുന്നത്‌ തടയാനാകൂ. മനുഷ്യർക്കൊപ്പം കന്നുകാലികൾക്കും മറ്റ്‌ വളർത്തുമൃഗങ്ങൾക്കും കൊറോണ വൈറസ്‌ ബാധിക്കും. മൈക്രോസ്‌കോപ്പിലൂടെ നോക്കുമ്പോൾ കിരീടാകൃതിയുള്ളതുകൊണ്ടാണ്‌ ഇതിനെ കിരീടം എന്നർഥം വരുന്ന ലാറ്റിൻ പദമായ കൊറോണ എന്ന്‌ വിളിക്കുന്നത്‌.

|
 

വൈറസ്‌ ബാധിച്ചയാളുടെ ശരീരത്തിൽ തുടക്കത്തിൽ രോഗലക്ഷണങ്ങളൊന്നും ദൃശ്യമാകാത്തതാണ്‌ കൊറോണ നിയന്ത്രണവിധേയമാക്കാൻ കഴിയാത്തതിന്‌ പ്രധാന കാരണമായി ശാസ്‌ത്രജ്ഞർ പറയുന്നത്‌. വൈറസ്‌ ബാധയുടെ ആദ്യഘട്ടത്തിലാണ്‌ ഇത്‌ പടരുന്നതെന്ന്‌ കരുതുന്നു. വായുവിലൂടെ രോഗം പകരുന്നുവെന്നാണ്‌ നിഗമനമെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്ന്‌ ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഏതായാലും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിന്‌  തീവ്രശ്രമത്തിലാണ്‌ ശാസ്‌ത്രലോകം.

എബോള അടക്കം മാരകമായ എത്രയോ പകർച്ചവ്യാധികളെ ലോകം അതിജീവിച്ചിട്ടുണ്ട്‌. ആരോഗ്യപ്രവർത്തകരുടെയും വിദഗ്‌ധരുടെയും നിർദേശങ്ങൾ പാലിക്കേണ്ടത്‌ ഇക്കാര്യത്തിൽ പ്രധാനമാണ്‌. അതിനാൽ കൊറോണ  പ്രതിരോധത്തിന്‌ ആരോഗ്യവിദഗ്‌ധരുടെയും സർക്കാരിന്റെയും ഉപദേശ–-നിർദേശങ്ങൾ അക്ഷരംപ്രതി പാലിക്കണം. രോഗം പടരാതിരിക്കാൻ തികഞ്ഞ ജാഗ്രത അത്യാവശ്യമാണ്‌. ശുചിത്വവും ശ്രദ്ധയുമാണ്‌ രോഗപ്രതിരോധത്തിൽ പ്രധാനം. രോഗസാധ്യതയുണ്ടെങ്കിൽ നിർദേശിക്കപ്പെട്ട ആശുപത്രികളിൽ എത്രയുംവേഗം എത്തണം. കുപ്രചാരണങ്ങളിലൂടെ ഭീതി പടർത്തരുത്‌. സാമൂഹ്യമാധ്യമങ്ങളിലൂടെ കിട്ടുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത്‌. സർക്കാരിന്റെ നിർദേശങ്ങളും ആരോഗ്യവിദഗ്‌ധരുടെ ഔദ്യോഗിക അറിയിപ്പുകളും മാത്രമേ കൈമാറാവൂ.

നിപാ പോലുള്ള മാരകരോഗത്തിന്റെ ഭീഷണി രണ്ടുതവണ പ്രതിരോധിച്ച അനുഭവം കേരളത്തിനുണ്ട്‌. സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്നാണ്‌ നിപായെ പ്രതിരോധിച്ചത്‌. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ സമൂഹം ഏകമനസ്സോടെ തയ്യാറായതാണ്‌ നിപായെ അതിജീവിക്കാൻ സഹായിച്ചത്‌. അതേ ജാഗ്രത കൊറോണയെ നേരിടാനും കേരളം കാണിക്കുമെന്നുറപ്പാണ്‌. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേരളം ഇതിനകം തയ്യാറെടുത്തുകഴിഞ്ഞു. എല്ലാ ജില്ലയിലും ഒരു പ്രധാന സർക്കാർ ആശുപത്രിയിൽ ഐസൊലേഷൻ വാർഡ്‌ നേരത്തെ സജ്ജമാക്കിയിട്ടുണ്ട്‌. ചൈനയിൽനിന്ന്‌ തിരിച്ചെത്തിയ നിരവധി പേർ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്‌. കേരളത്തിൽ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചതിനാൽ സംസ്ഥാന സർക്കാർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്‌.

പ്രതിരോധമരുന്നില്ലെങ്കിലും ശ്രദ്ധാപൂർവമുള്ള ചികിത്സയിലൂടെ കൊറോണ വൈറസിനെ അതിജീവിക്കാൻ സാധിക്കുമെന്നാണ്‌ ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ. ഭയാശങ്കയ്‌ക്ക്‌ അടിപ്പെടാതെ തുടക്കംമുതലുള്ള ശ്രദ്ധയും പരിചരണവുമാണ്‌ പ്രധാനം. സർക്കാരും ആരോഗ്യപ്രവർത്തകരും സമൂഹവും ഒറ്റക്കെട്ടായിനിന്ന്‌ പ്രതിരോധിച്ചാൽ കൊറോണയുടെ ഭീഷണി അതിജീവിക്കാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top