23 March Thursday

സഹകരണമേഖലയെ പുതുക്കിപ്പണിയാൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


കേരളംപോലെ, സഹകരണപ്രസ്ഥാനം ജീവിതത്തിന്റെ സർവതലങ്ങളെയും സ്‌പർശിക്കുന്ന മറ്റൊരു സംസ്ഥാനം ചൂണ്ടിക്കാണിക്കാനാകില്ല. ഈ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടാണ്‌  രണ്ടുവർഷം പിന്നിടുന്ന എൽഡിഎഫ്‌ സർക്കാർ സമഗ്രമായ ഒരു നയരേഖയ്‌ക്ക്‌ രൂപം നൽകിയത്‌.  വായ്‌പ, ഉൽപ്പാദനം, നിർമാണം, സംഭരണം, വിപണനം, കാർഷികസംസ്കരണം, ഉപേഭോക്തൃരംഗം, പരമ്പരാഗത വ്യവസായം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഇൻഷുറൻസ്, അടിസ്ഥാനസൗകര്യവികസനം തുടങ്ങി സഹകരണം സദ്‌ഫലങ്ങൾ കൊയ്യുന്ന നിരവധി  മേഖലകളെ കണ്ണിചേർക്കുമ്പോൾ യഥാർഥത്തിൽ തയ്യാറാകുന്നത്‌ സംസ്ഥാനത്തിന്റെ സമഗ്ര വികസന രേഖതന്നെയാണ്‌. കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച  കരട്‌ സഹകരണനയം വിവിധതലങ്ങളിലുള്ള ചർച്ചകൾക്കുശേഷം  വിപുലമായ പ്രവർത്തനപദ്ധതിയായി രൂപപ്പെടും.  1969ൽ കേരള സഹകരണനിയമം നിലവിൽ വന്നതിന്‌ ശേഷം കാലാനുസൃതമായ നിരവധി മാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്‌. യുഡിഎഫ്‌ ഭരണകാലത്ത്‌ രാഷ്ട്രീയതാൽപ്പര്യങ്ങൾക്കും സ്ഥാപനങ്ങളുടെ ഭരണം പിടിക്കാനുമൊക്കെയായി നിയമദേദഗതികൾ ഉൾപ്പെടെ കൊണ്ടുവന്ന്‌ സഹകരണമേഖലയെ താറുമാറാക്കുകയാണ്‌ പതിവ്‌.

എൽഡിഎഫ്‌ സർക്കാരാകട്ടെ  സഹകരണമേഖലയെ പൊതുവികസന  പ്രക്രിയയുടെ ഭാഗമാക്കുന്ന സുപ്രധാന ചുവടുവയ്‌പാണ്‌   ഇപ്പോൾ നടത്തിയത്‌ . 70 മേഖലകളിലായി  15428 സഹകരണസംഘങ്ങൾ കേരളത്തിലുണ്ട്‌. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഗ്രാമീണ വായ്‌പാമേഖല പ്രവർത്തിക്കുന്ന കേരളത്തിൽ മൊത്തം സഹകരണ നിക്ഷേപത്തിന്റെ 60 ശതമാനവും കൈകാര്യംചെയ്യപ്പെടുന്നു. സഹകരണ സ്ഥാപനങ്ങളിലെ അംഗസംഖ്യ ഏതാണ്ട്‌ ജനസംഖ്യയ്‌ക്ക്‌ തുല്യമാണ്‌. ജീവനക്കാരുടെ എണ്ണമാകട്ടെ ഒരുലക്ഷത്തിലേറെയും. ലാഭതാൽപ്പര്യമില്ലാതെ ജനജീവിതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണരംഗം നേരിടുന്ന വെല്ലുവിളികളും ചെറുതല്ല. ഉദാരവൽക്കരണവും സാമ്പത്തികപരിഷ്‌കാരങ്ങളും കടുത്ത പ്രതിസന്ധികളാണ്‌ സൃഷ്ടിച്ചത‌്.‌ വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് മുതൽ 97‐ാം ഭരണഘടനാഭേദഗതിവരെയുള്ള പരിഷ്കാരങ്ങൾ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്‌ വലിയ ആഘാതമേൽപ്പിച്ചു. എന്നാൽ, ശക്തവും ജനാധിപത്യപരവുമായ ചെറുത്തുനിൽപ്പിലൂടെ ഇവയെല്ലാം കേരളം അതിജീവിച്ചു. നോട്ടുനിരോധനത്തെ  സഹകരണമേഖലയെ തകർത്തെറിയാനുള്ള  ആയുധമാക്കിയ കേന്ദ്രത്തിന്‌ ആ ലക്ഷ്യം നേടാനായില്ല. സംസ്ഥാന സർക്കാരും ജനകീയപ്രസ്ഥാനങ്ങളും നടത്തിയ ശക്തമായ ഇടപെടലാണ്‌ അന്ന്‌ സഹകരണപ്രസ്ഥാനത്തെ സംരക്ഷിച്ചത്‌.

പുതിയ കാലത്തിനനുസരിച്ച്‌ മാറ്റങ്ങൾ ഉൾക്കൊണ്ട്‌ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള പദ്ധതികളിൽ ഏറ്റവും പ്രധാനം വായ്‌പാമേഖലയിലെ സംസ്ഥാന ‐ ജില്ലാതലങ്ങളുടെ സംയോജനമാണ്‌. കെഎസ്‌ആർടിസിപോലുള്ള സ്ഥാപനങ്ങൾക്ക്‌ നൽകുന്ന പിന്തുണയിലൂടെ സാമൂഹ്യപ്രതിബദ്ധതയും തെളിയിക്കുന്നു. ആഗോള സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രഖ്യാപനങ്ങളായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച അഞ്ച്‌ കാര്യങ്ങളും കേരളനയം അടിവരയിടുന്നു. ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കൽ, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം, മാന്യതയുള്ള തൊഴിലും സാമ്പത്തികവളർച്ചയും, കാലാവസ്ഥാവ്യതിയാനത്തിനെതിരായ പ്രതിരോധം എന്നിവയാണിവ. മേൽപറഞ്ഞ ലക്ഷ്യങ്ങളോട്‌  നീതിപുലർത്തുന്ന കർമപരിപാടികൾ ഇപ്പോൾത്തന്നെ നടപ്പാക്കിവരുന്ന കേരളം ആഗോള സഹകരണ പ്രസ്ഥാനത്തിനും വഴികാട്ടുന്നുവെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.

പ്രാദേശികവികസനത്തിന്‌ അനുഗുണമായി സഹകരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയെന്ന കാഴ്‌ചപ്പാട്‌ മുന്നോട്ടുവയ്‌ക്കുന്ന നയരേഖയിൽ സ്വയംഭരണവും സ്വാതന്ത്ര്യവും  ഉറപ്പുവരുത്തുമെന്ന്‌ ഊന്നിപ്പറയുന്നു. സർക്കാരിന്റെ സാമൂഹിക ‐ സാമ്പത്തിക പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള ഉപകരണമായി മാറണമെന്ന്‌ പറയുമ്പോൾത്തന്നെ, വാലായി മാറ്റരുതെന്ന മുന്നറിയിപ്പും നൽകുന്നു. നിലവിലുള്ള ദൗർബല്യങ്ങൾ പരിശോധിക്കുന്ന ഭാഗത്ത്‌ ത്രിതല വായ്‌പാ സംവിധാനത്തിലെ പ്രശ്‌നങ്ങൾ, കാർഷികവായ്‌പയിലെ ഇടിവ്‌, നിഷ്‌ക്രിയ ആസ്‌തിയിലെ വർധന എന്നിവ എടുത്തുപറയുന്നു. കൂടുതലായി ശ്രദ്ധയൂന്നേണ്ട  മേഖലകളായി ഗ്രാമീണജനത,  പുതുതലമുറ,  കാർഷികരംഗം, സ്‌ത്രീശാക്തീകരണം എന്നിവ കാണുന്നു. ജനസൗഹാർദപരമായ  സേവനം എന്നത്‌ പ്രൊഫഷണൽ മികവിലേക്ക്‌ വാതിൽതുറക്കുന്ന നിർദേശമാണ്‌. 

തദ്ദേശഭരണ സ്ഥാപനങ്ങളുമായുള്ള യോജിച്ച പ്രവർത്തനം പരസ്പര കൊടുക്കൽവാങ്ങലായി ഇരുമേഖലയെയും ശക്തിപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്‌ കൈകാര്യംചെയ്യാനുള്ള അംഗീകാരം സഹകരണ പ്രാഥമിക ബാങ്കുകൾക്ക്‌ ലഭിക്കുന്നതോടെ വായ്‌പാരംഗത്ത്‌ കുതിച്ചുചാട്ടമുണ്ടാകും. കേരളത്തിന്റെ കാർഷികസമൃദ്ധി  ഉപയോഗപ്പെടുത്തി വൻകിട പദ്ധതികൾ സഹകരണമേഖലയിൽ തുടങ്ങണമെന്ന നിർദേശം മുന്നോട്ടുവയ്‌ക്കുന്നത്‌  അമുൽ പോലുള്ള വിജയമാതൃക കണ്ടുകൊണ്ടാണ്‌.  നിലവിലുള്ള നിയമനരീതി പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം സാമൂഹ്യനീതിയും സുതാര്യതയും ഉറപ്പുവരുത്തും. സഹകരണ മേഖലയിൽ അടിമുടി പ്രൊഫഷണലിസം, സഹകരണ വിദ്യാഭ്യാസത്തിൽ കാലിക പരിഷ്‌കരണം തുടങ്ങിയവയെല്ലാം വലിയമാറ്റങ്ങൾക്കു വഴിവയ്‌ക്കുന്ന നിർദേശങ്ങളാണ്‌. ഏത്‌ കക്ഷി ഭരിച്ചാലും സഹകരണസ്ഥാപനങ്ങളെ കറവപ്പശുവാക്കാൻ ഇനിയൊരിക്കലും സാധിക്കാത്തവിധമുള്ള തിരുത്തൽ നടപടികളും ചിട്ടയായ പ്രവർത്തനവുമാണ്‌ സർക്കാർ ലക്ഷ്യമാക്കുന്നത്‌. സൂക്ഷ്‌മവും വിശദവുമായ സഹകരണ നയരേഖ യാഥാർഥ്യമാകുമ്പോൾ,  എൽഡിഎഫ്‌ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങളിൽ ഒന്നുകൂടി പ്രാവർത്തികമാകുകയാണ്‌. ഈ നയരേഖ നൽകുന്ന ദിശാബോധത്തിനനുസരിച്ചു മുന്നേറിയാൽ നവകേരളത്തിന്റെ  നെടുംതൂണുകളിൽ ഒന്നായി സഹകരണം മാറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top