05 June Monday

ഒളിമങ്ങാതെ ചമ്പാരന്‍ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Monday Apr 24, 2017

സ്വാതന്ത്യ്രസമരത്തിന്റെ ആദര്‍ശങ്ങളും സംഭവങ്ങളും ഓര്‍മിക്കപ്പെടരുതെന്ന് വാശിപിടിക്കുന്ന ഒരു സര്‍ക്കാര്‍, കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ചമ്പാരന്‍ സത്യഗ്രഹത്തിന്റെ നൂറാംവാര്‍ഷികം വിവിധ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിക്കപ്പെടുന്നത്. ചമ്പാരന്‍ സത്യഗ്രഹം നടന്ന ബിഹാറിലെ സര്‍ക്കാര്‍ മാത്രമല്ല വിവിധ രാഷ്ട്രീയകക്ഷികളും കര്‍ഷകസംഘടനകളും  അക്കാദമിക് സമൂഹവും ചമ്പാരന്‍ സത്യഗ്രഹത്തെ ഓര്‍ത്തെടുക്കുകയാണിപ്പോള്‍. 20 വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍വാസത്തിന് ശേഷം ഇന്ത്യയിലെത്തിയ ഗാന്ധിജി ഏറ്റെടുത്ത ആദ്യത്തെ കര്‍ഷകസമരം മാത്രമല്ല ചമ്പാരന്‍, ആദ്യത്തെ നിയമലംഘനപ്രസ്ഥാനം കൂടിയായിരുന്നു. 

ബിഹാറിലെ ചമ്പാരന്‍ മേഖലയിലെ നീലം കുഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയുന്നതിനുവേണ്ടി 1917 ഏപ്രില്‍ രണ്ടാംവാരമാണ് ഗാന്ധിജി ചമ്പാരനില്‍ എത്തുന്നത്. ബ്രിട്ടീഷ് തോട്ടമുടമകള്‍ ഇവിടത്തെ കര്‍ഷകരെക്കൊണ്ട് നിര്‍ബന്ധിച്ച് നീലം കൃഷി ചെയ്യിക്കുകയായിരുന്നു. കൈവശമുള്ള ഭൂമിയുടെ 20ല്‍ മൂന്ന് ശതമാനത്തില്‍ നിര്‍ബന്ധമായും നീലം കൃഷി ചെയ്യണമെന്നായിരുന്നു ബ്രിട്ടീഷ് തീട്ടൂരം.'തീന്‍കാതിയ' എന്ന പേരിലുള്ള ഈ സമ്പ്രദായത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം 19-ാം നൂറ്റാണ്ടില്‍ ത്തന്നെ ഉയര്‍ന്നിരുന്നു. ദിനബന്ധുമിത്രയുടെ 'നീലദര്‍പ്പണ്‍' എന്ന നാടകം ഇക്കാര്യങ്ങള്‍ സമഗ്രമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. 

1860 ഓടെ ജര്‍മനി സിന്തറ്റിക് നീലം കണ്ടുപിടിച്ചതോടെ ഇന്ത്യന്‍ നീലത്തിന് കമ്പോളമില്ലാതായി. സ്വാഭാവികമായും നീലം കയറ്റുമതിയില്‍നിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞു. അതിന്റെ നഷ്ടം മുഴുവന്‍ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരുടെ ചുമലിലേക്ക് മാറ്റപ്പെട്ടു. നീലംകൃഷി തകര്‍ന്നപ്പോര്‍ നഷ്ടം നികത്തുന്നതിന് ഭൂവുടമകള്‍ ഭൂമിയുടെ പാട്ടവില 60 ശതമാനം വര്‍ധിപ്പിച്ചു. മാത്രമല്ല നീലംകൃഷിയില്‍നിന്ന് മറ്റേതെങ്കിലും വിളയിലേക്ക് മാറണമെങ്കില്‍ പാട്ടക്കൃഷിക്കാരന്‍ വന്‍ തുക നല്‍കണമെന്ന് ഭൂവുടമകള്‍ ശഠിച്ചു.  മാത്രമല്ല, സവാരിചെയ്യുന്നതിന് കുതിരയെ വാങ്ങുന്നതിനും മോട്ടോര്‍ വാഹനം വാങ്ങുന്നതിനുംമറ്റും ഭൂവുടമയ്ക്ക് പാട്ടക്കൃഷിക്കാരന്‍ സെസ് നല്‍കണമെന്നായിരുന്നു. ഇത്തരം നാല്‍പ്പതോളം അക്രമപ്പിരിവുകള്‍ അന്ന് നിലവിലുണ്ടായിരുന്നു. ഈ പണമൊന്നും നല്‍കാനാകാതെ ഭൂവുടമയുടെ അടിമയായി ജീവിക്കേണ്ട ഗതികേടിലായിരുന്നു മോതിഹാരിയിലെയും (ഇന്നത്തെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനം) ബേതിയയിലെയും (പശ്ചിമ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനം) നീലം കര്‍ഷകര്‍.

ഈ ഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനവിരുദ്ധ സമരത്തിന്റെ അനുഭവങ്ങളുമായി  ഗാന്ധിജി ഇന്ത്യയിലേക്ക് വരുന്നത്. 1916 ഡിസംബറില്‍ ലഖ്നൌവില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ചമ്പാരനിലെ കൃഷിക്കാരുടെ ശബ്ദം ഉയര്‍ന്നിരുന്നു. രാജ്കുമാര്‍ ശുക്ളയെന്ന വ്യക്തിയാണ് ഗാന്ധിജിയെ ചമ്പാരനിലേക്ക് കൊണ്ടുവരുന്നത്. കൊല്‍ക്കത്തയില്‍നിന്ന് പട്നയിലെത്തിയ ഗാന്ധിജി ഏപ്രില്‍ 15ന് മോതിഹാരിയിലെത്തുകയും തൊട്ടുത്ത ദിവസംതന്നെ കൃഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായി ഗ്രാമസന്ദര്‍ശനം ആരംഭിക്കുകയുംചെയ്തു. ബ്രജ്കിഷോര്‍ പ്രസാദ്, പ്രഥമ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദ്, അചാര്യ ജെ ബി കൃപലാനി, പിര്‍ മുഹമ്മദ് മുനിസ്, മഷ്രൂല്‍ ഹഖ്  തുടങ്ങിയ നേതാക്കളുടെ ഒരു നീണ്ട നിരതന്നെ ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നു. ജസൌലിപട്ടിയെന്ന ഗ്രാമത്തില്‍നിന്നാരംഭിച്ച ഈ അന്വേഷണയാത്ര അടുത്തദിവസം ചന്ദ്രാഹിയ ഗ്രാമത്തിലെത്തിയപ്പോഴേക്കും ഗാന്ധിജിയോട് ഗ്രാമസന്ദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ ആവശ്യപ്പെട്ടു.  എന്നാല്‍, പിഴയൊടുക്കിയാലും ചമ്പാരനില്‍നിന്ന് പിന്‍വാങ്ങില്ലെന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ അത് നിയമലംഘനസമരത്തിന്റെ തുടക്കമായി. ഗാന്ധിജിയെ അറസ്റ്റ്ചെയ്യുമെന്നറിഞ്ഞപ്പോള്‍ ആയിരക്കണക്കിനാളുകള്‍ മോതിഹാരിയിലേക്ക് എത്തി. ഇതോടെ ഗാന്ധിജിയെ വെറുതെവിടാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു. രണ്ട് മാസത്തെ താമസത്തിനിടയില്‍ 8000 കര്‍ഷകരില്‍നിന്നാണ് ഗാന്ധിജി തെളിവെടുത്തത്. ഗ്രാമസന്ദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ ആവര്‍ത്തിച്ച് ഗാന്ധജിയോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ജൂണില്‍ ഒറീസ-ബിഹാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇ എ ഗെയിറ്റ് റാഞ്ചിയില്‍വച്ച് ഗാന്ധിജിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരന്വേഷണ കമീഷനെ വയ്ക്കാനും അതില്‍ ഗാന്ധിജിയെ അംഗമാക്കാനും തീരുമാനിച്ചത്. ഈ കമീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 'തീന്‍കാതിയ' സമ്പ്രദായം അവസാനിപ്പിക്കാനും അക്രമപ്പിരിവുകള്‍ റദ്ദാക്കാനും കൃഷിഭൂമിയുടെ വര്‍ധിപ്പിച്ച വാടക 26 ശതമാനം കുറയ്ക്കാനും തീരുമാനിച്ചു.

ചമ്പാരനിലെ കര്‍ഷകസമരത്തിന്റെ വിജയമാണ് കൃഷിക്കാരെ വര്‍ധിച്ചതോതില്‍ ദേശീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. അഹമ്മദാബാദിലെ തൊഴിലാളിസമരത്തിനും ഖേദ സത്യഗ്രഹ സമരത്തിനും നിസ്സഹകരണ-ഖിലാഫത്ത്-നിയലംഘനപ്രസ്ഥാനങ്ങള്‍ക്കും പിന്നീട് നേതൃത്വംനല്‍കുന്നതിനും ഗാന്ധിജിക്ക് ഊര്‍ജംനല്‍കിയത് ചമ്പാരനിലെ സത്യഗ്രഹമായിരുന്നു. ഗാന്ധിജിയും കോണ്‍ഗ്രസുകാരും മാത്രമല്ല സോഷ്യലിസ്റ്റുകാരും കമ്യൂണിസ്റ്റുകാരും ഈ സമരത്തിന്റയും പ്രക്ഷോഭങ്ങളുടെയും ഭാഗമായിരുന്നു. എന്നാല്‍, ഈ സമരങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുകയും കൊളോണിയന്‍ മേധാവികള്‍ക്കൊപ്പം നിലകൊള്ളുകയുംചെയ്ത പ്രസ്ഥാനത്തിന്റെ കൊടി ഉയര്‍ത്തുന്നവരാണ് ഇന്ന് കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്.

ചമ്പാരന്‍ സത്യഗ്രഹത്തിന്റെ ഈ നൂറാംവര്‍ഷത്തിലും കര്‍ഷകരുടെ നില ഒട്ടുംമെച്ചമായിട്ടില്ല. മോശമായിട്ടേയുള്ളൂവെന്ന് തലസ്ഥാനത്ത് തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകര്‍ വസ്ത്രമുരിഞ്ഞും മൂത്രം കുടിച്ചും നടത്തുന്ന പ്രതിഷേധം വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയ്ക്ക് 3,10,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകനായ അച്ഛന് ഭാരമാകാതിരിക്കാന്‍ മഹാരാഷ്ട്രയിലെ ലാത്തുരില്‍ ശീതള്‍ എന്ന പതിനെട്ടുകാരി കിണറ്റില്‍ ചാടി മരിച്ചത് കഴിഞ്ഞ ദിവസമാണ്. കൃഷി തകര്‍ന്ന് വരുമാനമില്ലാത്ത കുടുംബത്തിന് തന്റെ കല്യാണത്തിന് സ്ത്രീധനം നല്‍കാന്‍ കഴിയില്ലെന്നുകണ്ടാണ് ആത്മഹത്യാകുറിപ്പ് എഴുതി പെണ്‍കുട്ടി ജീവനൊടുക്കിയത്. രാജ്യത്തെ 65 ശതമാനത്തിലധികംപേരും ജീവനോപാധി കണ്ടെത്തുന്ന കാര്‍ഷികമേഖലയെ മാറിമാറിവരുന്ന ഭരണാധികാരികള്‍ തീര്‍ത്തും അവഗണിക്കുമ്പോള്‍ രണ്ടാം ചമ്പാരന്‍ സമരത്തിന്റെ അനിവാര്യതയാണ് ബോധ്യപ്പെടുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top