23 March Thursday

അഞ്ജലിമാർ ഇങ്ങനെ പൊലിയാനുള്ളവരോ

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023


പുതുവർഷപ്പുലരിയിൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുൽത്താൻപുരിയിൽ ഇരുപതുകാരി അഞ്ജലി സിങ്ങിനുണ്ടായ അതിദാരുണ അന്ത്യം രാജ്യത്തിനു മുന്നിൽ  പൊള്ളിക്കുന്ന ചോദ്യങ്ങൾ  ഉയർത്തുന്നു. സുരക്ഷ പ്രമാണിച്ച്‌ 18,000ൽപരം പൊലീസ്‌ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്ന രാജ്യതലസ്ഥാനത്താണ്‌ ഈ യുവതിയുടെ ശരീരം കുരുങ്ങിയ കാർ ഒരു മണിക്കൂറോളം ഓടിയത്‌. കൂട്ടുകാരിക്കൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അഞ്ജലിയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചതാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകളിൽ പറയുന്നു. ശരീരത്തിൽ 40 മുറിവ്‌ കണ്ടെത്തിയെന്നും നട്ടെല്ലും തലയോട്ടിയും കൈകാലുകളിലെ അസ്ഥികളും നുറുങ്ങിയ നിലയിലാണ്‌ മൃതദേഹം ലഭിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്‌.

അപകടത്തെക്കുറിച്ച്‌ നാട്ടുകാരിൽനിന്ന്‌ പൊലീസ്‌ കൺട്രോൾ റൂമിൽ ആദ്യം വിവരം ലഭിച്ചത്‌ പുലർച്ചെ 2.30നാണ്‌. അന്വേഷിച്ചിട്ടും പൊലീസിന്‌ കാർ കണ്ടെത്താനായില്ലത്രേ. അപകടത്തിൽപ്പെട്ട സ്‌കൂട്ടർ കണ്ടെത്തിയെന്ന്‌ 3.20ന്‌ പ ട്രോളിങ്‌ സംഘം കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും പൊലീസ്‌ ഡയറിയിൽ ഇക്കാര്യം രേഖപ്പെടുത്തിയത്‌ 3.56ന്‌ മാത്രമാണെന്ന്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ശരീരം അടിയിൽ കുരുങ്ങിയ നിലയിൽ കാർ ഓടുന്നത്‌ കണ്ടതായി 3.30ന്‌ ഒരു വഴിയാത്രക്കാരൻ കൺട്രോൾ റൂമിൽ അറിയിച്ചു. 4.15ന്‌ വീണ്ടും ഫോണിൽ വിവരം ലഭിച്ചശേഷമാണ്‌ പൊലീസിന്‌ ശരീരം കണ്ടെത്താനായത്‌. വഴി നീളെ കാമറകളും സുരക്ഷാ സന്നാഹവുമുള്ള രാജ്യതലസ്ഥാനത്താണ്‌ ഈ ദുരവസ്ഥ. 2012ൽ നിർഭയ കേസ്‌ ഉണ്ടായപ്പോഴും ഡൽഹി പൊലീസ്‌ ഏറെ പഴികേട്ടു. വൻതോതിൽ ജനരോഷം ഉയർന്ന ആ സംഭവത്തിനുശേഷവും പൊതുജനങ്ങൾക്ക്‌ സുരക്ഷ ഒരുക്കുന്നതിൽ ഡൽഹി പൊലീസ്‌ പരാജയപ്പെടുകയാണ്‌.  രണ്ടു വർഷംമുമ്പ്‌ വടക്കുകിഴക്കൻ ഡൽഹി കലാപത്തിലേക്ക്‌ നീങ്ങിയപ്പോഴും മണിക്കൂറുകൾക്കുശേഷമാണ്‌ പൊലീസ്‌ ഇടപെട്ടത്‌. നിർണായക മണിക്കൂറുകളിൽ അവസരോചിതമായി ഉണർന്നു പ്രവർത്തിക്കാൻ ഡൽഹി പൊലീസിന്‌ കഴിഞ്ഞില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന്‌ സംഭവിക്കുന്ന വീഴ്‌ചകളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ കേന്ദ്രഭരണകക്ഷിക്ക്‌ ഒഴിഞ്ഞുമാറാൻ കഴിയില്ല.

കാറിൽ സഞ്ചരിച്ച അഞ്ചു യുവാക്കളെ പിന്നീട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരിൽ പ്രാദേശിക ബിജെപി നേതാവുമുണ്ട്‌. പ്രതികളുടെ വിവരം പൊലീസ്‌ ഒളിപ്പിക്കാൻ ശ്രമിച്ചെന്നും ഇതിനു പിന്നിൽ ലഫ്‌. ഗവർണറും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്നും ആരോപിച്ച്‌ ആം ആദ്‌മി പാർടി രംഗത്തുവന്നിട്ടുണ്ട്‌. കാറിൽ ഉച്ചത്തിൽ പാട്ട്‌ വച്ചിരുന്നെന്നും അതിനാൽ അപകടം നടന്നത്‌ അറിഞ്ഞില്ലെന്നും യുവാക്കൾ പറഞ്ഞത്‌ പൊലീസ്‌ പ്രചരിപ്പിച്ചു. എന്നാൽ, കാറിൽ പാട്ടൊന്നും വച്ചിരുന്നില്ലെന്നും അഞ്‌ജലിയെ മനഃപൂർവം വലിച്ചിഴച്ചതായാണ്‌ തോന്നുന്നതെന്നും സ്‌കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി മജിസ്‌ട്രേട്ടിന്‌ സിആർപിസി 164–-ാം വകുപ്പ്‌ പ്രകാരം മൊഴി നൽകിയിട്ടുണ്ട്‌. അയൽവാസികൾക്കും ബന്ധുക്കൾക്കുംപോലും സന്ദർശിക്കാൻ കഴിയാത്ത വിധത്തിൽ കനത്ത പൊലീസ്‌ കാവലിലാണ്‌ അഞ്ജലിയുടെ കുടുംബം. സംസ്‌കാരചടങ്ങുകൾ വെട്ടിച്ചുരുക്കാൻ പൊലീസ്‌ നിർദേശിച്ചു. സംഭവത്തിൽ പല കാര്യങ്ങളും ഒളിപ്പിക്കാൻ അധികൃതർ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ്‌ ഇത്‌ നൽകുന്നത്‌.

കുടുംബം പോറ്റാൻ ചെറുപ്രായത്തിൽ തൊഴിലിനിറങ്ങിയ അഞ്ജലിയുടെ അനുഭവം ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യത്തിന്റെ നേർചിത്രംകൂടിയാണ്‌. അച്ഛന്റെ  മരണത്തെതുടർന്ന്‌ ഒമ്പതാം ക്ലാസിൽ പഠനം ഉപേക്ഷിച്ച അഞ്ജലി ഏഴംഗ കുടുംബത്തിന്റെ ഏകആശ്രയമായിരുന്നു. ഹെയർ സലൂണിൽ ജോലി ചെയ്‌തും വിവാഹാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സഹായിച്ചുമാണ്‌ ആ പെൺകുട്ടി കുടുംബത്തിന്‌ ആവശ്യമായ വരുമാനം നേടിയിരുന്നത്‌. വൃക്കരോഗിയായ അമ്മയുടെ ചികിത്സയ്‌ക്ക്‌ വേണ്ട പണം കണ്ടെത്തിയിരുന്നതും അഞ്ജലിയാണ്‌. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ മുദ്രാവാക്യം മുഴക്കുന്ന ഭരണാധികാരികൾക്കു മുന്നിൽ ചോദ്യചിഹ്നമാണ്‌ അഞ്ജലിയുടെ ജീവിതകഥ. ഈ വിധത്തിൽ പൊലിയാനുള്ളതാണോ 21–-ാം നൂറ്റാണ്ടിലും അഞ്ജലിമാരുടെ ജീവിതം?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top