10 June Saturday

സിറിയ, അഫ്ഗാന്‍, യമന്‍ ഇനി ഉത്തരകൊറിയ

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2017


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും അമേരിക്ക വിട്ടുനില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഡോണള്‍ഡ് ട്രംപ്് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. അട്ടിമറിപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞു. എന്നാല്‍, അധികാരമേറിയതോടെ റൊണാള്‍ഡ് റീഗെനെയും ജോര്‍ജ് ബുഷിനെയുംപോലെ ട്രംപും പരമാധികാര രാഷ്ട്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാ അന്താരാഷ്ട്രമര്യാദയും കാറ്റില്‍പറത്തി ഒരു രാജ്യത്തിനു പിറെകെ മറ്റൊന്ന് എന്ന രീതിയില്‍ ആക്രമണം നടത്തുകയാണ് അമേരിക്കയും ട്രംപും. സിറിയക്കും അഫ്ഗാനിസ്ഥാനും യമനുംശേഷം ഉത്തര കൊറിയയെ ലക്ഷ്യമിടുകയാണ് അമേരിക്ക.

രാസായുധം ഉപയോഗിച്ചെന്ന് ആരോപിച്ച് സിറിയക്കെതിരെ മിസൈല്‍ ആക്രമണം നടത്താന്‍ അമേരിക്ക തയ്യാറായി. രാസായുധം നടത്തിയത് ആരാണെന്നുപോലും പരിശോധിക്കാതെയാണ് സിറിയന്‍ വ്യോമകേന്ദ്രത്തിന് നേരെയുള്ള ആക്രമണം. സിറിയക്കുനേരെ മാത്രമല്ല യമനിലും അമേരിക്ക ശക്തമായ ബോംബിങ് തുടരുകയാണ്. സൌദി അറേബ്യ പിന്തുണയ്ക്കുന്ന ഭരണാധികരിക്ക് അനുകൂലമായാണ് ഈ ബോംബാക്രമണം. ഇതിനെതിര കഴിഞ്ഞദിവസം തലസ്ഥാനമായ സനായില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി നടന്നു. ഇറാഖിലെ മൊസൂളില്‍ അമേരിക്ക അടുത്തിടെ നടത്തിയ ബോംബാക്രമണത്തില്‍ സിവിലിയന്മാര്‍ ഉള്‍പ്പെടെ 200 പേരാണ് കൊല്ലപ്പെട്ടത്. സിറിയയിലെ രാസായുധത്തില്‍ മരിച്ചവരുടെ ഇരട്ടിയിലധികമാണ് മൊസൂളിലെ മരണസംഖ്യ.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹഡ് പ്രവിശ്യയില്‍ 9525 കിലോ ഭാരമുള്ള കൂറ്റന്‍ ബോംബാണ് അമേരിക്ക ഇട്ടത്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ഉപയോഗിച്ച ആണവബോംബ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ബോംബാണിത്. അഫ്ഗാനിസ്ഥാനിലേക്കും കൂടുതല്‍ സൈനികരെ അയക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരില്‍നിന്ന് വ്യത്യസ്തമായി ഇവിടങ്ങളില്‍ സമാധാനം സ്ഥാപിക്കാനുള്ള ഒരു നയതന്ത്രനീക്കവും ട്രംപ് നടത്തുന്നില്ലെന്നത് സംഘര്‍ഷം തുടരുമെന്നതിന്റെ സൂചനയാണ്. മാത്രമല്ല, മധ്യപൌരസ്ത്യദേശങ്ങളിലേക്ക് കൂടുതല്‍ അമേരിക്കന്‍ സേനയെ അയക്കാനും ട്രംപ് ആരംഭിച്ചിട്ടുണ്ട്. സിറിയയിലെ റാഖയിലേക്ക് കഴിഞ്ഞദിവസം 400 അമേരിക്കന്‍ സൈനികരെ അയക്കുകയുണ്ടായി. അവിടെ ഒരു പ്രത്യേക ക്യാമ്പ് സ്ഥാപിക്കുകയാണ് ലക്ഷ്യം. കുവൈത്തിലേക്ക് കരുതല്‍സേനയായി 1000 പേരെ അയക്കാന്‍ തീരുമാനിച്ചതും ട്രംപ് തന്നെയാണ്. 400 സൈനികരെ ഇറാഖിലേക്കും അയച്ചു. മധ്യ-പൌരസ്ത്യദേശത്തെ സൈനികസാന്നിധ്യം ശക്തമാക്കിയ അമേരിക്ക ഇപ്പോള്‍ കിഴക്കനേഷ്യയില്‍ യുദ്ധമുഖം തുറക്കാനാണ് ഉത്തരകൊറിയക്കെതിരെ ആക്രമണഭീഷണി ഉയര്‍ത്തുന്നത്. ഏഷ്യയിലെന്നല്ല ലോകത്തിലെതന്നെ ഏറ്റവും വലിയ സൈനികശക്തിയായി മാറുന്ന ചൈനയെ വളഞ്ഞുപിടിക്കുകയാണ് അമേരിക്കയുടെ യഥാര്‍ഥ ലക്ഷ്യം. 

താഡ് (ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധസംവിധാനം ദക്ഷിണകൊറിയയിലെ സിയോങ്ജുവില്‍ സ്ഥാപിച്ചാണ് അമേരിക്കയുടെ പുതിയ നീക്കം. തലസ്ഥാനമായ സോളിന് 250 കിലോമീറ്റര്‍ അകലെ താഡ് സംവിധാനം സ്ഥാപിക്കുന്നതിനെതിരെ അവിടത്തെ ജനങ്ങള്‍മാത്രമല്ല അയല്‍രാജ്യമായ ചൈനയും ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. ഉത്തരകൊറിയയുടെ ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളെ മാര്‍ഗമധ്യേ തകര്‍ക്കാന്‍ കഴിയുന്നതാണ് താഡ് സംവിധാനം. 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള സംവിധാനത്തിന് 150 കിലോമീറ്റര്‍വരെ ഉയരത്തില്‍ ലക്ഷ്യം ഭേദിക്കാന്‍ കഴിയും. മാത്രമല്ല, ഉത്തരകൊറിയ ലക്ഷ്യമാക്കി അമേരിക്കന്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും നീങ്ങുകയുമാണ്. വിമാനവാഹിനി കാള്‍ വിന്‍സന്റെ നേതൃത്വത്തില്‍ ജപ്പാന്റേതടക്കമുള്ള പടക്കപ്പലുകളുടെ വ്യൂഹവും കൊറിയന്‍തീരം ലക്ഷ്യമാക്കി നീങ്ങുകയാണ്. യുഎസ്എസ് മിഷിഗണ്‍ എന്ന അന്തര്‍വാഹിനിയും മേഖലയില്‍ വിന്യസിച്ചതിനൊപ്പമാണ് ദക്ഷിണ കൊറിയയില്‍ താഡ് സംവിധാനവും സ്ഥാപിക്കുന്നത്.

അമേരിക്കയുടെ സൈനികനീക്കത്തിനെതിരെ ചൈന ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് പ്രതികരിച്ച ബീജിങ് ചൈനയുടെ തന്ത്രപ്രധാന സുരക്ഷാതാല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാണ് താഡ് സംവിധാനമെന്ന് അഭിപ്രായപ്പെട്ടു.

മേഖലയെ ആണവമുക്തമാക്കാന്‍ ഒരു തരത്തിലും സഹായിക്കുന്നതല്ല അമേരിക്കയുടെ നീക്കമെന്നും ചൈന പ്രതികരിച്ചു. തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി ചൈന നീറ്റിലിറക്കിയ ദിവസംതന്നെ അമേരിക്ക മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാന്‍ തുടങ്ങിയത് എന്നത് വാഷിങ്ടണിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കും. 

ഉത്തരകൊറിയ നടത്തിയ മിസൈല്‍പരീക്ഷണത്തെ ചൂണ്ടിക്കാട്ടി യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്ന അമേരിക്ക ബുധനാഴ്ച മൂന്ന് ഭൂഖണ്ഡാന്തര മിസൈലുകളാണ് (ഐസിബിഎം) പരീക്ഷിച്ചത്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് വ്യോമതാവളത്തില്‍നിന്നാണ് അമേരിക്ക ശാന്തസമുദ്രത്തിലേക്ക് പരീക്ഷണാര്‍ഥം ഈ മിസൈലുകള്‍ തൊടുത്തുവിട്ടത്. അമേരിക്കയ്ക്ക് പരീക്ഷണം നടത്താന്‍ അധികാരമുണ്ടെങ്കില്‍ അതേ അധികാരം ഉത്തരകൊറിയക്ക് നിഷേധിക്കണെമെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? സിറിയയില്‍ ചെയ്തതുപോലെ ഉത്തരകൊറിയയിലും സര്‍ജിക്കല്‍ സ്ട്രൈക് നടത്താനാണ് അമേരിക്കയുടെ നീക്കമെന്ന് 'ഏഷ്യന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ഉത്തരകൊറിയ മുന്നോട്ടുവന്ന ഒരു ഘട്ടത്തിലും അതിന് തയ്യാറാകാതിരുന്ന അമേരിക്ക ഇപ്പോള്‍ ആയുധം കാട്ടി ഒരു പരമാധികാരരാഷ്ട്രത്തെ ഭീഷണിപ്പെടുത്തുകയാണ്. അമേരിക്കയുടെ ഈ യുദ്ധനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top