03 February Friday

അഗസ്ത അഴിമതി അന്വേഷണം ആത്മാര്‍ഥമോ

വെബ് ഡെസ്‌ക്‌Updated: Monday Dec 19, 2016അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാമേധാവി എസ് പി ത്യാഗിയെ ഡിസംബര്‍ 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ സിബിഐ കോടതി ഉത്തരവിട്ടിരിക്കുകയാണ്. ത്യാഗിക്കൊപ്പം കേസില്‍ പ്രതികളായ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകനും ബിസിനസുകാരനുമായ ഗൌതം ഖെയ്താന്‍ എന്നിവരെയും തിഹാര്‍ ജയിലില്‍ അടച്ചിരിക്കുയാണ്. കോഴ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്ത് ഒരു സേനാ മേധാവി അറസ്റ്റിലാകുന്നതും ജയിലിലടയ്ക്കപ്പെടുന്നതും ആദ്യമായാണ്. ജനാധിപത്യ ഇന്ത്യ തലതാഴ്ത്തുന്ന നിമിഷമാണത്.  

ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി അഗസ്ത വെസ്റ്റ്ലാന്‍ഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഇറ്റാലിയന്‍ പങ്കാളിയായ ഫിന്‍മെക്കാനിക്കയില്‍നിന്ന് വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഡസന്‍ എഡബ്ള്യു101 ഹെലികോപ്റ്റര്‍ വാങ്ങുന്നതില്‍ അഴിമതികാട്ടിയെന്ന കേസിലാണ് സിബിഐ എസ് പി ത്യാഗിയെ ജയിലിലടച്ചിട്ടുള്ളത്. വ്യോമസേനാമേധാവിയെന്ന നിലയില്‍ ത്യാഗി പദവി ദുരുപയോഗംചെയ്തതായും ഭൂമിയിലും മറ്റ് സ്വത്തുകളിലുമായി വലിയതോതില്‍ നിക്ഷേപം നടത്തിയതായും സിബിഐ ആരോപിക്കുന്നു. സ്വത്തുക്കള്‍ വാങ്ങിയതിന്റെ വരുമാനസ്രോതസ്സ് വെളിപ്പെടുത്താന്‍ ത്യാഗിക്ക് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഏജന്‍സി പറയുന്നു.  1999ല്‍ പാകിസ്ഥാനുമായി നടന്ന കാര്‍ഗില്‍ ഏറ്റുമുട്ടലിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. ഈ ആവശ്യം അംഗീകരിച്ച വാജ്പേയി സര്‍ക്കാര്‍ വിവിഐപി ഹെലികോപ്റ്ററുകള്‍ നിര്‍മിച്ചുനല്‍കുന്നതിന് ആഗോളടെന്‍ഡര്‍ പുറത്തിറക്കി. ആറു കമ്പനികള്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍, ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ളതായിരിക്കണം ഹെലികോപ്റ്റര്‍ എന്ന മാനദണ്ഡം പാലിച്ച ഒരു കമ്പനി മാത്രമാണുണ്ടായിരുന്നത്. അത് ഇസി 225 ഹെലികോപ്റ്റര്‍ നിര്‍മിക്കുന്ന യുറോകോപ്ടേഴ്സ് ആയിരുന്നു. എന്നാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബ്രജേഷ് മിശ്ര എസ്പിജിയുടെ അഭിപ്രായം തേടിയപ്പോള്‍ അവരാണ് ഈ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ ആവശ്യങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് വിധിയെഴുതിയത്.  ഇതേ തുടര്‍ന്നാണ് ബ്രജേഷ് മിശ്ര വ്യോമസേനയോട് പുതിയ മാനദണ്ഡങ്ങളുമായി ആഗോള ടെന്‍ഡറിന് പോകാന്‍ ഉപദേശിച്ചത്.  ് 4500 മീറ്റര്‍ ഉയരത്തില്‍ പറക്കുന്നതും കേബിന്‍ ഉയരമുള്ളതുമായ ഹെലികോപ്റ്ററിനായി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്.  ഈ ഘട്ടത്തിലാണ് എസ് പി ത്യാഗി വ്യോമസേനാമേധാവിയാകുന്നതും പുതിയ നിര്‍ദേശം അംഗീകരിക്കുന്നതും. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കൈക്കൊണ്ട തീരുമാനം യുപിഎ സര്‍ക്കാരാണ് പ്രാവര്‍ത്തികമാക്കുന്നതെന്നര്‍ഥം.  അഴിമതിയുടെ കറ യുപിഎ സര്‍ക്കാരിനുമാത്രമായി ചാര്‍ത്താനാകില്ല. അതിന്റെ വേരുകള്‍ എന്‍ഡിഎ സര്‍ക്കാരിലും കാണാനാകും.

പുതിയ ടെന്‍ഡര്‍ വിളിച്ചത് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു.  മൂന്ന് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്.  റഷ്യന്‍ എംഐ 17 ഉം അമേരിക്കന്‍ കമ്പനിയായ സിക്കോര്‍സ്ക്കിയും അഗസ്ത വെസ്റ്റ് ലാന്‍ഡുമായിരുന്നു അത്.  എന്നാല്‍, 2007ല്‍ റഷ്യന്‍ കമ്പനി പിന്മാറി. അവസാനം അഗസത വെസ്റ്റ് ലാന്‍ഡിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു.  2010 ഫെബ്രുവരിയില്‍ 3726.96 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടു.  രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇറ്റാലിയന്‍ അറ്റോര്‍ണി ജനറല്‍ ഓഫീസ് ഈ കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചത്.   അഗസ്ത വെസ്റ്റ് ലാന്‍ഡിന് ഇന്ത്യന്‍ കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഗിഡോ റാല്‍ഫ് ഹഷ്കേക്ക് 51 ദശലക്ഷം യുറോ കൈക്കൂലി നല്‍കിയെന്ന് കോടതി കണ്ടെത്തി. ഇതോടെ ഉന്നതതല അന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി ഉത്തരവിട്ടു.  പിന്നീട് അന്വേഷണം സിബിഐക്ക് കൈമാറി. അഗസ്ത വെസ്റ്റ് ലാന്‍ഡുമായുള്ള കരാര്‍ മരവിപ്പിക്കുകയുംചെയ്തു.  എന്നാല്‍, കരാര്‍ തുകയുടെ പകുതിയോളം ഇന്ത്യാ ഗവണ്‍മെന്റ് കൈമാറിയിരുന്നു. മൂന്ന് ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിക്കുകയുംചെയ്തു.

ഹെലികോപ്റ്റര്‍ ഇടപാടില്‍ മറ്റുള്ളവരുമായി ക്രിമിനല്‍ ഗുഢാലോചന നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ത്യാഗിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്.  കരാറിന്റെ 12 ശതമാനം-450 കോടി രൂപ കമീഷനായി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചെന്നാണ് അനുമാനം.  എന്നാല്‍, പ്രധാനമന്ത്രികാര്യാലയം നിര്‍ദേശിച്ചതനുസരിച്ചാണ് മാനദണ്ഡങ്ങള്‍ പുതുക്കിയതെന്നും അതിനാല്‍ കുറ്റംചെയ്തത് അവരാണെന്നുമുള്ള വാദമാണ് എസ് പി ത്യാഗി ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ അക്കാലത്തെ പ്രതിരോധ സെക്രട്ടറിയെയും പ്രധാനമന്ത്രികാര്യാലയത്തിലെ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് സിബിഐ. നോട്ട് അസാധുവാക്കലിനെ ശക്തമായി എതിര്‍ത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കമാണ് സിബിഐയുടേതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അഗസ്ത വെസ്റ്റ്ലാന്‍ഡില്‍നിന്ന് വിവിധ സംസ്ഥാനങ്ങള്‍ നടത്തിയ  ഹെലികോപ്റ്റര്‍ ഇടപാടിലും അഴിമതിക്കറയുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സര്‍ക്കാരുകള്‍ നടത്തിയ വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുകളാണ് വിവാദമായിട്ടുള്ളത്. 

ഇതാദ്യമായല്ല വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ പേര് പ്രതിരോധ ഇടപാട് അഴിമതികളില്‍ പരാമര്‍ശിക്കപ്പെടുന്നത്.  1980കളുടെ ആദ്യം എച്ച്ഡി ഡബ്ള്യു മുങ്ങിക്കപ്പല്‍ ജര്‍മനിയില്‍നിന്ന് വാങ്ങിയതിലും അഴിമതി ആരോപണം ഉയര്‍ന്നു. അഡ്മിറല്‍ എസ് എം നന്ദയ്ക്ക് ഈ അഴിമതിയില്‍ പങ്കുണ്ടെന്ന ആരോപണമുയര്‍ന്നു. ഇസ്രയേലില്‍നിന്ന് ബറാക്ക് മിസൈല്‍ വാങ്ങിയതിലും അഴിമതിയുടെ കറയുണ്ടായിരുന്നു.  അഡ്മിറല്‍ സുശീല്‍കുമാറിനെതിരെയായിതുന്നു സംശയത്തിന്റെ കുന്തമുന ഉയര്‍ന്നത്. എന്നാല്‍, ഈ കേസുകളെല്ലാം തെളിവില്ലെന്നു കണ്ട് പാതിവഴിക്ക് ഉപേക്ഷിക്കുകയായിരുന്നു സിബിഐ. വിവിഐപി ഹെലികോപ്റ്റര്‍ കേസിലെ അന്വേഷണവും ഈ വഴിക്ക് നീങ്ങുമോ എന്ന സംശയം ഇതുകൊണ്ടാണ് ഉയരുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top