03 June Saturday

ജനകീയോത്സവമാകുന്ന സ്കൂള്‍ കലോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Jan 11, 2018കേവലം മത്സരം എന്ന നിലയില്‍നിന്ന് കേരളത്തിന്റെ ജനകീയോത്സവമായി സംസ്ഥാന സ്കൂള്‍ കലോത്സവം മാറുകയാണ്. ഇതിന്റെ വ്യക്തമായ സൂചനയോടെയാണ് തൃശൂരില്‍ 58-ാമത് സ്കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തില്‍ 24 വേദിയിലായി പതിമൂവായിരത്തോളം പ്രതിഭകളാണ് മാറ്റുരച്ചത്. അഞ്ചുലക്ഷത്തിലേറെപ്പേര്‍ കലോത്സവം കാണാനെത്തി.  യുനെസ്കോ അധികൃതരടക്കം ഈ മഹാമേള വീക്ഷിക്കാന്‍ എത്തിയെന്നത് കലോത്സവത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. തലമുറകളുടെ അഭിരുചി മാറുമ്പോള്‍ കലോത്സവവും മാറണമെന്ന ആവശ്യം ഇവിടെ യാഥാര്‍ഥ്യമാക്കിയാണ് ഏവരും പിരിഞ്ഞത്. നിസ്സാര കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുമല്ല മാന്വല്‍ പരിഷ്കരണമെന്ന് കലോത്സവം തെളിയിച്ചു. വരുംവര്‍ഷവും വന്‍മാറ്റമുണ്ടാകുമെന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രഖ്യാപനം വലിയ പ്രതീക്ഷയാണ് പകരുന്നത്.

കലോത്സവത്തില്‍നിന്ന് അനാശാസ്യമായ മത്സരം ഒഴിവാക്കി പ്രതിഭകളെ ഉണ്ടാക്കുകയെന്നതാണ് മാറ്റങ്ങളുടെ ലക്ഷ്യം. അതിനായി മത്സരത്തില്‍നിന്ന് ഉത്സവത്തിലേക്ക് എന്ന സന്ദേശമാണ് ഈ കലോത്സവം മുന്നോട്ടുവച്ചത്. ഉത്സവങ്ങള്‍ ഉണര്‍ത്തുപാട്ടാണ്. അത് ജനസമൂഹത്തെ ഒരേചരടില്‍ കോര്‍ക്കുന്നു. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളി ഉയരുന്ന ഘട്ടത്തിലാണ് കലോത്സവത്തില്‍ പുതിയ ചിന്തകള്‍ക്ക് തിരികൊളുത്തുന്നത്. ജാതിമത- വര്‍ണഭാഷ- ലിംഗ- ഭേദമില്ലാതെ മനുഷ്യസ്നേഹവും നന്മയും വളര്‍ത്തുന്നതിന് കലയുടെ പ്രതിരോധചട്ടയാക്കി കലോത്സവം മാറ്റിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിലെ ഉള്ളടക്കംതന്നെയാണ് ഇതെന്ന് തൃശൂര്‍ കലോത്സവം തെളിയിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷന് ശക്തിപകര്‍ന്ന് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച കലോത്സവം പുതുമയായിരുന്നു. പ്ളാസ്റ്റിക് സഞ്ചിയുമായി വേദികളില്‍ കടക്കാന്‍ ജനം മടിച്ചു. ആരെങ്കിലും അറിയാതെ എത്തിയാല്‍ അവര്‍ക്ക് തുണിസഞ്ചി നല്‍കി പ്ളാസ്റ്റിക് ഉപേക്ഷിക്കാന്‍ ഉപദേശിച്ചു. വേദികള്‍ക്ക് മരങ്ങളുടെയും ചെടികളുടെയും പേരാണ് നല്‍കിയത്. കലോത്സവത്തിന്റെ സ്മരണയ്ക്കായി 24 വേദിയിലും മരങ്ങള്‍ നട്ടത് കലോത്സവചരിത്രത്തില്‍ ആദ്യം.
അഞ്ചു രാപ്പകലുകളില്‍ പൂരപ്പറമ്പില്‍ ഒഴുകിയെത്തിയ ജനസഹസ്രം കേരളത്തിന്റെ മതനിരപേക്ഷമനസ്സിനെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തി. ജനകീയ മഹോത്സവമായി സ്കൂള്‍ കലോത്സവം മാറി. അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. പൊലീസ് ഉദ്യോഗസ്ഥര്‍മുതല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍വരെ നാടിന്റെ നാനാഭാഗത്തുനിന്ന് എത്തിയവരെ അതീവ ജാഗ്രതയോടെയാണ് സഹായിച്ചത്. മന്ത്രിമാരായ സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍ എന്നിവര്‍ ആതിഥേയരായി നേതൃത്വം നല്‍കി.  

പുതിയ തലമുറകളുടെ അഭിരുചികളിലെ ഗുണകരമായ മാറ്റത്തിനും കലോത്സവം സാക്ഷിയായി. കുട്ടികളുടെ നാടകമാണ് ഏറെ ശ്രദ്ധേയമായത്. മനുഷ്യജീവിതവും വിദ്യാഭ്യാസപരിഷ്കാരങ്ങളും വര്‍ഗീയതയുമൊക്കെ ചര്‍ച്ചയായി. ജനപ്രിയ ഇനങ്ങള്‍ക്കൊപ്പം നാടിന്റെ തനതുകലകള്‍ക്കും പ്രത്യേകശ്രദ്ധ ലഭിച്ചു. ജിഎസ്ടി, നോട്ട് നിരോധനം, വര്‍ഗീയത, കലാപങ്ങള്‍, മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം എന്നിവയൊക്കെ വിവിധ കലകളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടു. പുതുതലമുറ ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് അപ്പുറമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു കുട്ടിയുടെയും പ്രകടനം.

വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്കാണ് ഓരോ വേദിയും സാക്ഷിയായത്. മികച്ചത് ഏതെന്ന് തെരഞ്ഞെടുക്കല്‍ ദുഷ്കരമായി. ജഡ്ജിമാരെ സ്വാധീനിക്കല്‍ അടക്കമുള്ള അനാശാസ്യപ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടായി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഒഴിവാക്കിയുള്ള മാന്വല്‍ പരിഷ്കരണംഅതിന് തടയിട്ടു. മികവാര്‍ന്ന പ്രകടനം നടത്തിയ എല്ലാവര്‍ക്കുംഗ്രേഡ് നല്‍കി. അതോടെ കുട്ടികളുടെ സമ്മര്‍ദത്തിന് ഒരുപരിധിവരെ പരിഹാരമായി.

ഇത്തവണ അപ്പീലുകളുടെ എണ്ണം കുറവായിരുന്നുവെങ്കിലും ജില്ലാതല വിജയികളായി എത്തിയ 9000 കുട്ടികള്‍ക്കുപകരം മത്സരാര്‍ഥികളുടെ എണ്ണം പതിമൂവായിരമായി. ഇത് പരിപാടിയുടെ നടത്തിപ്പിനെ പലപ്പോഴും ബാധിച്ചു. സംഘാടകര്‍മാത്രമല്ല, കുട്ടികളും ബുദ്ധിമുട്ടിലായി. മണിക്കൂറുകളോളം വേഷവിതാനങ്ങളോടെ വേദിക്കരികില്‍ ഊഴവും കാത്തിരിക്കേണ്ടിവന്നു. നിരവധി കുട്ടികള്‍ തലകറങ്ങി വീണു. വിദ്യാഭ്യാസവകുപ്പില്‍നിന്നുള്ള അപ്പീലിനുപുറമെ കോടതികള്‍വഴിയും ലോകായുക്ത, ബാലാവകാശ കമീഷന്‍വഴിയും അപ്പീലുകളെത്തി. നേരിയ ശതമാനം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് അപ്പീല്‍വഴി ഗുണമുണ്ടായത് എന്നത്, അര്‍ഹതയുള്ളവരല്ല പലപ്പോഴും അപ്പീല്‍ നേടി വരുന്നതെന്ന് വെളിവാക്കി. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പറയാനുള്ളത് കോടതിയെ അറിയിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവം സ്വാഗതാര്‍ഹമാണ്. എല്ലാം ഭംഗിയായി നടന്നപ്പോള്‍ എത്തിയ വ്യാജ  അപ്പീലുകള്‍ മുന്‍കാലജീര്‍ണതയുടെ നിഴലുകള്‍ കലോത്സവത്തിലുണ്ടെന്ന് ഓര്‍മിപ്പിച്ചു. ബാലാവകാശ കമീഷന്റേതെന്ന വ്യാജേനയാണ് അപ്പീലുകള്‍ വന്നത്്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായി തട്ടിപ്പുകാരെ ഉടന്‍ പിടികൂടാനായി. 

വേദികളില്‍നിന്ന് അനാരോഗ്യകരമായ മത്സരം ഒഴിവാകുകയും കഴിവുള്ളവര്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാകും ഇനി സ്കൂള്‍ കലോത്സവം. അതിനുള്ള വ്യക്തമായ ദിശ വിദ്യാഭ്യാസമന്ത്രി  ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളുടെ സര്‍ഗാത്മകമായ കഴിവ്  കലോത്സവത്തിനുശേഷവും പാഴാകില്ല. ശാസ്ത്ര- കായിക- കല മേളകളിലെ പ്രതിഭകളെ ഉള്‍പ്പെടുത്തി ഏപ്രിലില്‍ മഹാസംഗമം നടത്തും. ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അന്താരാഷ്ട്ര കായികതാരങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരിക്കും സംഗമം. സ്കൂള്‍ കലാപ്രതിഭകള്‍ക്ക് അതത് മേഖലയിലുള്ള തുടര്‍പഠനത്തിന് സര്‍ക്കാര്‍ സഹായം നല്‍കും. ഫെലോഷിപ്പുകളടക്കം ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ അക്കാദമികളുടെ സഹായവും ഉറപ്പുവരുത്തും. 

കലോത്സവം ഗ്രേസ് മാര്‍ക്ക് നേടാനുള്ള ഉപാധിമാത്രമായിരിക്കില്ല ഇനിമുതല്‍. കല- കായിക- ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുള്ള മൂശയായി സ്കൂള്‍മേളകള്‍ മാറും. 58-ാമത് സ്കൂള്‍ കലോത്സവം കേരളജനതയ്ക്ക് നല്‍കുന്ന സന്ദേശം ഇതാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top