Deshabhimani

സംസ്ഥാന സ്‌കൂൾ കായികമേള നടത്തിപ്പിലെ സർക്കാർ അനാസ്ഥ കായികതാരങ്ങൾക്ക് ഡിവൈഎഫ്‌ഐ 
പ്രതീകാത്മക സ്വീകരണം നൽകി പ്രതിഷേധിച്ചു

തൃശൂരിൽ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അക്വാറ്റിക് കോംപ്ലക്സിലെ ഗാലറിയുടെ മേൽക്കൂര തകർന്നുവീണ് കായികതാരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതീകാത്മക സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ കണ്ണൂരിൽ നടത്തിയ പ്രകടനം
വെബ് ഡെസ്ക്

Published on Oct 08, 2026, 11:27 AM | 1 min read

കണ്ണൂർ തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേള ഏകോപനത്തോടെ സംഘടിപ്പിക്കാതെ ഗുരുതര വീഴ്ചകാട്ടിയ യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കായികമേളയിൽ മത്സരിച്ച താരങ്ങൾക്ക് ഡിവൈഎഫ്ഐ പ്രതീകാത്മക സ്വീകരണം നൽകി. സ്‌കൂൾ കായിക മേളയിൽ ജീവൻ പണയംവച്ച് മത്സരിച്ച കായികതാരങ്ങൾക്ക് ഉണ്ടായ പ്രയാസത്തിലും മത്സരവേദിയുടെ മേൽക്കൂര തകർന്നതിലും അടിസ്ഥാന സൗകര്യങ്ങൾ കൃത്യതയോടെ ഒരുക്കാത്തതിലും യുവജനരോഷം ആളിപ്പടർന്നു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതികാത്മക സ്വീകരണത്തിന്റെ ഭാഗമായി കണ്ണൂർ യൂത്ത് സെന്ററിൽനിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്‌റ്റാൻഡിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക മികവാൽ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കായിക മേളകൾ നേരത്തെ എൽഡിഎഫ് സർക്കാർ നടത്തി പ്രശംസ നേടിയിരുന്നുവെന്ന് എം വിജിൻ പറഞ്ഞു. കായികമേള നടത്തിപ്പിലുണ്ടായ ഗുരുതരവീഴ്ചയുടെ ഉത്തരാവാദിത്വം വിദ്യാദ്യാസ മന്ത്രി എൻ ഷംസുദ്ദീനും മന്ത്രി ഒ ജെ ജെനീഷിനുമാണ്. കായികതാരങ്ങളെ ഇത്തരത്തിൽ അപമാനിച്ച യുഡിഎഫ് ഭരണത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും എം വിജിൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ അനുശ്രീ അധ്യക്ഷയായി. ജില്ലാ ട്രഷറർ മുഹമ്മദ്‌ സിറാജ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം അഖിൽ, എ പി അൻവീർ, പി പി സിദിൻ, ഷിബിൻ കാനായി, അഖിൽ പി ബാബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home