തങ്കമാന പിള്ളേർസ് ...

തലശേരി ചുട്ടുപൊള്ളുന്ന വെയിലൊന്നും അവർ അറിഞ്ഞില്ല. ചുറ്റിൽനിന്ന് ലഭിക്കുന്ന കൈയടികളുടെ ആവേശത്തിൽ അവർ മത്സരങ്ങളിൽ പങ്കാളികളായി. ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി ജില്ലയിൽ ആദ്യമായി നടന്ന ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങൾ വിദ്യാർഥികൾക്കും കാഴ്ചക്കാർക്കും വേറിട്ട അനുഭവമായി. തലശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾ തലശേരി എഎസ്‌പി ഡോ. എം നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ഡിസിപി എം സി ഹാഷിം പതാകയുയർത്തി. ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് മെഡൽ ജേതാവ് വി കെ സുധി, ഡയറ്റ് പ്രിൻസിപ്പൽ എസ് കെ ജയദേവൻ, സി എം നിധിൻ, സിദ്ദീഖ് കൂടത്തിൽ, വി ഷബീർ, ടി വി ഷാജി എന്നിവർ സംസാരിച്ചു. ഡിപിഒ സി വി എ ജലീൽ സ്വാഗതവും അനിത വടവതി നന്ദിയും പറഞ്ഞു. കണ്ണൂർ നോർത്ത് ബിആർസിയിലെ മുഹമ്മദ് ഇഫ്സാൻ കായികതാരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 14 വയസ്സിന് താഴെ, 14 വയസ്സിന് മുകളില്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നൂറ് മീറ്റർ (ആൺ, പെൺ), മിക്‌സഡ് സ്റ്റാന്‍ഡിങ് ജമ്പ്, മിക്‌സഡ് സ്‌റ്റാന്‍ഡിങ് ത്രോ, 4x100 മീറ്റര്‍ റിലേ എന്നീ മത്സരങ്ങളിൽ 15 ബിആർസികളിൽനിന്നായി 450 കുട്ടികൾ അണിനിരന്നു. കാഴ്‌ചപരിമിതര്‍ക്കുള്ള 100 മീറ്റര്‍ വ്യക്തിഗത ഇനത്തിൽ കണ്ണ് മൂടിക്കെട്ടി ഗൈഡ് റണ്ണറുടെ സഹായത്തോടെ കുട്ടികള്‍ മത്സരിച്ചു.









0 comments