മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ശ്രീകണ്ഠപുരം
വൻതോതിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിന്റെ പ്രധാനിയെ എംഡിഎംഎ സഹിതം അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പുമുറിയില്‍ ഷബീറിനെ (43)യാണ് തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസിന് കീഴിലെ ഡാന്‍സാഫ് സംഘം വീട് വളഞ്ഞ് അറ്സ്റ്റ് ചെയ്തത്. വീടിന്റെ സോഫയില്‍ ഒളിപ്പിച്ചുവെച്ച 30 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. സമാന കേസിൽ കഴിഞ്ഞ നവംബര്‍ 28ന് ഷബീറിനെ പിടികൂടിയിരുന്നു. അന്ന് വീടിന്റെ മതില്‍ ചാടിക്കടന്ന് ഷബീറിനെ പിടികൂടി. എന്നാൽ, പൊലീസുകാരെ തള്ളിമാറ്റി മതില്‍ ചാടി രക്ഷപ്പെട്ടു. ഏറെ സമയത്തെ തിരച്ചിലിനുശേഷം കുറ്റിക്കാട്ടില്‍നിന്നാണ് അന്ന് പിടികൂടിയത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം എറണാകുളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റടക്കമുള്ള ആധുനിക സൗകര്യങ്ങളുള്ള വീട്ടില്‍ നായ്ക്കളെയും വളർത്തിയിരുന്നു. കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയ മയക്കുമരുന്ന് കേസ് പ്രതി സജു തോമസില്‍നിന്നാണ് എറണാകുളം കേന്ദ്രീകരിച്ച് ഇയാള്‍ ഇടപാട് നടത്തുന്നവിവരം ലഭിച്ചത്. ഷബീറിന്റെ ഏജന്റായ ഇയാള്‍ പലപ്പോഴും ഈ വീട്ടില്‍ എത്താറുള്ളതിനാൽ വീടിന്റെ ഗേറ്റിന്റെ റിമോട്ട് സജുതോമസിന്റെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ഗേറ്റ് തുറന്നത്. വീടിന്റെ വാതിലിന്റെ നമ്പര്‍ലോക്കും സജുവിന് അറിയാമായിരുന്നു. ഇൗ പാസ്വേഡ് നൽകിയാണ് വാതില്‍ തുറന്ന് പൊലീസ് അകത്തുകയറിയത്. എസ് ഐ പ്രകാശൻ, എഎസ്ഐമാരായ അഷ്‌റഫ്, ഗിരീഷ്, സീനിയര്‍ സിപിഒ ദേവന്‍ ബാബു എന്നിവരും ഷബീറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.









0 comments