ad
Deshabhimani

ചെങ്കൽക്കുന്നുകളുടെ നാട്

ഇനി അന്താരാഷ്ട്ര ചികിത്സാ ഭൂപടത്തിൽ

അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിൽ 
സൂക്ഷിച്ച താളിയോലകൾ
avatar
നിഖിൽ മണ്ണേരി

Published on Feb 27, 2026, 03:00 AM | 1 min read

കല്യാട്

​കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ഗുണമേന്മയേറിയ ചെങ്കല്ലുകളുടെ നാടായി മാറിയ കല്യാട് ഇനി അന്താരാഷ്ട്ര ചികിത്സാ ഭൂപടത്തിലും ഇടംപിടിക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതോടെ നിരവധി സാധ്യതകളാണ്‌ ഈ പ്രദേശത്തെ തേടിയെത്തുക. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം 20 കിലോമീറ്ററാണ്‌ ദൂരം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പദ്ധതിക്ക് കല്ലിട്ടത്‌. കല്യാട് പ്രദേശത്ത് ആയിരക്കണക്കിന് ഏക്കർ ഗ്രീൻ ലാൻഡുണ്ട്‌ (ഭൂപരിഷ്കരണ നിയമം വന്നപ്പോൾ ജന്മിക്ക് കൈവശംവയ്‌ക്കുന്നതിന്‌ അനുവാദമുള്ള ഭൂമിയുടെ ബാക്കി സർക്കാർ ഏറ്റെടുത്തത്‌). ഈ ഭൂമിയിൽ കുറേഭാഗം ഭൂരഹിതർക്ക് പതിച്ചുനൽകി. ചെങ്കൽ ഖനനസാധ്യതയേറിയപ്പോൾ മിച്ചഭൂമി ലഭിച്ചവരും മറ്റു ഉടമസ്ഥരും സ്ഥലം വിട്ടുനൽകി. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പ്രദേശത്ത് ഇതുമൂലം ഉണ്ടായത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചെങ്കൽ ടൈൽ നിർമാണവും പ്രദേശത്ത് നടക്കുന്നു. ആയുർവേദ ഗവേഷണകേന്ദ്രം പ്രവർത്തനക്ഷമമാകുന്നതോടെ വൻ തൊഴിൽസാധ്യത സൃഷ്ടിക്കപ്പെടുകയാണ്. കല്യാട് 300 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് 200 കോടി രൂപ ചെലവിലാണ്‌ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്‌സറിയും താളിയോല പഠനകേന്ദ്രവുമാണ് ഇതിലുള്ളത്‌. നാല്‍പ്പതിലധികം ദേശീയ അന്തര്‍ദേശീയ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണ സ്ഥാപനങ്ങള്‍ കേന്ദ്രവുമായി സഹകരിക്കുന്നതിന് താല്‍പര്യം അറിയിച്ചു. ആയുര്‍വേദിക് ബയോളജി ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ആയുര്‍വേദ, മെഡിസിനല്‍ പ്ലാന്റ്‌സ് ആന്‍ഡ് നാച്ചുറല്‍ പ്രൊഡക്ട്‌സ്, ട്രാന്‍സ്ലേഷണല്‍ ഡ്രഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ എപ്പിഡെമിയോളജി, ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് റിസര്‍ച്ച്, ഹെല്‍ത്ത് ഹെറിറ്റേജ്, മ്യൂസിയം ആന്‍ഡ് മാനുസ്‌ക്രിപ്റ്റ്‌സ്, ഐസിടി സര്‍വീസസ് എന്നീ വകുപ്പുകള്‍ ഐആര്‍ഐഎയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സഹായമില്ലാതെയാണ് നിർമാണമെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home