ജ്യോതിരാജിന് നാടിന്റെ അന്ത്യാഞ്ജലി

പാനൂർ
പൊയിലൂർ വിളക്കോട്ടൂരിലെ ജ്യോതിരാജിന് നാടിന്റെ അന്ത്യാഞ്ജലി. ആർഎസ്എസ് ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ് പതിനേഴ് വർഷമായി ചികിത്സയിലായിരുന്നു. 2008 മാർച്ച് ആറിന് രാത്രി എട്ടരയോടെ വിളക്കോട്ടൂർ എൽപി സ്‌കൂളിന് സമീപത്തുവച്ചായിരുന്നു ആർഎസ്എസ്സുകാർ ജ്യോതിരാജിനെ ആക്രമിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്പോൾ വഴിയിൽ പതിയിരുന്ന അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മരിച്ചെന്നു കരുതി ഉപേക്ഷിച്ചുപോയി. പരിസരവാസികൾ ഉടൻ ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ മാസങ്ങളോളം നീണ്ട ചികിത്സയ്‌ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആക്രമണത്തെതുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ പിന്തുടർന്നു. സംഭവത്തിൽ ആർഎസ്എസ് ഖണ്ഡ്കാര്യവാഹക് വിളക്കോട്ടൂരിലെ കുനിയിൽ രാജീവൻ, ആഘോഷ പ്രമുഖ് പ്രമോദ്, വട്ടപ്പൊയിൽ രാഗേഷ്, ചിരട്ട രമേശൻ എന്നിവർക്ക് നാലുവർഷം തടവും പിഴയും ഹൈക്കോടതി വിധിച്ചു. ആക്രമണ സമയത്ത് ജ്യോതിരാജ് സിപിഐ എം വിളക്കോട്ടൂർ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, പി ഹരീന്ദ്രൻ, ഏരിയാസെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, ലോക്കൽ സെക്രട്ടറി വി എം ചന്ദ്രൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം കിരൺ കരുണാകരൻ, കെ പി മോഹനൻ എംഎൽഎ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയിലടക്കമുള്ള നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.









0 comments