ad
Deshabhimani

പ്രതിഷേധക്കടലായി എസ്‌എഫ്‌ഐയുടെ അവകാശപത്രിക മാർച്ച്‌

എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ച്

എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ അവകാശ പത്രിക മാർച്ച്

വെബ് ഡെസ്ക്

Published on Jul 24, 2026, 02:28 AM | 1 min read

സ്വന്തം ലേഖകൻ

കണ്ണൂർ

അലയടിച്ചെത്തിയ വിദ്യാർഥി പ്രതിഷേധത്തിന്റെ സാഗരഗർജനത്തിൽ നടുങ്ങി കണ്ണൂർ നഗരം. നീറ്റ്‌ പരീക്ഷാ ക്രമക്കേടുൾപ്പെടെയുള്ള നീതികേടിനെതിരെ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച അവകാശപത്രിക മാർച്ച്‌ പതിനായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ജനസാഗരമായി. പ്രതിഷേധിക്കാനുള്ള അവകാശം ഭരണാധികാരികളെ ഓർമപ്പെടുത്തി ഭരണഘടനയും ധീരരക്തസാക്ഷി ഭഗത്‌സിങ്ങിന്റെ ചിത്രവുമുൾപ്പെടെ ജന്തർമന്തീർ സമരത്തിന്‌ പിന്തുണയർപ്പിച്ചുള്ള പ്ലക്കാർഡുകളുമേന്തിയായിരുന്നു വിദ്യാർഥികൾ സമരത്തിനെത്തിയത്‌. മുൻനിര ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിലെത്തിയപ്പോഴും മാർച്ച്‌ തുടങ്ങിയ കാൾടെക്‌സിൽനിന്ന്‌ വിദ്യാർഥികൾ പറുപ്പെട്ട്‌ തീർന്നിരുന്നില്ല. അതിനിടെ പ്രകോപനമൊന്നുമില്ലാതെ പെൺകുട്ടികളും സ്‌കൂൾ വിദ്യാർഥികളുമടക്കമുള്ള മാർച്ചിന്‌ നേരെ ജലപീരങ്കി പ്രയോഗിച്ചതോടെ വിദ്യാർഥികൾ ഒന്നടങ്കം ജലപീരങ്കിക്കെതിരെ തിരിഞ്ഞു. കുതിച്ചെത്തിയ വെള്ളത്തെയും അതീജിവിച്ച്‌ ജലപീരങ്കിയെ കീഴ്‌പ്പെടുത്തി അതിന്‌ മുകളിൽ കയറിയിരുന്ന്‌, പ്രതികരിക്കാനുള്ള അവകാശത്തെ ഓർമിപ്പിച്ച്‌ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്‌ വിദ്യാർഥികൾ മറുപടി നൽകിയപ്പോൾ പൊലീസ്‌ ഉദ്യോഗസ്ഥർക്ക്തന്നെ ഇടപെട്ട്‌ ജലപീരങ്കി പ്രയോഗം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെടേണ്ടിവന്നു. തെരുവുകളാണെന്റെ സർവകലാശാലയെന്ന മാക്‌സിംഗോർക്കിയുടെ വാചകവും ഭരണഘടനയും എസ്‌എഫ്‌ഐയുടെ കൊടിക്കൊപ്പം ജലപീരങ്കിക്ക്‌ മുകളിൽ സ്ഥാപിച്ചായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്‌. നീറ്റ്‌ പരീക്ഷാ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ 101 ആവശ്യങ്ങളുന്നയിച്ച്‌ നടന്ന അവകാശപത്രിക മാർച്ച്‌ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ബിപിൻരാജ്‌ പായം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി പി ആദർശ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്വാതി പ്രദീപ്‌, കെ കെ ഗിരീഷ്, കെ പി അലീഷ, ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എം അശ്വന്ത്‌, കെ എൻ വൈഷ്‌ണവ്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home