ധനരാജ് വധം: വിചാരണ തുടങ്ങി
വസ്‌ത്രങ്ങളും ആയുധങ്ങളും ഒന്നാംസാക്ഷി തിരിച്ചറിഞ്ഞു

തളിപ്പറന്പ്
കുന്നരു കാരന്താട്ടെ സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ ബിജെപി–ആർഎസ്‌എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി. തളിപ്പറന്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്‌ചയാണ് കേസ് പരിഗണിച്ചത്. ഡിവൈഎഫ്‌ഐ നേതാവും സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായ സി വി ധനരാജിനെ 2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം അരുംകൊലചെയ്‌തത്. ബൈക്കിൽ വീട്ടിലേക്ക് പോകുന്പോൾ ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് അമ്മയും ഭാര്യയും മകനും നോക്കിനിൽക്കെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 20 പ്രതികളാണുള്ളത്. തളിപ്പറന്പ് അഡീഷണൽ ജില്ലാ കോടതിയിൽ ജില്ലാ ജഡ്ജ് കെ എൻ പ്രശാന്ത് മുന്പാകെയാണ് വിചാരണ ആരംഭിച്ചത്. പരാതിക്കാരനും ഒന്നാംസാക്ഷിയുമായ പി വി പ്രജീഷിനെയാണ് ആദ്യദിനം വിസ്‌തരിച്ചത്. കുന്നരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പ്രജീഷ് പ്രോസിക്യൂഷന് അനുകൂലമായി ശക്തമായ മൊഴിയാണ് നൽകിയത്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും ധനരാജ് ധരിച്ച വസ്‌ത്രങ്ങളും ഒന്നാംസാക്ഷി തിരിച്ചറിഞ്ഞു. ചൊവ്വാഴ്‌ചയും പ്രജീഷിനെ വിസ്‌തരിക്കും. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുമായ സി കെ ശ്രീധരൻ ഹാജരായി.
നടുക്കുന്ന ഓർമകൾ വിവരിച്ച് പ്രജീഷ്
തളിപ്പറമ്പ്
ഡിവൈഎഫ്‌ഐ നേതാവ് സി വി ധനരാജിനെ ആർഎസ്‌എസ്സുകാർ അരുംകൊലചെയ്‌തതിന്റെ നേർസാക്ഷ്യം കോടതിയിൽ വിവരിച്ച് ഒന്നാം സാക്ഷി പ്രജീഷ്. 2016 ജൂലൈ 11ന് രാത്രി ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ വീടിന് സമീപം ബിജെപി–ആർഎസ്എസ് ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കുന്ന ഓർമ്മകൾ ഒരിക്കൽകൂടി പ്രജീഷ് ഓർത്തു. കഴുത്തിനും വയറിനും ശരീരത്തിന്റെ പലഭാഗത്തും ആഴത്തിലുള്ള മുറിവുകളുമായി പിടയുന്ന ധനരാജിനെ കണ്ടതും അടുത്തേക്ക് പോകുന്പോൾ ആയുധവുമായി അക്രമികൾ തനിക്കുനേരെ വന്നതും പ്രജീഷ് വിവരിച്ചു. വീട്ടുകാരുടെ നിലവിളിയിൽ തളരാതെ സുഹൃത്തുക്കളുമായി ധനരാജിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചതും ജീവൻപോയതറിഞ്ഞ് തളർന്നുപോയതും മുറിവേറ്റ മനസ്സോടെയാണ് പ്രജീഷ് പറഞ്ഞുതീർത്തത്. കേസിലെ ഒന്നാംസാക്ഷിയായ പി വി പ്രജീഷാണ് വിചാരണയുടെ ആദ്യദിനത്തിൽ ഒന്പത് വർഷംമുന്പുള്ള വേദനിക്കുന്ന ദിനം ഓർത്തെടുത്തത്. ബിജെപി– ആർഎസ്എസ് ക്രിമിനൽ സംഘം നടത്തിയ അക്രമവും ആശുപത്രിയിൽ എത്തിച്ച വിവരങ്ങളും പൊലീസിന് നൽകിയ പ്രഥമമൊഴിയും വിചാരണയിൽ പ്രോസിക്യൂഷന് നൽകി. അക്രമികൾ ഉപയോഗിച്ച കത്തി, അരിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും ബൈക്കും തിരിച്ചറിഞ്ഞു. ആർഎസ്എസ്–ബിജെപി പ്രവർത്തകരായ പ്രതികൾ എട്ടിക്കുളം മൊട്ടക്കുന്നിലെ ടി പി ബിജു, എം വിപിൻ, എം വൈശാഖ്, സി സുകേഷ്, സി സുകേഷ്, കെ അനൂപ്, പണ്ഡാരവളപ്പിൽ രാജേഷ്, കെ എം ബിജു എന്ന ആലക്കാട്ട് ബിജു, പി രാജേഷ് കുമാർ, കെ മനൂപ്, സി ഷൈജു, സി ബിജു, പി ധനേഷ്, പി പി രാജീവൻ, കെ മധു, എസ് ആർ അജീഷ്, തന്പാൻ മണിയേരി, പി രമേശൻ, എം, എ വി നിജേഷ്, ലിജിൻ എന്നിവർ കോടതിയിൽ ഹാജരായി. മാസ്‌ക് ധരിച്ച് പൊട്ടുതൊട്ട് വെള്ളവസ്‌ത്രമണിഞ്ഞാണ് 20 പ്രതികളും എത്തിയത്. അന്ന് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പിയായിരുന്ന വി മധുസൂദനനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. വിചാരണ ചൊവ്വാഴ്‌ചയും തുടരും. സിപിഐ എം നേതാക്കളായ ടി ഐ മധുസൂദനൻ എംഎൽഎ, സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ്, തളിപ്പറന്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി സരിൻ ശശി എന്നിവർ ഉൾപ്പെടെ നിരവധിപേരെത്തിയിരുന്നു. കനത്ത പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.









0 comments