ഓണക്കിറ്റ് എവിടെ?


സ്വന്തം ലേഖകൻ
Published on Aug 20, 2026, 02:42 AM | 1 min read
കണ്ണൂർ
അത്തം തുടങ്ങിയിട്ടും ജില്ലയിൽ അന്ത്യയോജന കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് റേഷൻ കടകളിൽ എത്തിയില്ല. ഇക്കുറി 36,646 കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റ് നൽകുമെന്നായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്‌ച വരെ ഇതിൽ 12,990 കിറ്റുകളാണ് റേഷൻ കടകളിൽ എത്തിയത്. 1506 പേർ മാത്രമാണ് ഇതിനകം കിറ്റ് കൈപ്പറ്റിയത്. ആഗസ്ത് പത്തുമുതൽ കിറ്റ് വിതരണം ആരംഭിക്കുമെന്നാണ് ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, എട്ടുനാൾ പിന്നിടുന്പോഴും കിറ്റ് പല റേഷന്‍ കടകളിലും എത്തിയില്ല. വ്യാഴാഴ്‌ചയോടെ മുഴുവൻ കടകളിലും കിറ്റ് എത്തുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. ഓണക്കിറ്റിലേക്കുള്ള സാധനങ്ങളുടെ പായ്‌ക്കിങ് ഉൾപ്പെടെ നേരത്തെ പൂർത്തിയായെങ്കിലും സഞ്ചി എത്താത്തതിനാലാണ് വൈകിയത്. സഞ്ചി എത്തിയപ്പോൾ പായസക്കൂട്ട് ഉൾപ്പെടെയുള്ള ചില സാധനങ്ങൾ സ്‌റ്റോക്കില്ലാത്തതിനാൽ വിതരണം പിന്നെയും വൈകി. തലശേരി, ഇരിട്ടി താലൂക്കുകളിലായി 17,872 പേർക്കാണ് കിറ്റ് നൽകേണ്ടത്. ഇതിൽ ഒന്പതിനായിരം കിറ്റുകളാണ് റേഷൻ കടകളിലെത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 37,003 അന്ത്യയോജന കാർഡുകാർക്കാണ് കിറ്റ് നൽകിയത്. സഞ്ചി ഉൾപ്പെടെ 16 സാധനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റിലുള്ളത്. സ്‌പെഷ്യൽ അരി കൊള്ളില്ല മുൻഗണനാവിഭാഗം കാർഡുകാർക്കുള്ള ഓണം സ്‌പെഷ്യൽ അരിയും പല റേഷൻ കടകളിലും ഇനിയും സ്‌റ്റോക്ക് എത്തിയില്ല. നീല, വെള്ള കാർഡുകാർക്കാണ് 10 കിലോവീതം അരി നൽകാൻ തീരുമാനിച്ചത്. ബിപിഎൽ കാർഡുകാർക്ക് മൂന്നുകിലോ വീതമാണ് സ്‌പെഷ്യൽ. ഉയർന്ന നിലവാരമുള്ള കങ്കനാടി അരിയാണ് ഓണം സ്‌പെഷ്യൽ എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പലയിടത്തും വിതരണം ചെയ്തത് സാധാരണ റേഷൻ അരിയുടെ നിലവാരംപോലുമില്ലാത്തതാണെന്ന് വ്യാപാരികൾ പറയുന്നു. ഇരിട്ടി, പയ്യന്നൂർ താലൂക്കുകളിൽ അന്പത് ശതമാനം റേഷൻ കടകളിൽ മാത്രമാണ് സ്‌പെഷ്യൽ അരി എത്തിയത്. തളിപ്പറന്പിൽ 90 ശതമാനം കടയിൽ അരിയെത്തി. കണ്ണൂരിലും ആവശ്യമായ സ്‌റ്റോക്ക് എത്തിയിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. രണ്ടുദിവസത്തിനകം ആവശ്യമായത്ര അരി എല്ലായിടത്തും എത്തിക്കുമെന്നാണ് അറിയിപ്പ്. നീല, വെള്ള കാർഡുകാർക്ക് ഓണം സ്‌പെഷ്യൽ വിതരണത്തിനായി 177 ലോഡ് അരിയാണ് വേണ്ടത്. ബിപിഎല്ലുകാർക്ക് 60 ലോഡ് അരി വേണ്ടിവരും.










0 comments