വികസനപ്പകിട്ടിൽ പയ്യാവൂർ പഞ്ചായത്ത്

നിഖിൽ മണ്ണേരി
Published on Oct 24, 2025, 03:00 AM | 2 min read
ശ്രീകണ്ഠപുരം നാടിനൊപ്പംനടന്ന് അവരുടെ ഉൾത്തുടിപ്പുകളറിഞ്ഞ്, സ്വപ്‌നങ്ങളൊന്നൊന്നായി സമ്മാനിച്ച അഞ്ചുവർഷം. ഇങ്ങനെ ഭരണചരിത്രത്തിലെ മികവാര്‍ന്ന അഞ്ചുവര്‍ഷക്കാലമാണ് പയ്യാവൂര്‍ പഞ്ചായത്ത് ഭരണസമിതി നാടിന് സമ്മാനിച്ചത്. ലൈഫ് പദ്ധതിയുടെ ലിസ്റ്റിലുള്‍പ്പെട്ട ഭൂമിയുള്ള മുഴുവനാളുകള്‍ക്കും വീട് നല്‍കി. കാട്ടാനശല്യത്താൽ വലഞ്ഞ മലയോരജനതയ്ക്ക് ആശ്വാസമായി ഒരു കോടി രൂപ ചെലവഴിച്ച് കര്‍ണാടക വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കാനായി. സാഗി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ നടപ്പാക്കി. ഹൃദയം ബഡ്‌സ് സ്‌കൂള്‍ സ്ഥാപിച്ചു. സ്വന്തം ഭൂമിക്ക് പട്ടയമില്ലാത്ത കുടുംബങ്ങളെ സഹായിക്കുന്നതിന് നടപ്പാക്കിയ പദ്ധതി സംസ്ഥാനത്തിനുതന്നെ മാതൃകയായി. ‘പയ്യാവൂര്‍ മാംഗല്യ’മെന്നപേരില്‍ ശ്രദ്ധനേടിയ പരിപാടിയിലെ ആദ്യവിവാഹം ഒക്ടോബര്‍ 19ന് പാനൂരില്‍ നടന്നു. ‘വീട്ടുമുറ്റത്ത് ഓട്ടോറിക്ഷയെങ്കിലും’ പദ്ധതിയിലൂടെ എല്ലാവര്‍ക്കും യാത്രാസൗകര്യം ലക്ഷ്യമിട്ടുള്ള പദ്ധതി നടന്നുവരുന്നു. ബസ്‌സ്റ്റാന്‍ഡ് സൗന്ദര്യവല്‍ക്കരണം, ‘അമ്മയുടെ ഫോണ്‍ എന്റെയും’ പദ്ധതി, മതിലേരിത്തട്ട് വനസംരക്ഷണ സമിതി പുനഃസ്ഥാപനം, ആധുനിക സ്റ്റേഡിയം നിര്‍മാണം തുടങ്ങി നിരവധി മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൂര്‍ത്തീകരിച്ചത്. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചു 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ച് ജനങ്ങളെ അഭിമുഖീകരിക്കുകയാണ് പയ്യാവൂര്‍ പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകളുടെയും സഹായത്തോടെ നിരവധി വികസന ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാക്കിയത്. നൂറുദിന കര്‍മപരിപാടി പയ്യാവൂര്‍ പഞ്ചായത്ത് വേഗത്തിലും സുതാര്യതയിലും പദ്ധതികള്‍ നടപ്പാക്കുന്നതിന് ആവിഷ്‌കരിച്ചതാണ് ‘100 ദിന കര്‍മപരിപാടി'. ഇതിൽ 45 പ്രധാന പ്രവര്‍ത്തനങ്ങളുള്‍പ്പെടുത്തി. അതില്‍ 80 ശതമാനത്തോളം കാര്യങ്ങള്‍ ഈ ഘട്ടത്തില്‍തന്നെ പൂര്‍ത്തിയാക്കി. ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം, സ്‌കൂളിന് വാഹനം വാങ്ങല്‍, കക്കാട്ടുകാവില്‍ യോഗാ സെന്റര്‍, വനസംരക്ഷണ സമിതിയുടെ പുന:സ്ഥാപനം, ചിറ്റാരിയില്‍ രണ്ടാംഘട്ട ആനവേലി നിര്‍മാണം, അമ്മ മനസ് പദ്ധതി, സ്ത്രീകള്‍ക്ക് സന്പൂർണ കൗണ്‍സിലിങ്, പാടാംകവലയില്‍നിന്ന് ഒന്നാംപാലത്തേക്ക് ബൈപ്പാസ് റോഡ് നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കിയതില്‍ ചിലതുമാത്രം. സൗരതൂക്കുവേലി പഞ്ചായത്തിന്റെ അഭിമാന പദ്ധതിയാണ് സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്. കാട്ടാന ശല്യം നേരിടുന്ന മലയോര ജനതയ്ക്ക് ആശ്വാസമായി ഒരു കോടി രൂപ ചെലവഴിച്ചാണ് കര്‍ണാടക വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിച്ച് പ്രതിരോധം തീര്‍ക്കാനായത്. ജില്ലാ പഞ്ചായത്ത് 50 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം, പഞ്ചായത്ത് 45 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ഐസിഐസിഐ ബാങ്ക് പൊതുനന്മ ഫണ്ടില്‍നിന്ന് പാടാംകവല ഫോറസ്റ്റ് സ്റ്റേഷന് വാഹനവും ലഭ്യമാക്കി. ഹൃദയം ബഡ്‌സ് സ്‌കൂള്‍ 2023ല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹൃദയം ബഡ്‌സ് സ്‌കൂളില്‍ 42 കുട്ടികളും രണ്ട് ടീച്ചര്‍മാരും രണ്ട് ആയമാരും ഒരു ഫിസിയോതെറാപ്പിസ്റ്റും ഉള്‍പ്പെടുന്ന മാതൃകാ സ്ഥാപനമായി മാറി. പാഴുക്കുന്നേല്‍ ലൂക്കോസ് ഇരൂഡ് നല്‍കിയ 20 സെന്റ് സ്ഥലത്ത് ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ 30 ലക്ഷം ഉപയോഗിച്ച് സ്വന്തമായി കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. പയ്യാവൂര്‍ ഗ്രാനൈറ്റ് കാര്‍ഡ്ബറീസ് കമ്പനി, പയ്യാവൂര്‍ പ്രവാസി സംഘം എന്നിവരുടെയും സഹകരണത്തോടെ സ്‌കൂള്‍ മാതൃകാ സ്ഥാപനമായി മാറി. കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ കെഎസ്എഫ്ഇ 23,80,000 രൂപ ചെലവഴിച്ച് വാഹനം നല്‍കി. പയ്യാവൂര്‍ പട്ടയമേള സ്വന്തം ഭൂമിക്ക് പട്ടയമില്ലാത്ത കുടുംബങ്ങളെ സഹായിക്കുന്നതിന് നടപ്പാക്കിയ പദ്ധതി പഞ്ചായത്തിലെ 400 കുടുംബങ്ങള്‍ക്ക് ആശ്വാസമായി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.










0 comments