പുരസ്കാര നിറവിൽ താവം ആയുർവേദ ആശുപത്രി

കല്യാശേരി
ചെറുകുന്ന് താവം ആയുർവേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ്പ പുരസ്കാരം. ആയുർവേദ ആശുപത്രികളുടെ വിഭാഗത്തിൽ ഉപജില്ലാതലത്തിൽ 95.5 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനമാണ് നേടിയത്. മൂന്ന് ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് സർക്കാർ പുരസ്‌കാരം ഏർപ്പെടുത്തിയത്. ചെറുകുന്ന് പഞ്ചായത്തിന്റെ കീഴിൽ താവത്ത് പ്രവർത്തിക്കുന്ന ആശുപത്രിയിലെ വികസന പ്രവർത്തനങ്ങളും പുരസ്കാര നേട്ടത്തിന് വഴിയൊരുക്കി. നാല് ഡോക്ടർ ഉൾപ്പെടെ 14 ജീവനക്കാരുണ്ട്. കൂട്ടായ്മയും പ്രവർത്തന മികവമൊണ് ആശുപത്രിയുടെ മുഖമുദ്ര. വികസന പദ്ധതികളുടെ ഭാഗമായി പഞ്ചായത്തും ആയുർവേദ വകുപ്പും ഫലപ്രദമായി ഇടപെടുന്നു. ടി വി രാജേഷ് എംഎൽഎയായിരിക്കെ നടത്തിയ ഇടപെടലുകളുടെ ഭാഗമായി അപ്ഗ്രഡേഷന്റെ ഭാഗമായി എൻഎഎമ്മിൽനിന്ന് ലഭിച്ച 75 ലക്ഷം രൂപയും നാട്ടുകാർ സമാഹരിച്ചുനൽകിയ 27 ലക്ഷവും ചേർത്താണ് വിപുലമായ സൗകര്യത്തോടെ കെട്ടിടം നിർമിച്ചത്. വിശാലമായ വായനക്കോർണറും ഭിന്നശേഷി സൗഹൃദ വഴികൾ ഉൾപ്പെടെ ഒരുക്കിയാണ് 2020ൽ കെട്ടിടം പൂർത്തിയാക്കിയത് . ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ചെയർമാനും മെഡിക്കൽ ഓഫീസർ ഡോ. സി ജീജ കൺവീനറുമായുള്ള ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‍് .









0 comments