ഓണ്‍ലൈന്‍ തട്ടിപ്പ് : 8പേര്‍ക്ക് പണം നഷ്ടമായി

കണ്ണൂർ ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി എട്ടുപേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. ക്രെഡിറ്റ് കാർഡിന്റെ വെരിഫിക്കേഷനെന്ന് പറഞ്ഞ് മട്ടന്നൂർ സ്വദേശിയെ വിളിച്ച് കാർഡ് വിവരങ്ങൾ കരസ്ഥമാക്കി പണം തട്ടുകയായിരുന്നു. 79,000- രൂപയാണ് നഷ്ടമായത്. ജിഎൻസി ഇന്ത്യ വെബ്സൈറ്റ് വഴി പ്രോട്ടീൻ പൗഡർ ഓർഡർചെയ്ത മുണ്ടയാട് സ്വദേശിയോട് നൽകിയ പണം ലഭിച്ചില്ലെന്നും വീണ്ടും അയയ്‌ക്കണമെന്ന് പറഞ്ഞാണ് 59,610 രൂപ തട്ടിയത്. ഫേസ്ബുക്കിൽ പരസ്യം കണ്ട് കാർ വാങ്ങാനുള്ള അഡ്വാൻസ് തുക നൽകിയ ചക്കരക്കൽ സ്വദേശിക്ക് 23,000- രൂപ നഷ്ടമായി. ഓൺലൈൻ ലോൺ വാഗ്‌ദാനംചെയ്‌ത് ലോൺ ലഭിക്കാനുള്ള വിവിധ നിരക്കുകളെന്ന് പറഞ്ഞ് പാനൂർ സ്വദേശിയിൽനിന്ന് 17,486- രൂപ തട്ടി. ചക്കരക്കൽ സ്വദേശിക്ക് 7,000- രൂപ നഷ്ടമായി. ഫേസ്ബുക്കിൽ സ്ക്രീൻഷോട്ട് ചലഞ്ച് വഴി സമ്മാനം ലഭിച്ച പരാതിക്കാരനിൽനിന്ന് രജിസ്ട്രഷേൻ ആൻഡ് കൊറിയർ ചാർജായി പണംവാങ്ങി കബളിപ്പിക്കുകയായിരുന്നു. വാട്സാപ്പിൽ ബാങ്ക് കെവൈസി അപ്പ്ഡേറ്റ് ചെയ്യാനെന്നുപറഞ്ഞ് ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് വിവരങ്ങൾ നൽകിയ വളപട്ടണം സ്വദേശിനിക്ക് 23,050 രൂപ നഷ്ടമായി. ടെലിഗ്രാം വഴി പരസ്യം കണ്ട് വ്യാപാരത്തിന് പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചശേഷം ചൊക്ലി സ്വദേശിനിക്ക് 18,170 രൂപ നഷ്ടമായി. നിക്ഷേപിച്ച പണമോ വാഗ്ദാനംചെയ്ത ലാഭമോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരസ്യംകണ്ട് ഡക്കറേഷൻ വാങ്ങാൻ പണംനൽകിയ വളപട്ടണം സ്വദേശിക്ക് 10,850 രൂപ നഷ്ടമായി. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിൽ വിളിക്കുകയോ www.cybercrime.gov.inൽ പരാതിപ്പെടുകയോ വേണം.









0 comments