സുരക്ഷാ വീഴ്ച: മധ്യപ്രദേശ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ കുടിവെള്ളത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ വിതരണം ചെയ്യാനായി എത്തിച്ച കുടിവെള്ളം ഗുണനിലവാരമില്ലാത്തതെന്ന് പരിശോധനാഫലം. അതീവ സുരക്ഷാ പ്രാധാന്യമുള്ള പരിപാടിയിൽ വിതരണം ചെയ്ത വെള്ളത്തിന് ആവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ ഇല്ലെന്നാണ് ലാബ് പരിശോധനയിൽ കണ്ടെത്തിയത്.
വിനോദസഞ്ചാര-വികസന പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായത്. ഇൻഡോറിലെ ഭഗീരഥപുരത്ത് അടുത്തിടെ മലിനജലം കുടിച്ച് നിരവധി ആളുകൾക്ക് വിഷബാധയേൽക്കുകയും മരണം സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളം കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന കർശനമാക്കിയത്.
ഈ കർശന പരിശോധനയിലാണ് മുഖ്യമന്ത്രിയുടെ പരിപാടിയിലെ വെള്ളത്തിലും വില്ലൻ അണുക്കളാണെന്ന് കണ്ടെത്തിയത്. ഇൻഡോറിലെ ഭഗീരഥപുരയിലുള്ള വാർഡ് 11-ൽ നർമദ നദിയിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മലിനജലം കലർന്നതാണ് വലിയ ദുരന്തത്തിന് കാരണമായത്. പൈപ്പ് ലൈനിലെ തകരാറുമൂലം പ്രദേശത്തെ കുടിവെള്ളത്തിൽ വിഷാംശം കലരുകയായിരുന്നു.
ഇതേക്കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. തുടർന്ന് കഴിഞ്ഞ വർഷം ഡിസംബർ 28-ഓടെ ഈ വാർഡിലെ 90 ശതമാനത്തോളം ആളുകൾക്കും വയറിളക്കം, ഛർദ്ദി, കടുത്ത നിർജലീകരണം തുടങ്ങിയ അസുഖങ്ങൾ ബാധിച്ചു. തൊട്ടടുത്ത ദിവസം ഡിസംബർ 29-ന് ദുരന്തത്തിലെ ആദ്യ മരണവും റിപ്പോർട്ട് ചെയ്തു.
കുടിവെള്ള പൈപ്പ് ലൈനിന് തൊട്ടുമുകളിലായി, സെപ്റ്റിക് ടാങ്ക് പോലുമില്ലാതെ നിയമവിരുദ്ധമായി നിർമ്മിച്ച ശൗചാലയത്തിൽ നിന്നുള്ള മാലിന്യമാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പൈപ്പിലെ വിള്ളലിലൂടെ ഈ മലിനജലം കുടിവെള്ളത്തിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു.
ഇവിടെനിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളിൽ മാരകമായ രോഗകാരികളായ ബാക്ടീരിയകളുടെയും അണുക്കളുടെയും സാന്നിധ്യം ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം സംസ്ഥാന വ്യാപകമായി ജലസ്രോതസ്സുകളിൽ പരിശോധന ശക്തമാക്കിയിട്ടും, മുഖ്യമന്ത്രി പങ്കെടുത്ത വിഐപി പരിപാടിയിൽ പോലും മലിനമായ വെള്ളം എത്തിയത് മധ്യപ്രദേശിലെ ജലവിതരണ വകുപ്പിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും ഗുരുതരമായ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്.









0 comments