ad
Deshabhimani

ഭൂമിയുടെ ഡിജിറ്റൽ സർവേ നിലയ്‌ക്കും

ഇരുട്ടി വെളുക്കുന്പോഴേക്കും 
ഭൂരേഖ സർവേക്കാർ പുറത്ത്‌

കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ സർവേ ഓഫീസിനു മുന്നിൽ നടന്ന ജീവനക്കാരുടെ പ്രതിഷേധം എൻജിഒ യൂണിയൻ 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 02, 2026, 02:30 AM | 1 min read

കണ്ണൂർ

നാലുമാസത്തെ കൂലിക്കുടിശ്ശിക പോലും നൽകാതെ ഭൂമിയുടെ ഡിജിറ്റൽ സർവേക്കായി നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ രായ്‌ക്കുരാമാനം പുറത്ത്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന നിയമിക്കപ്പെട്ട 328 പേരെയാണ്‌ വെള്ളിയാഴ്‌ച രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ പിരിച്ചുവിട്ടത്‌. 2022 ഫെബ്രുവരിമുതൽ സർവേ ചുമതലയിൽ ഉണ്ടായിരുന്നവരാണ്‌ മുന്നറിയിപ്പില്ലാതെ തൊഴിൽരഹിതരായത്‌. ഇവർക്ക്‌ ഏപ്രിൽമുതൽ നൽകാനുള്ള ശന്പളം സംബന്ധിച്ച്‌ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. പിരിച്ചുവിടപ്പെട്ട താൽക്കാലിക ജീവനക്കാർ കണ്ണീരും വേവലാതിയുമായി ശനിയാഴ്‌ച രാവിലെ കലക്ടറേറ്റിൽ എത്തി. സംസ്ഥാനതലത്തിൽ സർക്കാർ എടുത്ത തീരുമാനമായതിനാൽ മറ്റൊന്നും ചെയ്യാനാവില്ലെന്നും ശന്പളക്കുടിശ്ശിക ലഭിക്കാൻ ഇടപെടാമെന്നുമാണ്‌ കലക്ടർ നൽകിയ ഉറപ്പ്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സ്വപ്‌നപദ്ധതിക്കാണ്‌ കൂട്ടപ്പിരിച്ചുവിടലിലൂടെ മരണമണി മുഴങ്ങിയത്‌. 328 റീസർവേ ഉദ്യോഗസ്ഥരെയാണ്‌ ‘എന്റെ ഭൂമി’ എന്ന പേരിൽ ഡിജിറ്റൽ സർവേ നടത്തുന്നതിനായി ജില്ലയിൽ നിയോഗിച്ചത്‌. ഐടിഐ ഡിപ്ലോമയും ചെയിൻ സർവേ കോഴ്‌സുമായിരുന്നു സർവേയർമാരുടെ യോഗ്യത. ഹെൽപ്പർമാരെ പരീക്ഷ നടത്തി റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചാണ്‌ തെരഞ്ഞെടുത്തത്‌. ഏറ്റവും കുറഞ്ഞ വാഹനങ്ങളും ജീവനക്കാരും നിലനിർത്തി നൂറ്‌ ദിന പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി തുടരാനാണ്‌ ഉത്തരവിലെ നിർദേശം. എന്നാൽ ഇത്തരത്തിൽ തുടരേണ്ടവരെ നിശ്‌ചയിക്കുക ഏത്‌ മാനദണ്ഡപ്രകാരമാണെന്നതിൽ വ്യക്തതയില്ല. സർവേയർമാർക്ക്‌ 27037 രൂപയും ഹെൽപ്പർമാർക്ക്‌ 20230 രൂപയുമാണ്‌ ഏപ്രിൽ മുതൽ ലഭിക്കേണ്ടിയിരുന്ന ശന്പളം. ഇതാണ്‌ കുടിശ്ശികയായത്‌. 179 ദിവസത്തേക്കാണ്‌ ഇവർക്ക്‌ താൽക്കാലിക നിയമനം നൽകിയിരുന്നത്‌. ഇ‍ൗ കാലാവധി പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ഒരു ദിവസത്തെ ഇടവേള നൽകി വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇങ്ങനെ വർഷങ്ങളായി തുടരുന്നവരാണ്‌ പൊടുന്നനെ തൊഴിൽരഹിതരായത്‌. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്‌. ജീവനക്കാർ പ്രതിഷേധിച്ചു ഡിജിറ്റൽ സർവേ നിർത്തിവയ്‌ക്കരുത്, സർവേ- ഭൂരേഖാ വകുപ്പിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ സർവേ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home