കൂത്തുപറമ്പിൽ മൾട്ടി 
സ്‌പെഷ്യാലിറ്റി ആശുപത്രി

കൂത്തുപറമ്പ് താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി 
ആശുപത്രിയുടെ പുതിയ കെട്ടിടം
വെബ് ഡെസ്ക്

Published on Jul 03, 2025, 03:00 AM | 2 min read

കൂത്തുപറമ്പ്

കൂത്തുപറമ്പിൽ തലയെടുപ്പോടെ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കയാണ്‌ താലൂക്ക് ആശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം. കൂത്തുപറമ്പിലും സമീപ പഞ്ചായത്തുകളിലെയും ആതുര ശുശ്രൂഷാ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാനുതകുന്ന വിധത്തിലാണ് ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രി കെട്ടിടം സജ്ജമാക്കിയിട്ടുള്ളത്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ സർക്കാർ മേഖലയിൽ താലൂക്കുതലത്തിൽ നിർമിച്ച ഏറ്റവും വലിയ മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി കെട്ടിടമാണിത്. രണ്ട് ബേസ്മെന്റ് ഉൾപ്പെടെ പന്ത്രണ്ട് നിലകളോടുകൂടിയ കെട്ടിടത്തിൽ രോഗികൾക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 2020ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ കെട്ടിടത്തിന് കല്ലിട്ടത്. 59.23 കോടി ചിലവിൽ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിക്കാണ് നിർമാണച്ചുമതല. 52.30 കോടി രൂപ നബാർഡ് വായ്പയും ബാക്കി സംസ്ഥാന സർക്കാരിന്റെ വിഹിതവുമാണ്. തിരിച്ചടവ് ചുമതല സംസ്ഥാന സർക്കാരിനാണ്. പന്ത്രണ്ട് നിലകളിൽ നിർമിച്ച കെട്ടിടത്തിൽ വൻകിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. മലിന ജല ശുദ്ധീകരണ പ്ലാന്റ്, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇലക്ട്രിക്കൽ റൂം, അത്യാഹിത വിഭാഗം, ഒപി വിഭാഗം, ലാബ്, എമർജൻസി ഓപ്പറേഷൻ തിയേറ്ററോടുകൂടിയ ലേബർ റൂം, ഓഫ്‌താൽ ഒപി, ഓഫ്‌താൽ ഓപ്പറേഷൻ തിയേറ്റർ, സിഎസ് യു, മെഡിസിൻ ഐസിയു, സർജിക്കൽ ഐസിയു, പോസ്റ്റ്‌ ഒപി, പോസ്റ്റ്‌ നാറ്റൽ വാർഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സർജിക്കൽ വാർഡുകൾ, സ്റ്റാഫ് റൂം, ചെയിഞ്ചിങ് റൂം, മോർച്ചറി തുടങ്ങി ഒരു സ്‌പെഷാലിറ്റി ആശുപത്രിക്ക് ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഫാർമസി, ഡയാലിസിസ് യൂണിറ്റ്, ഫിസിയോ തെറാപ്പി സെന്റർ എന്നിവ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്തുതന്നെ തുടരും.നിലവിലുള്ള ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ആളുകളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പുതിയ ബ്ലോക്ക് നിർമിച്ചത്. ഒപി വിഭാഗത്തിൽ മാത്രം ആയിരത്തിയഞ്ഞൂറോളം ആളുകളാണ് ദിവസവും ചികിത്സ തേടുന്നത്. നിലവിലുള്ള കെട്ടിടത്തിൽ പരിമിതികൾക്കിടയിലും മികച്ച സേവനമാണ് ജീവനക്കാർ നൽകുന്നത്. ഡയാലിസിസ് സെന്റർ, ഫിസിയോതെറാപ്പി സെന്റർ എന്നിവയെ ആശ്രയിക്കുന്നവരുടെ എണ്ണവുംകൂടി വരികയാണ്. വിശാലമായ പാർക്കിങ്ങ് സൗകര്യവും ആശുപത്രിയും പരിസരത്തും ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ മിനുക്ക് പണികളാണ് ഇപ്പോൾ നടന്ന വരുന്നത്. ഉപകരണങ്ങളും ഫർണിച്ചറുകളും സ്ഥാപിച്ച് ഉദ്ഘാടനം ഉടൻ നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home