ജില്ലാ കോടതിസമുച്ചയത്തിൽ ഇന്ത്യൻ കോഫി ഹൗസ് തുറന്നു

തലശേരി
ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യൻ കോഫി ഹൗസ് ശാഖ ജില്ലാ സെഷൻസ് ജഡ്‌ജി കെ ടി നിസാർ അഹമ്മദ് ഉദ്‌ഘാടനംചെയ്‌തു. കോഫി വർക്കേഴ്‌സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എൻ ബാലകൃഷ്‌ണൻ അധ്യക്ഷനായി. പ്രത്യേക പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത മിനിമം ഗ്യാരണ്ടിയുളള വിശ്വസ്ത സ്ഥാപനമാണ് കോഫി ഹൗസെന്ന് ജില്ലാ ജഡ്‌ജി പറഞ്ഞു. പ്രാക്ടീസ് ആരംഭിച്ച നാൾ മുതൽ പുറമെനിന്നുള്ള ഭക്ഷണത്തിന് കോഫി ഹൗസുകളെയാണ് ആശ്രയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിൽ എ കെ ജിയുടെ ഫോട്ടോ എൻ ബാലകൃഷ്‌ണൻ അനാഛാദനംചെയ്‌തു. ലോയേഴ്സ് ലോഞ്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ വിശ്വൻ ഉദ്‌ഘാടനംചെയ്‌തു. സൊസൈറ്റി സെക്രട്ടറി വി കെ ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി കെ പി ഹരീന്ദ്രൻ സ്വാഗതവും ജോ. സെക്രട്ടറി കെ ബിന്ദു നന്ദിയുംപറഞ്ഞു. വെജിറ്റേറിയൻ–-നോൺവെജിറ്റേറിയൻ ഭക്ഷണം ഇവിടെനിന്ന് ലഭിക്കും. ഹോം ഡെലിവറി സൗകര്യവും കാറ്ററിങ്ങ് സർവീസുമുണ്ട്.









0 comments