സിപിഐ എം പ്രവർത്തകർക്കുനേരെ വധശ്രമം
5 ബിജെപിക്കാർക്ക് കഠിനതടവും 4 ലക്ഷം പിഴയും ശിക്ഷ

തലശേരി
സിപിഐ എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായ അഞ്ച് ബിജെപിക്കാർക്ക് കഠിനതടവും 4 ലക്ഷ രൂപ പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികളായ മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ ചുണ്ടയിൽ ഹൗസിൽ ഇളഞ്ചേരി പ്രമോദ് (40), പുത്തൻപുരയിൽ പരപ്രത്ത് ഷിജിൻ (36) എന്നിവർക്ക് ആയുധ നിയമ പ്രകാരമടക്കം വിവിധ വകുപ്പുകളിലായി 28 വർഷവും ഏഴ് മാസവും മൂന്ന്, അഞ്ച്, ഏഴ് പ്രതികളായ ചേറപ്പതൈയിൽ എം സുകുമാരൻ (54), വലിയ പറമ്പത്ത് ഹൗസിൽ കെ കെ സുഭീഷ് (39), പാറേമ്മൽ ഹൗസിൽ കെ ലിനീഷ് എന്ന മണി (54) എന്നിവർക്ക് 21 വർഷവും ഏഴ് മാസവുമാണ് ശിക്ഷ. ശിക്ഷ എട്ട് വർഷം കഠിന തടവായി ഒന്നിച്ചനുഭവിക്കണം. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) ജഡ്ജി റൂബി കെ ജോസാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽനിന്ന് പരിക്കേറ്റ സുരേഷ് ബാബുവിന് രണ്ടുലക്ഷവും പുരുഷോത്തമന് 50,000 ഉം രമേശന് 25,000 രൂപയും നൽകണം. കേസിലെ നാലാം പ്രതി വണ്ണാത്തിമൂലയിലെ കുട്ടി കുന്നുമ്മൽ ഹൗസിൽ കെ കെ രതീശനെ (48) നേരത്തെ വിട്ടയച്ചിരുന്നു. ആറാം പ്രതി വണ്ണാത്തിമൂലയിലെ പൊയിൽ ഹൗസിൽ പി പ്രേമൻ (47) ഹാജരാവാത്തതിനാൽ ഇയാളുടെ പേരിലുള്ള കേസ് കോടതി പിന്നീട് പരിഗണിക്കും. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ ചുണ്ടയിൽ ഹൗസിൽ കെ രമേശൻ (56), കുന്നുമ്മൽ ഹൗസിൽ കെ സുരേഷ് ബാബു (51), കപ്പണയിൽ ഹൗസിൽ ടി കെ വിജേഷ് (46), പുള്ളുവന്റവിടെ കാരായി പുരുഷോത്തമൻ (52) എന്നിവരെയാണ് ബിജെപിക്കാർ ആക്രമിച്ചത്. 2016 ഏപ്രിൽ 16 ന് രാത്രി 11.30നായിരുന്നു കേസിനാസ്പദമായ സംഭവം. എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ച സിപിഐ എം പ്രവർത്തകരെ ഏഴംഗസംഘം വാൾ, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ആക്രമണത്തിൽ സുരേഷ് ബാബുവിന്റെ കാൽ അറ്റുതൂങ്ങിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ രൂപേഷ് ഹാജരായി.









0 comments